ന്യൂഡൽഹി: കാസിരംഗ ദേശീയോദ്യാനത്തിലെ മൃഗപരിപാലന നയങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി ഡോക്യുമെന്ററി തയ്യാറാക്കിയ ബിബിസിക്ക് ഇന്ത്യയിലെ കടുവാ സങ്കേതങ്ങളിൽ അഞ്ചുവർഷത്തെ വിലക്കേർപ്പെടുത്തി. ദേശീയ കടുവാ സംരക്ഷണ അഥോറിറ്റി ചാനലിനും അതിലെ മാദ്ധ്യമപ്രവർത്തകൻ ജസ്റ്റിൻ റൗലറ്റിനും വിലക്കേർപ്പെടുത്തിയത്.

ബിബിസിയുടെ ദക്ഷിണേഷ്യൻ ലേഖകനായ റൗലറ്റിന്റെ റിപ്പോർട്ടുകൾക്കൊപ്പം ഫെബ്രുവരി 15-ന് ബിബിസി ചെയ്ത ഡോക്യുമെന്ററിയാണ് വിവാദത്തിന് വഴിവച്ചത്. ഒരുലോകം; സംരക്ഷണമോ കൊലയോ എന്ന പേരിൽ കാസിരംഗയിലെ കാണ്ടാമൃഗങ്ങളുടെ പരിപാലനം സംബന്ധിച്ചായിരുന്നു ഇതിൽ പരാമർശിച്ചിരുന്നത്. ഗുരുതരമായ തെറ്റുകളും തെറ്റിദ്ധാരണാ ജനകമായ വിവരങ്ങളും ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

കാണ്ടാമൃഗങ്ങൾക്ക് ആരെങ്കിലും ഭീഷണിയാണെന്ന് തോന്നുകയാണെങ്കിൽ അവരെ വെടിവച്ചുകൊല്ലാൻ ഇവിടുത്തെ വനപാലകർക്ക് അധികാരമുണ്ടെന്നായിരുന്നു ജസ്റ്റിൻ റൗലറ്റ് റിപ്പോർട്ട് ചെയ്തത്. ഇങ്ങനെ പരാമർശിക്കാനിടയായത് എന്ത് വസ്തുതകളുടെ പേരിലാണെന്ന് മന്ത്രാലയം ആരാഞ്ഞു. എന്നാൽ, അതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ ബിബിസിക്ക് സാധിക്കാതെ വന്നു.

ഇതേത്തുർന്നാണ് കേന്ദ്ര മന്ത്രാലയം ചാനലിനും തെറ്റായി വാർത്ത നൽകിയ റിപ്പോർട്ടർക്കും അഞ്ചുവർഷത്തെ വിലക്കേർപ്പെടുത്താൻ ദേശീയ കടുവാ സംരക്ഷണ സമിതിക്ക് നിർദ്ദേശം നൽകിയത്. സംരക്ഷിത വനപ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള ചിത്രീകരണം നടത്താൻ ബിബിസിയെ അനുവദിക്കരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.