- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇക്കുറി താമര വിരിയുമെന്ന് ഉറപ്പിച്ച് വികസനത്തിനും മാറ്റത്തിനും വോട്ട് തേടി ഒ രാജഗോപാൽ; എല്ലാം ജനങ്ങൾക്കറിയാമെന്ന ആത്മവിശ്വാസത്തിൽ മണ്ഡലത്തിൽ ഹാട്രിക്ക് വിജയത്തിന് കളംനിറഞ്ഞ് ശിവൻകുട്ടി; ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി സുരേന്ദ്രൻ പിള്ള; ത്രികോണ പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ സ്ഥാനാർത്ഥികൾക്കൊപ്പം സഞ്ചരിച്ച മറുനാടൻ പ്രതിനിധി കണ്ട കാഴ്ച്ചകൾ
കേരളം ഏറ്റവും ശ്രദ്ധയോടെ വീക്ഷിച്ച മണ്ഡലമായിരുന്നു 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം. ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന ചർച്ചയെ സജീവമാക്കിയത് അന്ന് നേമം മാത്രമായിരുന്നു. എന്നാൽ അന്തിമ ഫലം സിപിഎമ്മിന് അനുകൂലമായിരുന്നു. എങ്കിലും ത്രികോണ ചൂട് നേമത്ത് അന്ന് ദൃശ്യമായിരുന്നു. ഇത്തവണയും ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷവെയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നേമം നിയോജകമണ്ഡലം. കഴിഞ്ഞ തെരഞ്ഞടുപ്പുകളിലെ കണക്കുകൾ പരിശോധിച്ചാൽ ബിജെപിയുടെ പ്രതീക്ഷ ന്യായവുമാണ്. 2014ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 18500ൽപരം വോട്ടിന്റെ ലീഡാണ് മണ്ഡലത്തിൽ നിന്നും ഒ.രാജഗോപാൽ നേടിയത്. കഴിഞ്ഞ വർഷം നടന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ ഭാഗമായ 9 വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ ജയിച്ച് കയറുകയും ചെയ്തു. സംഘടനാ ശക്തിയിലും ബിജെപി ഇവിടെ മറ്റ് മണ്ഡലങ്ങലെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണെന്നതിന്റെ തെളിവാണ് വോട്ടുകളുടെ ഈ കണക്ക്. എന്നാൽ മണ്ഡലം നിലനിർത്താനായി സിപിഐ(എം) രംഗത്തിറക്കിയിരിക്കുന്നത് വി.ശിവൻകുട്ടിയെ തന്നെയാണ് ശക്തമായ മത്സരത്തിനാണ് നേമത്ത
കേരളം ഏറ്റവും ശ്രദ്ധയോടെ വീക്ഷിച്ച മണ്ഡലമായിരുന്നു 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം. ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന ചർച്ചയെ സജീവമാക്കിയത് അന്ന് നേമം മാത്രമായിരുന്നു. എന്നാൽ അന്തിമ ഫലം സിപിഎമ്മിന് അനുകൂലമായിരുന്നു. എങ്കിലും ത്രികോണ ചൂട് നേമത്ത് അന്ന് ദൃശ്യമായിരുന്നു. ഇത്തവണയും ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷവെയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നേമം നിയോജകമണ്ഡലം. കഴിഞ്ഞ തെരഞ്ഞടുപ്പുകളിലെ കണക്കുകൾ പരിശോധിച്ചാൽ ബിജെപിയുടെ പ്രതീക്ഷ ന്യായവുമാണ്. 2014ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 18500ൽപരം വോട്ടിന്റെ ലീഡാണ് മണ്ഡലത്തിൽ നിന്നും ഒ.രാജഗോപാൽ നേടിയത്. കഴിഞ്ഞ വർഷം നടന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ ഭാഗമായ 9 വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ ജയിച്ച് കയറുകയും ചെയ്തു.
സംഘടനാ ശക്തിയിലും ബിജെപി ഇവിടെ മറ്റ് മണ്ഡലങ്ങലെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണെന്നതിന്റെ തെളിവാണ് വോട്ടുകളുടെ ഈ കണക്ക്. എന്നാൽ മണ്ഡലം നിലനിർത്താനായി സിപിഐ(എം) രംഗത്തിറക്കിയിരിക്കുന്നത് വി.ശിവൻകുട്ടിയെ തന്നെയാണ് ശക്തമായ മത്സരത്തിനാണ് നേമത്ത് കളമൊരുങ്ങിയിരിക്കുന്നത്. സിപിഐ(എം) ബിജെപി മത്സരമാണ് മണ്ഡലത്തിൽ ഇത്തവണയും നടക്കുകയെന്നാണ് ഭൂരിഭാഗം വോട്ടർമാരും അഭിപ്രായപ്പെടുന്നത്. 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ 6415 വോട്ടുകൾക്കാണ് വി.ശിവൻകുട്ടി രാജഗോപാലിനെ പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയ ചാരുപാറ രവി നേടിയത് 20248 വോട്ടുകൾ മാത്രം. ഇത്തവണയും ജെഡിയുവിനു തന്നെയാണ് യുഡിഎഫിൽ സീറ്റ് നൽകിയിരിക്കുന്നത്. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് വിട്ട് ജെഡിയുവിൽ ചേർന്ന വി.സുരേന്ദ്രൻപിള്ളയാണ് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി.
മണ്ഡലത്തിലെ വികസനമില്ലായ്മയ്ക്ക് ശിവൻകുട്ടി മറുപടി പറയേണ്ടി വരുമെന്നും ബിജെപി പ്രതിനിധാനം ചെയ്യുന്ന വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് കൂടിയുള്ള തിരിച്ചടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നാണ് യുഡിഎഫ് പ്രതീക്ഷ.മണ്ഡലത്തിലെ വികസനമില്ലായ്മയും എൽഡിഎഫിന്റെ അഹങ്കാരവും ജനങ്ങൾ തിരസ്‌കരിക്കുമെന്നുമാണ് യുഡിഎഫ് സ്ഥാനാർത്ഥി കണക്കു കൂട്ടുന്നത്. പ്രചരണ രംഗത്തുനിന്നും തങ്ങളുടെ പ്രതീക്ഷകളെകുറിച്ച് സ്ഥാനാർത്ഥികൾ മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു.
ഹാട്രിക് മോഹവുമായി വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞ് സിറ്റിങ് എംഎൽഎ
പത്രിക സമർപ്പിക്കുന്ന ദിവസമായതിനാൽ രാവിലെ മുതൽ തന്നെ ശിവൻകുട്ടിക്ക് ആശംസകളർപ്പിക്കാനും പിന്തുണ അറിയിക്കാനുമായി നൂറുകണക്കിനു നാട്ടുകാരും പ്രവർത്തകരുമാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയത്. എല്ലാവരോടും കുശലാന്വേഷണം നടത്തിയും വിശേഷങ്ങൾ തിരക്കിയും നല്ല ആതിഥേയനായി ഏവരേയും സ്വാഗതം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിൽ തന്റെ തെരഞ്ഞടെുപ്പ് വിശേഷങ്ങൾ അദ്ദേഹം മറുനാടൻ മലയാളിയോട് പങ്കുവച്ചു.
കടുത്ത മത്സരമാണ് നേരിടുന്നതെങ്കിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് ശിവൻകുട്ടി. ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ കൂടും എന്ന ആത്മവിശ്വാസത്തിലാണ് താനെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.മണ്ഡലത്തിൽ താൻ നടത്തിവരുന്ന വികസന പ്രവർത്തനങ്ങളും പൊതുപ്രവർത്തനവും നേമത്തെ ജനങ്ങൾക്ക് നന്നായി അറിയാം. അതിനോടൊപ്പം തന്നെ മണ്ഡലത്തിലെ വോട്ടർമാരിൽ ഭൂരിഭാഗംപേരയും തനിക്ക് നേരിട്ടറിയാം പലരേയും പേരെടുത്ത് വിളിക്കാൻ പോന്ന പരിചയമുള്ള തനിക്ക് നേമത്തെ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മണ്ഡലത്തിൻ വികസനമില്ലെന്ന് പറയുന്നവർ ആദ്യം ചെയ്യേണ്ടത് ഒരിക്കലെങ്കിലും മണ്ഡലത്തിലൂടെ യാത്ര ചെയ്യുകയെന്നതാണ്. യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതികരണം തികച്ചും വാസ്തവ വിരുദ്ധമാണ്. മാത്രമല്ല, ഇതിനെ വിവരക്കേട് എന്നുമാത്രമെ വിശേഷിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട ശേഷം രാജഗോപാൽ ഒരിക്കൽ പോലും മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോൾ വോട്ടിനായി മാത്രം രംഗത്തു വന്നിരിക്കുന്നത് പരിഹാസ്യതയോടെയാണ് ജനം നോക്കിക്കാണുന്നത്.
സെക്രട്ടേറിയേറ്റിലും നിയമസഭയ്ക്ക് മുന്നിലും മറ്റും സാധാരണക്കാരായ ബിജെപി പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു പരിക്കുകൾ പറ്റിയപ്പോൾ പോലും അവരെ തിരിഞ്ഞുനോക്കാത്തയാളാണ് രാജഗോപാൽ. ഇതിലെ വിഷമം പല ബിജെപി പ്രവർത്തകരും തന്നോട് നേരിട്ടു പറഞ്ഞതായി അദ്ദേഹം പറഞ്ഞു. താൻ നിയമസഭയിൽ അക്രമം കാണിച്ചുവെന്നത് ദുഷ്പ്രചരണം മാത്രമാണ്. താൻ സഭയ്ക്കുള്ളിൽ സമരം ചെയ്തത് അഴിമതിക്കാർക്കെതിരെയാണ്. അതിൽ ഒരു കുറ്റബോധവുമില്ലാ എന്നു മാത്രമല്ല, അഭിമാനമേയുള്ളൂ. തനിക്കെതിരെ ആരോപണം ഉയർന്നത് സരിതയുടേയോ ബാർ കോഴയുടേയോ പേരിലല്ല. 40 വർഷത്തെ പൊതു പ്രവർത്തനത്തിനിടയിൽ അഴിമതിക്കെതിരെ സമരം ചെയ്തതിന്റെ ചാരിതാർത്ഥ്യം തനിക്കുണ്ട്.
ആറ്റുകാൽ ടൗൺഷിപ്പ് കുടുംബ ശ്രീ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ടുള്ള നിർമ്മാണ യൂണിറ്റുകൾ, നേമത്ത് ഒരു സിവിൽ സ്റ്റേഷൻ തുടങ്ങി അനേകം പദ്ധതികളാണ് ഇനിയും തന്റെ മനസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ കാലുമായി വോട്ടു തേടാൻ എംഎൽഎ നേരിട്ടു വരേണ്ട ആവശ്യമില്ലായിരുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. വർഷങ്ങളായി എന്തിനും ഏതിനും തങ്ങളോടൊപ്പം നിൽക്കുന്ന ശിവൻകുട്ടിയെ ജനങ്ങൾക്കറിയാം എന്നതിന്റെ തെളിവാണ് അത്തരം അഭിപ്രായ പ്രകടനങ്ങൾ. ഇതുതന്നെയാണ് തനിക്കു വിജയ പ്രതീക്ഷ നൽകുന്ന പ്രധാന ഘടകമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം അനുകൂലമെന്ന് ഉറപ്പിച്ച് രാജഗോപാൽ
തൃശ്ശൂരിലെ പാർട്ടി പരിപാടിക്ക് ശേഷം വൈകുന്നേരത്തോടെയാണ് ബിജെപി നേതാവ് ഒ.രാജഗോപാൽ മണ്ഡലത്തിലെത്തിയത്. എന്നാൽ യാത്രാക്ഷീണമൊന്നും 87ാം വയസ്സിലും രാജഗോപാലിന്റെ മുഖത്തില്ലായിരുന്നു. പതിവ് സൗമ്യതയൊടെയാണ് അദ്ദേഹം പ്രവർത്തകർക്കിടയിലേക്കെത്തിയത്. നേമം മണ്ഡലത്തിലെ ആറ്റുകാൽ വാർഡിലെ പുത്തൻകോട്ട മേഖലയിലെ പ്രവർത്തകരൊരുക്കിയ സ്വീകരണമേറ്റുവാങ്ങിയ ശേഷം വോട്ടർമാരെ കണ്ട് വോട്ടഭ്യർഥിച്ചു. ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് അനുകൂല സാഹചര്യം കണക്കിലെടുത്ത് പാർട്ടി നിർദ്ദേശത്തിനു വഴങ്ങുകയായിരുന്നു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറക്കുന്നതിനപ്പുറമായി വലിയ മുന്നേറ്റം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ അധികാരത്തിലുള്ള നരേന്ദ്ര മോദി സർക്കാറിന്റെ ഭരണനേട്ടങ്ങൾ കേരളത്തിൽ ബിജെപിക്ക് ഗുണം ചെയ്യും. കേരളത്തിൽ 60 വർഷമായി മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികൾ കേരളത്തെ വഞ്ചിച്ചുവെന്നും ഇനിയും ജനങ്ങൾ അവരാൽ വഞ്ചിക്കപ്പെടരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിലവിലുള്ള സർക്കാറിനെ താഴെയിറക്കേണ്ടത് അത്യാവശ്യമാണ്. അഴിമതിയിൽ മുങ്ങികുളിച്ച സർക്കാറാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ. കൊട്ടിഘോഷിക്കുന്ന മദ്യ നയത്തിന്റെ പേരിൽ ഇരു മുന്നണികളും ജനങ്ങളെ പരഞ്ഞു പറ്റിക്കുകയാണ്.
യുഡിഎഫ് മദ്യം നിരോധിച്ചിട്ടും. എൽഡിഎഫ് മദ്യ വർജ്ജനം എന്നു പ്രസംഗിച്ചിട്ടും കേരളത്തിൽ മദ്യത്തിന്റെ ഉപയോഗത്തിനു യാതൊരു കുറവും വന്നിട്ടില്ല. മദ്യനയത്തിന്റെ കാര്യത്തിൽ യെച്ചൂരിക്കും വിഎസിനും ഉള്ള അഭിപ്രായമല്ല പിണറായിക്ക്. യുഡിഎഫിലും സ്ഥിതി സമാനമാണ്. ഉമ്മൻ ചാണ്ടിയുടെ അഭിപ്രായമല്ല വി എം സുധീരനുള്ളത്.നിലവിലെ എംഎൽഎ ശിവൻകുട്ടി നിയമസഭയിൽ കാണിച്ചതെന്താണെന്നു ജനങ്ങൾ നേരിട്ടു കണ്ടതാണ്. നേരിട്ടുകണ്ട കാര്യത്തിനു വേറെ തെളിവു വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികൾ പാലിക്കേണ്ട ചില ഉത്തരവാദിത്ത്വങ്ങളുണ്ട്. അത് മറന്ന് പെരുമാറുന്നവർക്ക് ജനം മറുപടി നൽകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്തു പരാജയപ്പെട്ടെങ്കിലും ഇത്തവണ വിജയം കൈവരുമെന്ന പൂർണ വിശ്വാസത്തിലാണ് ഒ.രാജഗോപാൽ.
ഇടത് വഞ്ചനയ്ക്ക് പ്രതികാരം ചെയ്യാൻ സുരേന്ദ്രൻ പിള്ള
എൽഡിഎഫിനെയും ബിജെപിയേയും ഒരുപോലെ കടന്നാക്രമിച്ചുകൊണ്ടാണ് സുരേന്ദ്രൻ പിള്ള വോട്ടർമാരെ സമീപിക്കുന്നത്. വർഗീയതയെ താലോലിക്കുന്ന ബിജെപിയും ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതീകമായ എൽഡിഎഫും നാടിന് ഒരുപോലെ ആപത്താണ്. നേമത്ത് യുഡിഎഫിന് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. ആദ്യഘട്ടത്തിൽ ത്രികോണ മത്സരമെന്ന വിശേഷണം ഉണ്ടായിരുന്നുവെങ്കിലും യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി മറുനാടൻ മലയാളിയോട് പറഞ്ഞത്.
പ്രചരണത്തന്റെ ഓരോ ഘട്ടത്തിലും എൽഡിഎഫ് പിന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഒരു എംഎൽഎ എന്ന നിലയിൽ ശിവൻ കുട്ടിയുടെ പ്രവർത്തനം മണഡലത്തിലെ ജനങ്ങൾക്ക് ഒട്ടും മതിപ്പുണ്ടാക്കുന്ന ഒന്നല്ല. ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണമെന്നാണോ ജനങ്ങൾ ആഗ്രഹിക്കുന്നത് അതിനു വിപരീതമാണ് ശിവൻകുട്ടിയുടെ പ്രവർത്തന ശൈലി. നേമം മണ്ഡലത്തിൽ വികസനത്തിന് മാസ്റ്റർ പ്ലാനില്ല. എംഎൽഎ ഫണ്ട് ഉപയോഗിച്ച് റോഡുകൾ ടാറിടുന്നത് മാത്രമല്ല വികസനം. ദീർഘവീക്ഷണത്തോടെയുള്ള വികസന പ്രവർത്തനങ്ങളാണ് നാടിന് ആവശ്യം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നഗരസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കുണ്ടായ മുന്നേറ്റം ഇത്തവണ ഉണ്ടാകില്ല. നിമയസഭാ തെരഞ്ഞെടുപ്പിനെ ജനങ്ങൾ നോക്കിക്കാണുന്നത് മറ്റൊരു രീതിയിലാണ്. തന്നെ വേണ്ടാത്ത നേമത്തുകാരെ തനിക്കും വേണ്ടായെന്നു പറഞ്ഞ രാജഗോപാൽ ഇപ്പോൾ എന്തിനാണ് ജനങ്ങളെ സമീപിക്കുന്നതെന്ന് അവർക്ക് നന്നായി അറിയാം. ഒരു അക്കൗണ്ട് തുറക്കലിന് അപ്പുറമായി മറ്റു ലക്ഷ്യങ്ങളൊന്നുമില്ലാത്ത അവർക്ക് നാടിന്റെ പുരോഗതിക്കായി ഒന്നും തന്നെ ചെയ്യാൻ കഴിയില്ലെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ ഇടതുപക്ഷത്തിനൊപ്പം നിന്ന തനിക്ക് സീറ്റ് നൽകാതെ ഇന്നലെ വരെ മുന്നണിയെ കുറ്റം പറഞ്ഞ് ചാനൽ ചർച്ചകളിൽ വാചക കസർത്ത് നടത്തിയവർക്ക് സീറ്റ് നൽകിയതിനുള്ള തിരിച്ചടി ഇടതു പക്ഷത്തിന് തീർച്ചയായും ലഭിക്കും. തിരുവനന്തപുരം മണ്ഡലത്തിൽ മാത്രമല്ല, സമീപ മണ്ഡലങ്ങളിലും ഇടതു പക്ഷത്തിനെ ബാധിക്കും. തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോകും. തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് പ്രവർത്തകർക്ക് ആന്റണി രാജുവിന്റെ സ്ഥാനാർത്ഥിത്വം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല.
യുഡിഎഫിലേക്ക് എത്തിയ തന്നെ വലിയ രീതിയിലാണ് പ്രവർത്തകർ സ്വീകരിച്ചത്. മുന്നണി മാറിയ തന്നെ ഇടതുപക്ഷം വേട്ടയാടുമെന്നാണ് കരുതിയതെങ്കിലും വളരെ മാന്യമായി മാത്രമെ ഇതുവരെ പെരുമാറിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.