- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തെ കാത്തു നിലവിളിച്ചിരിക്കാതെ അവൾ പുഞ്ചിരിയോടെ കാത്തിരിക്കുന്നു; അവളുടെ പേരിൽ ഇതുവരെ നാട്ടുകാർ നൽകിയത് 5 മില്യൺ പൗണ്ട്; ബി ബി സി അവതാരകയുടെ വീട്ടിലെത്തി ഡെയ്ംഹുഡ് നൽകി വില്യം രാജകുമാരൻ; ധീരതയെ വാഴ്ത്തി രാജ്ഞിയും ബോറിസും
ലണ്ടൻ: പുഞ്ചിരിച്ചുകൊണ്ട്, മരണത്തിന്റെ മുഖത്തുനോക്കി നിന്നെ ഭയപ്പെടാൻ എനിക്ക് സമയമില്ല, കുറച്ചധികം പണികൾ ചെയ്തു തീർക്കാനുണ്ട് എന്ന് പറഞ്ഞ ഡെബോറ ജെയിംസ് ഇന്ന് ബ്രിട്ടന്റെ ആവേശമാണ്. ഭാവിയിൽ കാൻസർ രോഗികൾക്ക് വലിയൊരു തുണയായേക്കാവുന്ന പ്രവർത്തനങ്ങൾക്കായി തന്റെ മരണക്കിടക്കയിൽ നിന്നും സ്വരൂപിക്കുന്ന ബോവൽ ബേബ് ഫണ്ടിൽ നാലു ദിവസങ്ങൾ കൊണ്ട് എത്തിയത് 5 മില്യൺ പൗണ്ട്. അതിനൊപ്പം ഇരട്ടിമധുരമായി ഇന്നലെ ഉച്ചതിരിഞ്ഞപ്പോൾ ഡെബോറയെ തേടി ഒരു വിശിഷ്ടാഥിതി എത്തുകയും ചെയ്തു.
സമാനതകളില്ലാത്ത ധൈര്യത്തിന്റെയും അർപ്പണമനോഭാവത്തിന്റെയും അതുപോലെ ദൃഢനിശ്ചയത്തിന്റെയും ജീവിക്കുന്ന പ്രതീകമായി മാറിക്കഴിഞ്ഞ ഡെബോറയ്ക്ക് ഡെയിംഹുഡ് നൽകി ആദരിക്കുവാൻ അവരുടെ വീട്ടിൽ നേരിട്ടെത്തുകയായിരുന്നു വില്യം രാജകുമാരൻ. ഭാവിയിലെ ബ്രിട്ടീഷ് രാജാവുമൊത്ത് വീടിന്റെ അങ്കണത്തിൽ ചായയും ഷാംപെയ്നുമായി, നിറഞ്ഞ പുഞ്ചിരിയോടെ അവർ ഒരിക്കൽ കൂടി മരണത്തോട് പറഞ്ഞു, നിന്നെ ഭയന്നിരിക്കാൻ എനിക്ക് നേരമില്ല, ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു അവർ ഈ സ്വപ്നതുല്യമായ സംഗമത്തിന്റെ വിവരം തന്റെ ആരാധകരെ അറിയിച്ചത്. വില്യം രാജകുമാരനും തന്റെ കുടുംബാംഗങ്ങളുമൊത്തുള്ള നിരവധി ചിത്രങ്ങളും അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. വില്യമിന്റെ സ്നേഹവായ്പുകളെ കുറിച്ച് വിശദമായി പ്രതിപാദിച്ച ഡെബോറ, വില്യമിന് ഇനിയും വരാൻ ഏതു സമയത്തും സ്വാഗതം അരുളുന്നു എന്നുകൂടി പറഞ്ഞു.
''ഇന്ന് വില്യം രാജകുമാരൻ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു! ഞാൻ അക്ഷരാർത്ഥത്തിൽ ബഹുമാനിക്കപ്പെടുന്നു എന്ന് തോന്നിയത് അദ്ദേഹം ഞങ്ങൾക്കൊപ്പം ചായ സൽക്കാരത്തിൽ ചേർന്നപ്പോഴാണ്. എന്റെ മുഴുവൻ കുടുംബാംഗങ്ങൾക്കൊപ്പവും ഏറെ സമയം ചെലവിട്ട് സംസാരിച്ച വില്യം രാജകുമാരൻ എനിക്ക് ഡെയിംഹുഡ് നൽകി ആദരിക്കുകയും ചെയ്തു.'', അവർ എഴുതുന്നു.
ഒരു രാജകുടുംബാംഗം തന്റെ വീട്ടിലെത്തി തന്നെ കാണുമെന്ന ഒരു കാര്യം തന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല എന്ന് അവർ പറയുന്നു. ഇനിയും വിശ്വസിക്കാനാകാത്ത ഒരു സന്ദർശനം എന്നാണ് വില്യം രാജകുമാരന്റെ സന്ദർശനത്തെ കുറിച്ച് ഡെബോറ എഴുതുന്നത്. തനിക്കും തന്റെ കുടുംബത്തിനും വളരെ വിശേഷപെട്ട ഒരു ദിനമായിരുന്നു ഇന്നലെ, വെള്ളിയാഴ്‌ച്ച എന്ന് അവർ പറയുന്നു.
വില്യം എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ബോവൽ ബേബ് ഫണ്ട് 5 മില്യൺ പൗണ്ട് കടന്നുകഴിഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ അസുലഭ മുഹൂർത്തം എന്നാണ് ഫണ്ട് 5 മില്യൺ പൗണ്ടിൽ സ്പർശിച്ച സമയത്തെ കുറിച്ച് ഡെബോറ പറയുന്നത്. ബോവൽ കാൻസറിനെ കുറിച്ച് അവബോധം വളർത്തുന്നതിനും, അതിന്റെ ഗവേഷണങ്ങൾക്കും ചികിത്സാ സഹായങ്ങൾക്കുമായി ധനം സമാഹരിക്കുന്നതിനും ഡെബോറയെ അഭിനന്ദിച്ചുകൊണ്ട് അവർക്ക് ഡെയിം പദവി നൽകി ആദരിക്കാൻ തീരുമാനിച്ച കാര്യം പ്രഖ്യാപിച്ചതിനു ശേഷമായിരുന്നു ഇത്.
ഡെബോറയുടെ ധീരതയെ അഭിനന്ദിച്ച രാജ്ഞി പൂർണ്ണ മനസ്സോടെയാണ് ഡെബോറക്ക് ഡെയിംഹുഡ് നൽകുന്നത് എന്ന് പറഞ്ഞിരുന്നു. ഇത് ആരെങ്കിലും അർഹിക്കുന്നുണ്ടെങ്കിൽ അത് ഡെബോറ മാത്രമാണ് എന്നായിരുന്നു ബോറിസ് ജോൺസന്റെ പ്രതികരണം.
2016-ൽ ബോവൽ കാൻസർ സ്ഥിരീകരിക്കപ്പെട്ട ഡെബോറ ജെയിംസ് എന്ന ബി ബി സി അവതാരക അന്നുമുതൽ അതിന്റെ ചികിത്സയിലായിരുന്നു. ചികിത്സകൾ കൊണ്ട് പ്രയോജനമില്ലെന്നും മരണം ഒഴിവാക്കാൻ ആകാത്തതാണെന്നും തിരിച്ചറിഞ്ഞ അവർ തന്റെ അവസാന നിമിഷങ്ങൾ കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കാൻ ആശുപത്രി വാസവും ചികിത്സയും മതിയാക്കി തന്റെ മാതാപിതാക്കളുടെ വീട്ടിലെത്തി. ആശുപത്രി വിടുന്നതിനു മുൻപായിരുന്നു തന്റെ ഹൃദയസ്പൃക്കായ യാത്രാമൊഴി അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ചികിത്സാ സമയത്ത് മുഴുവനും, ഏതാണ്ട് പ്രതിദിനം അവർ തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും ചികിത്സയുടെ വിശദാംശങ്ങളെ കുറിച്ചും ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ഫോളൊവേഴ്സുമായി പങ്കുവച്ചിരുന്നു. തുടർന്നായിരുന്നു, കാൻസർ ഗവേഷണത്തിനും, ചികിത്സാ സഹായത്തിനുമായി ഒരു ഫണ്ട് രൂപീകരിക്കുന്ന കാര്യം അവർ അറിയിച്ചത്. അതിനോടകം തന്നെ ബോവൽ ബേബി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രശസ്തയായ അവർ ബോവൽ ബേബ് ഫണ്ട് എന്നപേരിൽ ഒരു ഫണ്ട് രൂപീകരിച്ചു.
2,50,000 പൗണ്ട് സമാഹരിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, ആ ഹൃദയസ്പൃക്കായ ആ യാത്രാമൊഴി, ഹൃദയമുള്ള ബ്രിട്ടീഷുകാരെ ആഴത്തിൽ സ്പർശിച്ചപ്പോൾ ഫണ്ടിലേക്ക് എത്തിച്ചേർന്നത് 5 മില്യൻ പൗണ്ട്.. കുടുംബാംഗങ്ങൾക്കൊപ്പം, തന്റെ അന്ത്യനിമിഷങ്ങൾ ആഹ്ലാദഭരിതമാക്കുകയാണ് ഡെബോറയിപ്പോൾ. കൊച്ചു നുറുങ്ങു തമാശകളുമായി സമൂഹമാധ്യമങ്ങളിലെ കൂട്ടുകാരുമൊത്തും ഇവർ സമയം ചെലവഴിക്കുന്നു. ഒപ്പം, കാൻസർ എന്ന ഭീകരനെതിരെ പോരാടാനും അവർ ഇറങ്ങിയിരിക്കുന്നു. അപ്പോഴെല്ലാം, തന്നെ തുറിച്ചു നോക്കുന്ന മരണത്തിന്റെ മുഖത്ത് നോക്കി അവർ പറയുന്നു, പോടാ... പുല്ലേ എന്ന്.
മറുനാടന് ഡെസ്ക്