ന്യൂഡൽഹി: ഇന്ത്യയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന നിരവധി മാധ്യമങ്ങളുണ്ടെങ്കിലും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾ ഇന്ത്യയെ നാണം കെടുത്തുന്നുവെന്ന കണക്കുകളുമായി ബിബിസി രംഗത്തതെത്തി. സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ മൂലം ഇന്ത്യയിൽ 30ൽ അധികം ജീവനുകൾ നഷ്ടപ്പെട്ടെന്നാണ് ബിബിസി കണ്ടെത്തിയിരിക്കുന്നത്. ഫേസ്‌ബുക്കും വാട്സാപ്പും ട്വിറ്ററും ഇന്ത്യയുടെ അന്തസ് കെടുത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ പുറത്ത് വിട്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകൾ പ്രചരിച്ചതുകൊണ്ട് മാത്രം ഇക്കഴിഞ്ഞ മെയ്‌ മാസത്തിന് ശേഷം 30 പേരാണ് ജനക്കൂട്ടതിന്റെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് ബിബിസി വെളിപ്പെടുത്തുന്നു. ദേശീയത ഉയർത്തിപ്പിടിക്കുന്നുവെന്ന വ്യാജേനയാണ് ഇന്ത്യയിൽ സോഷ്യൽ മീഡിയയിലൂടെ വേണ്ടത്ര പരിശോധനുയും ആധികാരിത ഉറപ്പ് വരുത്തലുമില്ലാതെ വാർത്തകൾ പരക്കുന്നതെന്നും ബിബിസി പറയുന്നു. ബിബിസിയുടെ വേൾഡ് സർവീസ് ഗ്രൂപ്പ്, ബിബിസിയുടെ ദി ഗ്ലോബൽ ന്യൂസ് കണ്ടന്റ് ഡിവിഷൻ എന്നിവ നടത്തിയ പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

ബിയോണ്ട് ഫേയ്ക്ക് ന്യൂസ് എന്ന് ടൈറ്റിലിലാണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. 16,000 ട്വിറ്റർ പ്രൊഫൈലുകൾ, 3200 ഫേസ്‌ബുക്ക് പേജുകൾ, വിശദമായ അഭിമുഖങ്ങൾ, നിരവധി വാട്സാപ്പ് മെസേജുകൾ എന്നിവ ഈ പഠനത്തിനായി ബിബിസി പ്രയോജനപ്പെടുത്തിയിരുന്നു. ദേശീയത ഉയർത്തിപ്പിടിക്കാനെന്ന പേരിൽ ഇന്ത്യയിൽ ഇത്തരത്തിൽ നിരവധി പേർ ഈ വിധത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

ഹിന്ദു നാഷണലിസം, ഇന്ത്യയുടെ പുരോഗതിയിൽ അഭിമാനിക്കുന്നവരുടെ ദേശീയത എന്നിങ്ങനെ ദേശീയതയെ രണ്ട് ഭാഗങ്ങളാക്കി തിരിച്ചാണീ പഠനം നടത്തിയിരിക്കുന്നത്. ദേശീയത ഉയർത്തിപ്പിടിക്കുന്ന സന്ദേശങ്ങൾ കൈമാറുന്നതിലൂടെ തങ്ങൾ രാജ്യനിർമ്മാണത്തിന് മുതൽക്കൂട്ടേകുന്നുവെന്നാണ് മിക്കവരും ധരിക്കുന്നതെന്നും എന്നാൽ ഇവയിൽ മിക്കവയും ആക്രമണത്തിനും കൊലപാതകത്തിനും വഴിയൊരുക്കുന്നുവെന്നും ബിബിസി എടുത്ത് കാട്ടുന്നു. കെനിയയിലും നൈജീരിയ ഇതേ പോലുള്ള പഠനം ബിബിസി നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ 200 മില്യൺ വാട്സാപ്പ് യൂസർമാരും 217 മില്യൺ ഫേസ്‌ബുക്ക് യൂസർമാരുമാണുള്ളത്.