ന്യൂഡൽഹി: ഏറെ വിവാദം സൃഷ്ടിച്ച 'ഇന്ത്യയുടെ മകൾ' എന്ന ബിബിസി ഡോക്യുമെന്ററിക്ക് സംപ്രേഷണത്തിനു ശേഷവും വിവാദം വിട്ടൊഴിയുന്നില്ല. ഡൽഹി കൂട്ടമാനഭംഗക്കേസ് പ്രതി മുകേഷ് സിംഗിന് 40,000 രൂപ പ്രതിഫലം നൽകിയാണ് ബിബിസി അഭിമുഖം തരപ്പെടുത്തിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജയിൽ ചട്ടങ്ങളെല്ലാം ലംഘിച്ചാണ് ബിബിസി അഭിമുഖത്തിന് അവസരമൊരുക്കിയത്.

അഭിമുഖത്തിനായി പല തവണ സമീപിച്ച ബി.ബി.സി സംഘത്തോട് രണ്ട് ലക്ഷം രൂപയാണ് പ്രതി മുകേഷ് സിങ് ആദ്യം ആവശ്യപ്പെട്ടത്. ഒടുവിൽ നാൽപതിനായിരം രൂപയ്ക്ക് പ്രതി വഴങ്ങുകയായിരുന്നു. ഖുല്ലർ എന്നൊരാളാണ് അണിയറ പ്രവർത്തകരെ ഇതിന് സഹായിച്ചതെന്ന് നവഭാരത് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ തുക ബി.ബി.സി സംഘം മുകേഷിന്റെ ജയിൽ അനുബന്ധ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, മുകേഷിന്റെ ജയിൽ അക്കൗണ്ടിൽ തുക നിക്ഷേപിച്ചെന്ന വാർത്ത തിഹാർ ജയിൽ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ജയിൽ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് മുകേഷിന്റെ കുടുംബം തുക കൈപ്പറ്റിയതായി കണ്ടെത്തിയത്.

തിഹാർ ജയിലിൽ ഭാഗങ്ങൾ ചിത്രീകരിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്നതും വ്യക്തമാണ്. ഡോക്യുമെന്ററിയുടെ ഭാഗമായ അഭിമുഖത്തിൽ കേസിലെ പ്രതി മുകേഷ് സിങ് പ്രത്യക്ഷപ്പെടുന്നത് സാധാരണ വേഷത്തിലാണ്. തടവുപുള്ളിയായ ഇയാളെ ജയിൽ വേഷം ധരിപ്പിക്കതെ അഭിമുഖത്തിന് അനുവദിച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്ന വിലയിരുത്തലാണുള്ളത്. ഇതിനുപുറമെ, അഭിമുഖം ചിത്രീകരിക്കാനെത്തിയ ബ്രിട്ടീഷ് സംവിധായിക ലെസ്‌ലീ ഉഡ്വിന്റെ പശ്ചാത്തലം അന്വേഷിക്കാതെയാണ് ജയിലിൽ പ്രവേശനാനുമതി നൽകിയതെന്നും ആരോപണമുണ്ട്. രാജ്യത്തെ ജയിലുകൾ സന്ദർശിക്കാനെത്തുന്ന വിദേശികൾ മുൻകൂട്ടി അപേക്ഷ നൽകണമെന്നും ഇവരെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ അനുമതി നൽകാൻ പാടുള്ളൂവെന്നും നിർദേശമുണ്ട്. എന്നാൽ ലെസ്‌ലീയുടെ കാര്യത്തിൽ ഇത് പാലിച്ചിട്ടില്ല.

ഡോക്യുമെന്ററിയിൽ സ്ത്രീവിരുദ്ധവും അവഹേളനപരവുമായ പരാമർശം നടത്തിയ അഭിഭാഷകർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് ബാർ കൗൺസിൽ. പ്രതികൾക്കുവേണ്ടി ഹാജരായ എം എൽ ശർമ, എ പി സിങ് എന്നിവരാണ് വിവാദപരാമർശം നടത്തിയത്. ഇവർക്കെതിരെ നടപടിയെടുക്കാൻ നിയമമന്ത്രാലയത്തോട് നിർദ്ദേശം നൽകിയെന്നു മന്ത്രി എം വെങ്കയ്യനായിഡു ലോക്‌സഭയിൽ വ്യക്തമാക്കി. പി.കെ. ശ്രീമതിയാണ് വിവാദപരാമർശം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അഭിഭാഷകർക്കെതിരെ നടപടിയെടുക്കണമെന്ന് എംപിമാരായ എ. സമ്പത്തും കല്യാൺ ബാനർജിയും സർക്കാറിനോട് ആവശ്യപ്പെട്ടു. തുടർന്നായിരുന്നു മന്ത്രിയുടെ മറുപടി. അഭിഭാഷകർക്കെതിരെ നടപടിയെടുക്കുന്ന കാര്യം വെള്ളിയാഴ്ച ചേർന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർവാഹകസമിതിയോഗവും ചർച്ച ചെയ്തു.

അഭിഭാഷകരുടെ അഭിപ്രായ പ്രകടനത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മന്ന കുമാർ മിശ്ര പറഞ്ഞു. അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തുന്നതും നടപടി സ്വീകരിക്കുന്നതും സംബന്ധിച്ച് ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. വിവാദ പരാമർശങ്ങൾ നടത്തിയ അഭിഭാഷകരുടെ ലൈസൻസ് റദ്ദാക്കണമെന്ന് സംഘടനയിൽ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകരുടെ അഭിപ്രായ പ്രകടനം ധാർമികതയ്ക്ക് നിരക്കുന്നതല്ലെന്ന് ബാർ കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെടുന്നു. ഇരുവരുടെയും ലൈസൻസ് റദ്ദാക്കണമെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ.ടി.എസ് തുളസിയും ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലും സമാനമായ അഭിപ്രായം ശക്തമാണ്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബാർ കൗൺസിൽ യോഗം ചേരുന്നത്.

അതേസമയം, കരാർ ലംഘിച്ചാണ് ഡോക്യുമെന്ററി സംേപ്രഷണം ചെയ്തതെന്ന കേന്ദ്രസർക്കാർവാദം സംവിധായിക ലെസ്‌ലീ തള്ളി. ഡോക്യുമെന്ററിക്ക് നിരോധനേമർപ്പെടുത്തിയ നടപടിക്ക് നിയമപരമായി നിലനിൽപ്പില്ലെന്നും അവർ അവകാശപ്പെട്ടു. ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസർക്കാർനടപടിക്കെതിരെ പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡ് രംഗത്തെത്തിയിട്ടുണ്ട്. ഡോക്യുെമന്ററിക്ക് ഏർപ്പെടുത്തിയ വിലക്ക് എടുത്തുകളയണമെന്ന് സംഘടന ആവശ്യപ്പെട്ടു.