ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന പ്രവചനവുമായി മൂന്ന് അഭിപ്രായ വോട്ടെടുപ്പു ഫലങ്ങൾ. ഇതോടെ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അങ്കലാപ്പിലായി. തന്ത്രങ്ങൾ പിഴച്ചതാണ് ബിജെപിക്ക് വിനയായത് എന്നാണ് വിലയിരുത്തൽ. കിരൺ ബേദിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരു ചലനവും ഡൽഹിയിൽ ഉണ്ടാക്കാനായില്ലെന്നാണ് സർവ്വേകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് പെട്രോൾ-ഡീസൽ വില കുറച്ച് വോട്ട് കൂട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും സൂചനയുണ്ട്. പക്ഷേ പരസ്യ പ്രചരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ വ്യക്തമായ മുൻതൂക്കം എഎപിക്കുണ്ടെന്നാണ് സർവ്വേകൾ വിലയിരുത്തുന്നത്.

ഇക്കണോമിക് ടൈംസ്- ടിഎൻഎസ് സർവേ പ്രകാരം ആം ആദ്മി പാർട്ടിക്ക് 36-40 സീറ്റുകൾ ലഭിക്കും. ബിജെപിക്ക് 28-32, കോൺഗ്രസ്സിന് 2-4 എന്നിങ്ങനെയാണു സാധ്യത. രണ്ടാഴ്ച മുമ്പ് ഇവർ നടത്തിയ സർവേയിൽ ബിജെപി ആയിരുന്നു മുന്നിൽ. ഹിന്ദുസ്ഥാൻ ടൈംസും സിഫോറും ചേർന്ന് നടത്തിയ സർവേ പ്രവചിക്കുന്നത് ആം ആദ്മി പാർട്ടിക്ക് 36-41 സീറ്റുകളാണ്. ബിജെപി 27 -32, കോൺഗ്രസ് 2-7 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില. ഇന്ത്യാ ടുഡെ സർവേ പ്രകാരം എഎപി 38-46 സീറ്റുകൾ നേടും. ബിജെപി 19-25 സീറ്റ് നേടുമെന്നും ഇവർ പ്രവചിക്കുന്നു. അതേസമയം, എബിപി ന്യൂസ് -നീൽസൺ സർവേ പ്രകാരം എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടാകും. എഎപി - 35, ബിജെപി -29, കോൺഗ്രസ് - 6 എന്നിങ്ങനെയാണു മറ്റുള്ളവർ.

തെരഞ്ഞെടുപ്പിൽ ഏറ്റവുംകൂടുതൽ വോട്ട് വിഹിതം ആം ആദ്മി പാർട്ടിക്കായിരിക്കുമെന്ന് സർവേ ഫലങ്ങളെല്ലാം സൂചിപ്പിക്കുന്നു. അരവിന്ദ് കെജ്രിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നവരുടെ ശതമാനവും വർധിച്ചിട്ടുണ്ട്. ഡിസംബർ അവസാനം നടന്ന സർവേകളിൽ ബിജെപിക്ക് പ്രവചിക്കപ്പെട്ട മുൻതൂക്കം ജനുവരി അവസാനമായതോടെ മാറിമറിഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ സ്വീകാര്യതയും കിരൺബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതും ഡൽഹിയിൽ ഈയിടെ നടന്ന മാനഭംഗവും മുതൽ അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനംവരെ വോട്ടർമാരുടെ തീരുമാനം മാറാൻ കാരണമായതായി സർവേ നടത്തിയ വിവിധ സ്ഥാപനങ്ങൾ പറയുന്നു.

ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ 49 ദിവസത്തെ ഭരണത്തിനുശേഷം പിന്മാറിയത് ഇടത്തരക്കാർക്ക് ആ പാർട്ടിയിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുത്തി. എന്നാൽ, സർക്കാർ സംവിധാനങ്ങൾക്കെതിരെ തുടർച്ചയായി നടത്തിയ സമരത്തിലൂടെ എ.എ.പി. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്തു. ചേരികളിലും പുനരധിവാസകോളനികളിലും പാർട്ടിക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഇതു തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എഎപിക്ക് മുൻതൂക്കം നൽകിയതും. കോൺഗ്രസ് ഏറെ പിന്നിൽ പോയതോടെ ആ വോട്ടുകളും ആം ആദ്മിക്ക് കിട്ടുന്നു.

ഡൽഹിയിൽ ബിജെപിക്ക് അടിതെറ്റുകയാണെന്നു വ്യക്തമായതോടെ 25 കേന്ദ്രമന്ത്രിമാരാണു പ്രചാരണവുമായി രംഗത്തുള്ളത്. ഇതിനു പുറമേയാണു മോദിയെ തന്നെ രംഗത്തിറക്കിയുള്ള ബിജെപിയുടെ പ്രചാരണം. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് രാം ലീലാ മൈതാനിയിൽ മോദി നടത്തിയ പ്രചരണ യോഗത്തിൽ പ്രവർത്തകരുടെ എണ്ണം വളരെ കുറഞ്ഞത് ബിജെപിയെ കുഴപ്പത്തിലാക്കിയിരുന്നു. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം നാളെ അവസാനിക്കും. 70 സീറ്റുള്ള ഡൽഹി നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 36 സീറ്റ് വേണം.