ലണ്ടൻ: ലോകമെങ്ങും കേരളത്തിന്റെ മീൻ കറിയുടെ മണം പരത്തി വീണ്ടും ബിബിസി മാസ്റ്റർ ഷെഫിൽ മലയാളിയുടെ കയ്യൊപ്പ്. കഴിഞ്ഞ വർഷം ലണ്ടനിലെ ഏറ്റവും പ്രശസ്തമായ ഹൊപ്പേഴ്‌സ് റെസ്റ്റോറന്റിൽ നിന്നും ബിബിസി മാസ്റ്റർ ഷെഫ് പരിപാടിയിൽ എത്തി ലോകമെങ്ങും താരപദവി നേടിയ കൊല്ലംകാരൻ സുരേഷ് പിള്ളയ്ക്ക് ശേഷം ഇത്തവണ ബിബിസിയിൽ മുഖം കാണിക്കാൻ അവസരം ലഭിച്ചത് മാവേലിക്കരക്കാരൻ ജോമോൻ കുര്യാക്കോസിനാണ്. ലണ്ടനിലെ പ്രശസ്തമായ തദ്ദേശീയ ഹോട്ടൽ എന്ന പദവിയുള്ള ദി ലളിതിലെ മാസ്റ്റർ ഷെഫ് ബസിൽഡൺ നിവാസിയായ ജോമോൻ ബിബിസിയിൽ എത്തിയത് മത്സരാർത്ഥിയായല്ല മറിച്ചു സെലിബ്രിറ്റി മാസ്റ്റർ ഷെഫിന്റെ ഭാഗമായാണ് എന്ന വ്യത്യാസം മാത്രമാണുള്ളത്.

സെലിബ്രിറ്റികൾക്കു വേണ്ടി നടത്തുന്ന ഈ പരിപാടിയിൽ മത്സരാർത്ഥി ആയി പങ്കെടുക്കുന്നതിനേക്കാൾ പ്രയാസമാണ് പാചകവിദഗ്ദ്ധർ അനുഭവിക്കുന്നത്. കാരണം പാചകം ചുക്കാണോ ചുണ്ണാമ്പ് ആണോ എന്ന് തിരിച്ചറിയാത്ത താരങ്ങളെയാണ് വിദഗ്ദ്ധർക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയുന്ന പാചക കല ഏതാനും മണിക്കൂറിൽ പഠിപ്പിച്ചെടുക്കേണ്ടത്. എന്നാൽ ജോമോന്റെ കയ്യിൽ കിട്ടിയ രണ്ടു സെലിബ്രിറ്റികളും മത്സരത്തിന്റെ അടുത്ത റൗണ്ടിൽ പ്രവേശിച്ചത് വ്യക്തിപരമായി ഈ മാവേലിക്കരക്കാരന്റെ കൂടി വിജയമായി മാറുകയാണ്. തുടർച്ചയായ വർഷങ്ങളിൽ രണ്ടു മലയാളികൾ മാസ്റ്റർ ഷെഫിൽ എത്തിയതോടെ ബിബിസി അടുക്കളയിൽ ഇനി കേരളത്തിന്റെ കൂടുതൽ പാചക വിശേഷങ്ങൾ എത്താൻ ഉള്ള സാധ്യത കൂടിയാണ് തെളിയുന്നത്.

ചാനൽ അവതാരകരെ മെരുക്കി തന്തൂരി കബാബും സീബാസ് ഗ്രിലും
ചാനൽ അവതാരകരായ സ്‌പെൻസറിനെയും ഫ്രാങ്കിയെയും പാചകം പഠിപ്പിക്കുക എന്ന വെല്ലുവിളിയാണ് ജോമോനെ തേടി എത്തിയത്. ദി ലളിതിന്റെ അടുക്കളയിൽ ഇരുവർക്കുമായി പാചക ക്ലാസ് എടുത്ത ശേഷം അവരെ കൊണ്ട് തന്നെ പാചകം ചെയ്യിപ്പിച്ചു അടുത്ത റൗണ്ടിലേക്ക് എത്തിക്കുക എന്ന ടാസ്‌കിൽ നിഷ്പ്രയാസം കടക്കാൻ ആയതാണ് ഇപ്പോൾ ജോമോനെയും താരപദവിയിൽ എത്തിച്ചിരിക്കുന്നത്. ഇവർക്കായി ഇന്ത്യൻ തന്തൂരി കബാബും സീബാസ് ഗ്രിൽ ചെയ്‌തെടുത്ത വിഭവവുമാണ് ജോമോൻ തയ്യാറാക്കിയത്.

മാസ്റ്റർ ഷെഫിൽ സുരേഷ് പിള്ളയ്ക്ക് ശേഷം ജോമോനും മീൻ വിഭവമാക്കി മാറ്റിയതോടെ കേരളീയ പാചക രീതി കൂടിയാണ് ലോകമെങ്ങും പ്രചരിക്കാൻ കാരണമായത്. ഓരോ സെലിബ്രിറ്റിയും മാസ്റ്റർ ഷെഫിന്റെ അടുത്ത കടമ്പ കടക്കുമ്പോൾ അവരെ അതിനായി ഒരുക്കി എടുക്കുന്ന പാചക വിദഗ്ദ്ധർ കൂടിയാണ് വിജയിക്കുന്നത്. ഇത്തരത്തിൽ ചാനൽ അവതാരകർ മൂന്നാം റൗണ്ടിൽ എത്തിയത് ജോമോന്റെ കൂടി വിജയമായി കണക്കാക്കാം. ഇവരിൽ ഒരാൾ ഇപ്പോൾ മൂന്നാം റൗണ്ടും പിന്നിട്ടു നാലാം റൗണ്ടിൽ പ്രവേശിച്ചിരിക്കുകയാണ്.

കപ്പ ഫുഡല്ല ഫീലിങ് ആണെന്ന് ലണ്ടൻകാരും
കപ്പയും മീനും തകഴിയുടെയും സക്കറിയുടെയും ഒക്കെ എഴുത്തു വിശേഷം മാത്രമല്ല ഓരോ മലയാളിയുടെയും വികാരമാണ്. കപ്പ പുഴുക്കിനും നല്ല പുളിയിട്ട മീൻ കറിക്കും കേരളത്തിൽ എല്ലായിടത്തും ഒരേ രുചിയാണ്. ഒരു പക്ഷെ തനതു കേരളീയ രുചിക്കൂട്ടിൽ കപ്പയ്ക്കും മീൻ കറിക്കും മാത്രം സ്വന്തമായ വിശേഷണം. ബാക്കി ഏതു ചേരുവയ്ക്കും പ്രാദേശികമായ രുചി വ്യത്യാസം ഏറെ ഉണ്ടാകും. അതിനാൽ കപ്പയിൽ മാത്രം പരീക്ഷണത്തിന് സ്‌കോപ് കുറവാണ്. ഇത് മനസിലാക്കി തന്നെയാണ് ജോമോൻ ദി ലളിതിൽ കപ്പയും മീനും ബ്രിട്ടീഷ്‌കാർക്ക് വേണ്ടി അവതരിപ്പിച്ചത്, രുചിക്കൂട്ടിൽ ലേശം പോലും മാറ്റം വരുത്താതെ.

ഭക്ഷണ പ്രിയർക്കു മുൻപിലേക്ക് പ്‌ളേറ്റിൽ വിഭവങ്ങൾ പ്രെസെന്റ് ചെയ്യുന്ന രീതി കൊണ്ട് മാത്രം ഏതു ഭക്ഷണവും പ്രിയപ്പെട്ടതാകാം എന്ന് തെളിയിക്കുകയാണ് ജോമോൻ. ഇത്തരത്തിൽ ദി ലളിതിൽ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായി റെഡ് മുല്ലറ്റ് ഗ്രിൽ ആൻഡ് കസാവ മാഷ് എന്ന തനി കപ്പയും മീനും മാറിയതിന്റെ ഫുൾ ക്രെഡിറ്റ് ഈ തിരുവിതാംകൂർ മലയാളിയുടേതാണ്.

പഠിക്കുമ്പോൾ തന്നെ ജോലിയിലും മികവ് കാട്ടി, പ്രെസന്റേഷൻ ജോമോന്റെ മികവ്
ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ മംഗലൂരിൽ എത്തിയ ജോമോൻ പൊങ്ങിയത് ദുബായിൽ ആണ്. പഠനത്തോടൊപ്പം മൂന്നു മാസം തൊഴിൽ പരിചയത്തിനു കിട്ടിയ അവസരം. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബാംഗ്ലൂരിലും പൂണെയിലും ഒകെ ജോലി ചെയ്ത ശേഷമാണ് പി ജി ഹോസ്പിറ്റാലിറ്റി കോഴ്‌സിന് ലണ്ടനിൽ എത്തുന്നത്. പഠനത്തിന് ഒപ്പം ജോലിയും തുടർന്ന ജോമോൻ ആദ്യ വർഷങ്ങളിൽ മുംബൈ പാലസിൽ തന്തൂരി സ്‌പെഷ്യലിസ്റ്റ് ആയും പിന്നെ വിജയ് സിംഗിന്റെ സിന്നാമൻ റെസ്റ്റോറന്റിൽ ഇന്ത്യൻ ഷെഫായും പേരെടുത്തു. ഈ സമയങ്ങളിൽ നിരവധി ചാനൽ ഷോകളിൽ പങ്കാളിയാകാൻ അവസരം ലഭിച്ചു.

തുടർന്നാണ് ചീഫ് കുക്ക് എന്ന പദവിയിൽ ദി ലളിതിൽ എത്തുന്നത്. നോർത്ത് ഇന്ത്യൻ പാചക രീതിയും തനി കേരളീയ നാടൻ കറികളും ഒക്കെ ദി ലളിതിൽ തന്റേതായ രീതിയിൽ അവതരിപ്പിക്കുകയാണ് ജോമോൻ. മോഡേൺ പ്രെസെന്റേഷൻ ആണ് ഇദ്ദേഹത്തിന്റെ തുറുപ്പു ചീട്ട്. അതായതു കണ്ടാൽ ആരും കഴിക്കാതെ പോകില്ല. മുന്നിലെത്തുന്ന വിഭവങ്ങൾ കാണുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാൻ വിധം പരുവപ്പെടുത്തുന്ന മാജിക്കാണ് ജോമോൻ തന്റെ രുചി തേടി എത്തുന്നവരിൽ പരീക്ഷിക്കുന്നത്.

ഇന്ത്യൻ ഹോട്ടൽ രംഗത്തെ അതികായന്മാരിൽ ഒന്നായ ലളിത് ഗ്രൂപ്പിന്റെ ബ്രിട്ടനിലെ ഏക ഹോട്ടലാണ് ദി ലളിത്. മുൻപ് ലണ്ടനിലെ പ്രശസ്തമായ ഗ്രാമർ സ്‌കൂൾ ആയിരുന്ന സെന്റ് ഒലിവസ് ആണ് ഇപ്പോഴത്തെ ദി ലളിത്. സ്‌കൂളിന്റെ ഓർമ്മ നിലനിർത്താൻ ബാറുകൾക്ക് ടീച്ചേഴ്‌സ് റൂം, ഹെഡ് മാസ്റ്റർ റൂം എന്നൊക്കെയാണ് പേരിട്ടിരിക്കുന്നത്. മീറ്റിങ് റൂമിനു ലബോറട്ടറി എന്നും. കേരളത്തിൽ ആയിരുന്നു ഈ പേരിടീലെങ്കിൽ ഏതെങ്കിലും വിദ്യാർത്ഥി സംഘടനകൾ ഹോട്ടൽ തല്ലിപ്പൊളിച്ചു മുതലാളിമാരെ പാഠം പഠിപ്പിച്ചേനെ. എഴുപതു ബെഡ്‌റൂം ഉള്ള ഈ ഹോട്ടൽ ഇന്ത്യൻ അലങ്കാരങ്ങളുടെ ധാരാളിത്തത്തിൽ ഏറെ സമ്പന്നമാണ്. തനിയെ ചൂടാവുന്ന ജാപ്പനീസ് സാങ്കേതിക വിദ്യയിൽ ഉള്ള ടോയ്‌ലറ്റ് സീറ്റ് അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയെത്തുന്ന താമസക്കാരെ അമ്പരപ്പിക്കും. രണ്ടു പേർക്ക് താമസിക്കാൻ 200 പൗണ്ട് മുതൽ 514 പൗണ്ട് വരെയാണ് ഒരു രാത്രിക്കു ഇവർ ഈടാക്കുന്നത്.

ബാസിൽഡൺ മലയാളികൾക്ക് സുപരിചിതനായ ജോമോന്റെ ഭാര്യ ലിൻജോ ബസിൽഡൺ ഹോസ്പിറ്റലിൽ നേഴ്‌സാണ്. ജോവിയൻ, ജോഷെൽ എന്നീ മിടുക്കികൾക്കൊപ്പം പുതിയൊരു അതിഥിയെ കൂടി വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.