കണ്ണൂർ: വഴിയരികിൽ നിർത്തിയിടുന്ന ചെറുതും വലുതുമായ വാഹനങ്ങളുടെ ബാറ്ററി ഊരി വിറ്റ് അടിപൊളി വില കൂടിയ ബൈക്കും മറ്റു ജീവിത സൗകര്യങ്ങളുമായി അടിപൊളി ജീവിതം നയിച്ചിരുന്ന മുന്ന് യുവാക്കൾ ഒടുവിൽ പിടിയിലായി കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വഴിയരികിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തുന്ന റാക്കറ്റിലെ മൂന്നു പേരെയാണ് ചൊക്ലി പൊലീസ് രഹസ്യ നീക്കത്തിലുടെ തലശേരി നഗരത്തിൽ നിന്നും പിടികൂടിയത്.

കണ്ണൂർ ,കോഴിക്കോട് ജില്ലകളിൽ നിന്നായി നൂറിലധികം ബാറ്ററികളാണ് വിവിധ ദിവസങ്ങളിലായി മോഷണം പോയത്. പിണറായി, വടകര, നാദാപുരം, ഏറാമല, പെരിങ്ങത്തൂർ, ചോമ്പാല ,പാനൂർ, കുന്നുമ്മക്കര ,എടച്ചേരി എന്നിവിടങ്ങളിൽ നിന്നുമായാണ് മോഷണം നടന്നത്. മോഷണവുമായി ബന്ധപ്പെട്ട് കരിയാട് സാന്ത്വനത്തിലെ യദുകൃഷ്ണൻ (19), കോടിയേരി സീനാ ക്വാർട്ടേസിലെ സവാദ് (22), കടവത്തൂർ കല്ലൻ തൊടി ഹൗസിലെ കെ.അശ്വന്ത് (22) എന്നിവരെയാണ് ചൊക്ലി പൊലീസ് ശനിയാഴ്ച രാത്രി പതിനൊന്നു മണിക്ക് തലശ്ശേരി വച്ച് കസ്റ്റഡിയിലെടുത്തത്.തുടർന്ന് തലശ്ശേരി ജെ.എഫ്.സി.എം.കോടതിയിൽ ഹാജരാക്കി.

പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു .മോഷണസംഘത്തിൽ ആറിലധികം അംഗങ്ങളുണ്ടെന്ന് സൂചനയുണ്ട്.ഒരു ബാറ്ററിക്ക് കടകളിൽ വിറ്റാൽ മൂവായിരം രൂപയോളം ലഭിക്കും. ബാറ്ററി കടകൾ നടത്തുന്നവരെയും ചൊക്ലി പൊലീസ് തെളിവെടുപ്പിനായി വിളിച്ചു വരുത്തി. താഴെ പൂക്കോത്ത് നിർത്തിയിട്ട റാണി പബ്ലിക്ക് സ്‌കൂളിന്റെ ബാറ്ററി മോഷണം പോയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ബസ്, ടിപ്പർ ലോറികൾ, ആപ്പ ഓട്ടോറിക്ഷ തുടങ്ങിയവയിൽ നിന്നുമാണ് കൂടുതലും ബാറ്ററികൾ നഷ്ടമായത്.

ചോമ്പാല, പാനൂർ എന്നിവിടങ്ങളിലെ നാല് ബസുകളിൽ നിന്നുമായി ബാറ്ററികൾ നഷ്ടപ്പെട്ടിട്ടുണ്ട്. ചൊക്‌ളി ഇൻസ്പക്ടർ സി.ഷാജു, എസ്‌ഐ. സൂരജ് ഭാസ്‌കർ, എഎസ്ഐ.മാരായ സഹദേവൻ, സുധീർ, അനിൽ, രാംമോഹൻ, എസ്.സി.പി.ഒ. ബൈജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.