- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ വിദ്യാർത്ഥിയായ പതിനെട്ടുകാരിയെ വിവാഹം ചെയ്ത് പതിനഞ്ച് വയസുള്ള കുട്ടികളുടെ പിതാവായ ബായാർ തങ്ങൾ; പകരം ഭാര്യവീട്ടുകാർക്ക് നൽകിയത് മൈസൂരിൽ കോടികൾ വിലയുള്ള ഫ്ളാറ്റ്; പെൺകുട്ടി രണ്ട് വർഷമായി ബായാർ തങ്ങളുടെ തടവിലെന്ന് ആരോപിച്ച് ആദ്യഭാര്യ രംഗത്ത്
കാസർഗോഡ്: സ്വലാത്തിന്റെയും ആത്മീയ ചികിത്സയുടെയും പേരിൽ പ്രശസ്തനായ ബായാർ തങ്ങൾ പതിനെട്ടുകാരിയെ വിവാഹം കഴിച്ചതിനെതിരെ ആദ്യഭാര്യ രംഗത്ത്. മുജമ്മഇസ്സഖാഫത്തിസ്സുന്നിയ്യ സാരഥിയാണ് മലബാറിലെ പ്രമുഖ ആത്മീയ നേതാവായ അസയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചി കോയ അൽ ബുഖാരി തങ്ങൾ എന്ന ബായാർ തങ്ങൾ. ഇതുസംബന്ധിച്ച് ആദ്യഭാര്യ ശബ്നാ ബീവി പൊലീസിൽ പരാതി നൽകി. ശരിഅത്ത് സ്‌കൂളിൽ തന്റെ വിദ്യാർത്ഥിയായിരുന്നു പെൺകുട്ടി. പതിനഞ്ച് വയസോളം പ്രായമുള്ള രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ് തങ്ങൾ.
മലപ്പുറത്തെ വീട്ടിലാണ് ആദ്യഭാര്യയും മക്കളും. കഴിഞ്ഞ അഞ്ച് മാസമായി ബായാർ തങ്ങൾ വീട്ടിൽ വരാറോ കാര്യങ്ങൾ അന്വേഷിക്കാറോ പോലുമില്ലെന്ന് ശബ്നാ ബീവി പറയുന്നു. മൂന്ന് മാസം മുമ്പ് മകൾക്ക് കോവിഡ് ബാധിച്ചപ്പോൾ പോലും തങ്ങൾ തിരിഞ്ഞുനോക്കിയില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് വർഷമായി തടവിൽ പാർപ്പിച്ച് പ്രായപൂർത്തിയായ ശേഷം വിവാഹം ചെയ്യുകയായിരുന്നെന്നും ഭാര്യ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തങ്ങൾ മറ്റൊരു വിവാഹം ചെയ്തതറിഞ്ഞ് ശബ്ന ബീവി തങ്ങളുടെ വീട്ടിൽ പോയിരുന്നു. എന്നാൽ വിവാഹശേഷം തങ്ങൾ വീട്ടിലേയ്ക്ക് വന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് താൻ രണ്ടാമത് വിവാഹം കഴിക്കുന്നതെന്നും ഭാര്യയ്ക്ക് സുഖമില്ലാത്തതിനാലാണ് പുതിയ വിവാഹമെന്നുമാണ് തങ്ങൾ നാട്ടുകാരോട് പറഞ്ഞിരുന്നത്. ശബ്നാ ബീവി ബായാറിലെത്തിയപ്പോഴാണ് നാട്ടുകാരൊക്കെ സത്യാവസ്ഥ അറിയുന്നത്. തുടർന്നാണ് ശബ്നാ ബീവി തങ്ങൾക്കെതിരെ പരാതി നൽകിയത്.
രണ്ട് വർഷത്തിലേറെയായി തങ്ങൾക്ക് ഈ പെൺകുട്ടിയുമായി ബന്ധമുള്ളതായി ശബ്നാബാവി പറയുന്നു. ഇവർ തമ്മിലുള്ള ഫോൺവിളികൾ കുടുംബകലഹങ്ങൾക്ക് വഴി വച്ചിരുന്നു. അത് സംബന്ധിച്ച പ്രശ്നങ്ങളാണ് ബായാർ തങ്ങളെ കുടുംബത്തിൽ നിന്ന് അകറ്റിയതെന്നാണ് സൂചന. ഇവർ തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും ആദ്യഭാര്യയുടെ കയ്യിലുള്ളതായി അവർ അവകാശപ്പെടുന്നു.
2002ൽ തന്നെ വിവാഹം ചെയ്യുമ്പോൾസാധാരണക്കാരനായിരുന്ന ബായാർ തങ്ങൾ ഇപ്പോൾ 200 കോടി രൂപയുടെ ആസ്തിയുള്ളയാളാണെന്ന് ശബ്ന ബാവി പരാതിയിൽ പറയുന്നു. ഇത് ജനങ്ങളെ ചൂഷണം ചെയ്തുണ്ടാക്കിയതാണ്. നിരന്തരം ശാരീരികവും മാനസികവുമായ പീഡനങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും തന്നെ കടയിൽവിട്ട് അശ്ലീല വീഡിയോകൾ വാങ്ങിപ്പിച്ചിട്ടുണ്ടെന്നതുമടക്കമുള്ള നിരവധി കാര്യങ്ങൾ പരാതിയിലുണ്ട്.
അതേസമയം ബായാർ തങ്ങളുടെ വിവാഹവാർത്ത സ്ഥിരീകരിച്ച് പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തി. പതിനെട്ട് വയസുള്ള പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ നിയമപരമായി തടസങ്ങളില്ലെന്നും ബഹുഭാരത്വം ഇസ്ലാമിൽ അനുവദനീയമാണെന്നും പിതാവ് പറഞ്ഞു. മകൾക്കോ തനിക്കോ കുടുംബത്തിനോ ഇതിൽ യാതൊരു എതിർപ്പുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ മതപണ്ഡിതനും ആത്മീയനേതാവുമായ ബായാർ തങ്ങൾ ആത്മീയ ചികിൽസകനുമാണ്. ആയിരക്കണക്കിന് ആളുകളാണ് ഇദ്ദേഹത്തിന്റെ ചികിൽസയിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും എത്തിയിരുന്നത്. ഇടക്കാലത്ത് ഒരു ഡോക്ടറുടെ കരൾരോഗം തന്റെ ചികിൽസ കൊണ്ടുമാറിയെന്ന അദ്ദേഹത്തിന്റെ അവകാശവാദം ഏറെ വിവാദമായിരുന്നു. ഇത് നിഷേധിച്ച് ഡോക്ടറുടെ ബന്ധുക്കൾ തന്നെ രംഗത്ത് വന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ