കണ്ണൂർ: വരൾച്ചയുടെ മറവിൽ ആദിവാസികളെ ഉപയോഗിച്ച് വൻതോതിൽ പുഴമണലൂറ്റുന്നു. കണ്ണൂർ ജില്ലയിലെ പശ്ചിമഘട്ട ചെരുവിലെ പുഴയോരങ്ങളിൽ നിന്നാണ് മണൽ മാഫിയ ആദിവാസികളിൽ ഏറ്റവും പിന്നോക്കാവസ്ഥയിൽ കഴിയുന്ന ജനവിഭാഗങ്ങളെ ഉപയോഗിച്ച് മണലൂറ്റിക്കടത്തുന്നത്.

കുടിവെള്ളം ലഭ്യമല്ലെന്ന കാരണം പറഞ്ഞ് ആദിവാസികളെ പണം നൽകി മോഹിപ്പിച്ചാണ് മണൽ കരാറുകാർ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിക്കുന്നത്. കോളനികളിൽ നിന്നും പുഴയോരത്ത് ആദിവാസികളെ കൊണ്ടുവന്ന് മണൽ മാഫിയക്കാർതന്നെ അടിസ്ഥാനസൗകര്യം നൽകിയാണ് പാർപ്പിച്ചിരിക്കുന്നത്. കോളനികളിൽ ജലക്ഷാമം ഉണ്ടെന്ന് ധരിപ്പിച്ചാണ് ആദിവാസികളെ പുഴയോരത്തുകൊണ്ടുവന്ന് താമസിപ്പിച്ചത്.

ബാവലിപ്പുഴയുടേയും ചീങ്കണ്ണിപ്പുഴയുടേയും ഓരങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് മണലൂറ്റൽ വൻതോതിൽ നടന്നു വരുന്നത്. പകൽ നേരങ്ങളിൽ ആദിവാസികൾ വിവിധ കേന്ദ്രങ്ങളിൽ മണൽ ഊറ്റിവക്കും. സന്ധ്യ മയങ്ങുന്നതോടെ മിനിലോറികളുമായി മണൽ മാഫിയാ സംഘങ്ങൾ ഓരോ സ്ഥലത്തിലുമെത്തി നിസ്സാര തുക നൽകി ഊറ്റി വച്ചിരിക്കുന്ന മണൽ മിനി ലോറികളിൽ കടത്തിക്കൊണ്ടുപോകും. തെരഞ്ഞെടുപ്പു കാലമായതിനാൽ രാഷ്ട്രീയ പാർട്ടികളെല്ലാം ഇതിനെതിരെ കണ്ണടച്ചിരിക്കയാണ്. മണലൂറ്റുകാരുടെ നിർബന്ധ പ്രകാരം വീടുകളുപേക്ഷിച്ച് ഓലകൊണ്ടുള്ള കൂരകെട്ടി പുഴയോരത്ത് താമസമാക്കിയിരിക്കയാണ് ഒരു കൂട്ടം ആദിവാസികൾ.

മണലൂറ്റി നൽകാൻ ഓരോ കുടുംബത്തിനും പണവും മദ്യവും മുൻകൂട്ടി നൽകും. താമസം മാറ്റിയതിന്റെ കാരണം ചോദിച്ചാൽ കോളനിയിൽ വെള്ളക്ഷാമമാണെന്ന് പറഞ്ഞ് പഠിപ്പിച്ചതു പോലെ ആദിവാസികൾ പറയും. ജലക്ഷാമം തീരെയില്ലാത്തെ കഴിഞ്ഞ വർഷവും വൻതോതിൽ മണൽ കടത്തിക്കൊണ്ടു പോയതായി നാട്ടുകാർ പറയുന്നു. ബാവലി, കൊട്ടിയൂർ, മന്നഞ്ചേരി എന്നീ മേഖലകളിലെ ആദിവാസികോളനികളിൽ കുളവും കിണറും വറ്റിയിട്ടില്ല. മാത്രമല്ല ശുദ്ധജല സംവിധാനവും നിലവിലുണ്ട്. വരൾച്ചയെന്ന വ്യാജേന ആദിവാസികളെ ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നത് മണൽ മാഫിയാ സംഘങ്ങളാണ്. ഇതിനെതിരെ രാഷ്ട്രീയ പാർട്ടികളൊന്നും പ്രതികരിക്കുന്നില്ല. നല്ല തോതിൽ തിരഞ്ഞെടുപ്പു ഫണ്ട് നൽകി അവരെ പ്രീതിപ്പെടുത്തിയിരിക്കയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ആറളം ഫാമിൽ ഭൂമിയും വീടുമുള്ള ആദിവാസികൾ തന്നെയാണ് മണലൂറ്റിന് എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഒരേക്കർ ഭൂമിയും വീടും ലഭിച്ചവരാണ് മണൽ മാഫിയക്കാർക്ക് വേണ്ടി രംഗത്തിറങ്ങിയിട്ടുള്ളത്. അവർക്ക് ലഭിച്ച ഭൂമിയിൽ കൃഷിയിറക്കുന്നതിനോ മറ്റ് തൊഴിൽ ചെയ്യുന്നതിനോ പ്രേരിപ്പിക്കാൻ പ്രാദേശിക രാഷ്ട്രീയ പാർട്ടികളോ ആദിവാസി സംഘടനകളോ ഇടപെടുന്നില്ലെന്നതാണ് വസ്തുത. ആദിവാസികളെ ഉപയോഗിച്ച് ഇത്തരം കുറ്റകൃത്യങ്ങൾക്ക് കൊണ്ടുപോകുന്ന സംഘങ്ങളെ തടയിടാനും ആരും തയ്യാറല്ല. ആറളം ഫാമിൽ ആദിവാസികളിലെ 3200 പേർക്ക് വീടും ഭൂമിയും നൽകിയിരുന്നു.

എന്നാൽ അതിൽ ആയിരത്തിലേറെ കുടുംബങ്ങൾ അവിടെ താമസിക്കാതെ വിവിധ കോളനികളിൽ കഴിയുകയാണ്. രണ്ടുസ്ഥലങ്ങളിൽ വീടുള്ളവരും നിരവധിയാണ്. അത്തരക്കാരെയാണ് മണൽ മാഫിയകൾ ഉപകരണങ്ങളാക്കുന്നത്. നിർമ്മാണ മേഖലയിലെ കരാറുകാരും മണൽ മാഫിയകളും രാഷ്ട്രീയക്കാരും പണവും മദ്യവും നൽകുന്നതാണ് ആദിവാസികളെ ഇത്തരം കൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. ആദിവാസികളെക്കൊണ്ട് കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ അധികാരികൾ തയ്യാറല്ല.

ആദിവാസി കോളനികളിലെ ജലവിതരണ സംവിധാനം ബോധപൂർവ്വം തകരാറിലാക്കിയും ഇവരെ പുഴയോരത്തുകൊണ്ടുപോയി പാർപ്പിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ നാട്ടുകാർ രംഗത്തുവന്നിരിക്കയാണ്. കൊട്ടിയൂർ, മന്നഞ്ചേരി പ്രദേശങ്ങളിലെ ജനങ്ങൾ ആദിവാസികളെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചുകഴിഞ്ഞു. ആദിവാസികളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങൾ തടയിടാൻ തയ്യാറായിരിക്കയാണ് നാട്ടുകാർ.