കാലിഫോർണിയ: സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയയിൽ കായികസാംസ്‌കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്ന ബേ മലയാളി ബോർഡ് , 20212025 കാലയളവിലേക്കു, രണ്ട് വനിതകൾ അടക്കം കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ചു.

കഴിഞ്ഞ പതിനാലു വർഷമായി സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയയിൽ കായികസാംസ്‌കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്ന ബേ മലയാളിയുടെ എക്സിക്യൂട്ടീവ് ബോർഡ് വിപുലീകരിച്ചു. നിലവിലുള്ള പ്രോഗ്രാമുകൾക്ക് കരുത്ത് പകരുന്നതോടപ്പം ദീർഘകാലാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കേണ്ട പ്രോഗ്രാമുകൾക്ക് ഊർജ്ജം പകരുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് എക്സിക്യൂട്ടീവ് ബോർഡിന്റെ വിപുലീകരണം.

ലെബോൺ മാത്യു (പ്രസിഡന്റ്), ജീൻ ജോർജ് ( സെക്രട്ടറി), സുഭാഷ് സ്‌കറിയ (ട്രഷറർ), ജോൺ കൊടിയൻ(വൈസ് പ്രസിഡന്റ്), റിനു ടിജു ( ജോയിന്റ് സെക്രട്ടറി), നൗഫൽ കപ്പച്ചാലി (ജോയിന്റ് ട്രഷറർ), സജൻ മൂലേപ്ലാക്കൽ (പബ്ലിക് റിലേഷൻസ്), ആന്റണി ഇല്ലിക്കാട്ടിൽ (കമ്മ്യൂണിറ്റി റിലേഷൻസ്), അനൂപ് പിള്ളൈ (സ്പോർട്സ് കോർഡിനേറ്റർ), എൽവിൻ ജോണി (ടെക്നോളജി ലീഡ് ), ജോർജി സാം വർഗീസ് ( മാർക്കറ്റിങ്), അലീന ജാക്സ് (വിമൻസ് അഫയേഴ്സ്) എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ. ടിജു ജോസിനെ പുതിയ ഓഡിറ്ററായും തിരഞ്ഞെടുത്തു . വളണ്ടിയർമാരായ സുബിൻ പൂളാട്ട്, ജിജി ആന്റണി, ജാക്സ് വർഗീസ്, നിസാർ മാങ്കുളങ്ങര എന്നിവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളെയും എക്സിക്യൂട്ടീവ് ബോർഡ് പ്രശംസിച്ചു. കൂടാതെ കഴിഞ്ഞ കാലയളവിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, ഓഡിറ്റ് ചെയ്ത അക്കൗണ്ട് ഡീറ്റെയിൽസ്, ബോർഡ് പാസാക്കുകയും ചെയ്തു.

നിലവിലെ പ്രോഗ്രാമുകൾ കൂടുതൽ ഊർജ്വസ്വലതയിൽ നിലനിർത്തുന്നതോടൊപ്പം വിഷൻ 2030 എന്ന നാമകരണത്തിൽ പ്രസിഡന്റ് ലെബോൺ മാത്യുവിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ രണ്ടു ദീർഘകാല പ്രോഗ്രാമുകൾക്കും ബോർഡ് അംഗീകാരം നൽകി. ബേ ഏരിയയിലെ മലയാളികൾക്ക് വിനോദത്തിനും സാമൂഹിക ഒത്തുചേരലുകൾക്കും വേണ്ടി 'കേരളാ ഹൗസ്', മലയാളി തനിമയോടു കൂടിയ ഒരു റിട്ടയർമെന്റ് കമ്മ്യൂണിറ്റി എന്നീ പ്രൊജക്ടുകൾക്കാണ് അംഗീകാരം നൽകിയത്.