കണ്ണൂർ: തളാപ്പ് കൊയിലിക്കു സമീപം അഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കത്തിക്കയറുകയാണ്. മണ്ഡലത്തിൽ താൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ നിരത്തിയായിരുന്നു ഷാജിയുടെ വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള പ്രസംഗം. കോൺഗ്രസ്സ്, മുസ്ലിം ലീഗ് നേതാക്കളും പ്രാദേശിക പ്രവർത്തകരും ചുറ്റും കൂടിയിട്ടുണ്ട്. പുഴാതി പഞ്ചായത്തിലെ പതിനാറു കേന്ദ്രങ്ങളിലെ പ്രചാരണത്തിന് തുടക്കമിടുകയാണിവിടെ. മഴ പെയ്തു തോർന്ന പോലെ ഷാജിയുടെ പ്രസംഗം കഴിഞ്ഞ് കൂടി നിന്നവർക്ക് ഹസ്തദാനം, അടുത്ത സ്വീകരണകേന്ദ്രത്തിൽ സമയത്തിനെത്തണം. ഷാജി തന്നെ മുൻകൈയെടുത്ത് പ്രചരണവാഹനം അടുത്ത കേന്ദ്രത്തിലേക്ക്.

അഴീക്കോട് തുറമുഖ വികസനത്തിന് 82 കോടി കൊണ്ടു വന്നതും പുല്ലൂപ്പിക്കടവ് പാലവും ഉയർത്തിക്കാട്ടിയാണ് പിന്നീടുള്ള പ്രചരണ കേന്ദ്രത്തിലെ പ്രസംഗങ്ങളും വോട്ടഭ്യർത്ഥനയും. യു.ഡി.എഫ് കേന്ദ്രമായ പുഴാതി പഞ്ചായത്തിലെ സ്വീകരണ കേന്ദ്രങ്ങളിൽ ജനങ്ങൾ കൂടിക്കൂടി വരികയാണ്. ഒപ്പം യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ വികസന നേട്ടങ്ങളുടെ പട്ടിക നിരത്തിയുള്ള സ്ഥാനാർത്ഥിയുടെ പ്രസംഗവും. ആവേശം കൊണ്ട് അണികൾ കയ്യടിച്ചു പ്രോത്‌സാഹപ്പിക്കുന്നു.

അഴീക്കൽവെള്ളക്കല്ലിൽ നിന്നാണ് സിപിഐ.(എം). സ്ഥാനാർത്ഥിയായ എം വി നികേഷ് കുമാറിന്റെ ഉച്ചതിരിഞ്ഞുള്ള പര്യടനം ആരംഭിച്ചത്. കൊടി തോരണങ്ങളും ചിഹ്നങ്ങളും കൊണ്ട് അലങ്കരിച്ച പ്രചരണ കേന്ദ്രത്തിൽ വൻ ജനക്കൂട്ടം. ഉച്ചവെയിലിന്റെ കാഠിന്യത്തിൽ പൊരുത്തപ്പെട്ട പോലെ സുസ്‌മേരവദനനായാണ് നികേഷ് തിരഞ്ഞെടുപ്പ് പുറപ്പാടിനിറങ്ങിയിട്ടുള്ളത്. ഉച്ച തിരഞ്ഞ് 20 കേന്ദ്രങ്ങളിലാണ് പര്യടനം. അതനുസരിച്ച് സമയക്രമം പാലിച്ചാണ് പ്രസംഗങ്ങൾ. എതിരാളി അവകാശപ്പെടുന്ന വികസന നേട്ടങ്ങളെ പാടെ തള്ളിക്കൊണ്ടുള്ള പ്രചാരണമാണ് നികേഷ് നടത്തിയത്. അഴീക്കൽ തുറമുഖത്തിന്റെ വികസനം വെറും വാക്കാണെന്നും പാപ്പിനിശ്ശേരി റയിൽവേ മേൽപ്പാലത്തിന്റെ ദുരവസ്ഥയാണോ ഇവിടത്തെ വികസനമെന്നും പരിഹസിച്ചാണ് നികേഷിന്റെ തുടക്കം. വികസന കാര്യത്തിൽ നേരിട്ട് പോരാട്ടം നടത്തുന്ന ഇരുവരും മണ്ഡലത്തെ അതിശക്തമായ മത്സരം നടത്തുന്ന കേന്ദ്രമാക്കി മാറ്റിയിരിക്കയാണ്.

റോഡുകളുടെ വികസനവും തുറമുഖത്തിന്റെ വികസനവും സ്‌കൂളുകളുടെ നവീകരണവും മറ്റ് ജനക്ഷേമ പ്രവർത്തനവും അക്കമിട്ട് നിരത്തിയാണ് കെ.എം. ഷാജി നികേഷിനെ പ്രതിരോധിക്കുന്നത്. കഴിഞ്ഞ് അഞ്ചുവർഷക്കാലം വികസനത്തിന്റെ ഗുണഫലമനുഭവിച്ച മണ്ഡലത്തിലെ ജനങ്ങൾ തന്നെ കൈവെടിയില്ല എന്ന പ്രതീക്ഷയാണ് കെ.എം. ഷാജിക്കുള്ളത്. മണ്ഡലത്തിലെ പ്രധാന കവലകളിൽ ഹൈമാക്‌സ് ലൈററുകളും ബസ്സ് വെയ്റ്റിങ് ഷെൽട്ടറുകളും സ്ഥാപിക്കാനുള്ള പ്രവൃത്തിക്ക് എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ തടസ്സം നിന്നതിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്ന് ഷാജി തുറന്നടിക്കുന്നു. യുവത്വത്തിന്റെ ചൂടും ചൂരുമായി കൊണ്ടും കൊടുത്തും പ്രചാരണം മൂർച്ഛിച്ചിരിക്കയാണ് അഴീക്കോട് മണ്ഡലത്തിലെ ഇരു മുന്നണികളും. ആരു ജയിക്കും ആരു തോൽക്കും എന്നു നിർണയിക്കാനാവാത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്. എൻ.ഡി.എ. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ.വി. കേശവൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച വോട്ട് ഇരട്ടിപ്പിക്കാനാണ് മത്സര രംഗത്തിറങ്ങിയത്. 7540 വോട്ടാണ് ബിജെപിക്കു ലഭിച്ചിരുന്നത്.

കോൺഗ്രസ്സ് വിമതനായ പി.കെ.രാഗേഷും ഇവിടെ മത്സരരംഗത്ത് സജീവമായുണ്ട്. രാഗേഷിൽ കണ്ണും നട്ടാണ് ഇരു മുന്നണികളുടേയും പ്രചാരണം. രാഗേഷിന്റെ വോട്ടുകൾ എത്ര ഉയരും അതനുസരിച്ച് വിജയം കൊയ്യാമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. 2011 ൽ കെ.എം. ഷാജി 483 വോട്ട് നേടി അട്ടിമറി വിജയം കൊയ്തതോടെയാണ് ഈ ഇടതുകോട്ടയിൽ യു.ഡി.എഫിന് ആസക്തിയേറിയത്. 1987 ൽ സിപിഐ.(എം). വിട്ട എം. വി.രാഘവനാണ് ആദ്യമായി യു.ഡി.എഫിനു വേണ്ടി ഈ മണ്ഡലം പിടിച്ചെടുത്തത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലം പരിധിയിൽ കെ.സുധാകരൻ 5010വോട്ടിന്റെ ലീഡ് നേടിയിരുന്നു. ഈ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിന്റെ വിജയ പ്രതീക്ഷ.

എന്നാൽ കോൺഗ്രസ്സ് വിമതൻ പി.കെ. രാഗേഷ് ശക്തമായ വെല്ലുവിളിയാണ് മണ്ഡലത്തിലുടനീളം ഉയർത്തിയിട്ടുള്ളത്. രാഗേഷ് എത്ര വോട്ട് പിടിക്കും എന്നതിനെ ആശ്രയിച്ചാണ് ഈ മണ്ഡലത്തിലെ ഇടതു മുന്നണിയുടേയും യു.ഡി.എഫിന്റേയും വിജയം കണക്കാക്കുക.