- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തെ ധീരതയോടെ നേരിടുന്ന ബി ബി സി അവതാരകയുടെ വാക്കുകളിൽ കരഞ്ഞ് ബ്രിട്ടൻ; ഡെബോറ ജെയിംസിന്റെ പേരിൽ കാൻസർ റിസർച്ചിന് ഇതുവരെ ലഭിച്ചത് മൂന്ന് മില്യൺ പൗണ്ട്; അഭിവാദ്യങ്ങൾ അർപ്പിച്ച് വില്യമും കെയ്റ്റും
ലണ്ടൻ: കാൻസർ ബാധിതയായി, സമൂഹമാധ്യമങ്ങളിലൂടെ അന്ത്യയാത്രാ മൊഴി ചൊല്ലിയ ബി ബി സി അവതാരക ഡെബോറ ജെയിംസിന് അഭിവാദ്യങ്ങൾ അർപ്പിക്കുകയാണ് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും. കാൻസർ രോഗികളെസഹായിക്കാനും മറ്റുമായി അവർ രൂപീകരിച്ച ബോവൽ ബേബ് ഫണ്ടിലേക്ക് 3 മില്യൺ പൗണ്ട് വന്നു ചേർന്ന നിമിഷത്തിൽ വില്യം പറഞ്ഞത് അവർ രാജ്യത്തിന്റെ ഹൃദയത്തെ കീഴടക്കി എന്നായിരുന്നു.
ജീവിക്കാനുള്ള ആവേശവും, സമൂഹത്തിനായി നന്മ ചെയ്യണമെന്ന ദൃഢനിശ്ചയവും കൊണ്ട് ചിലരൊക്കെ ചിലപ്പോഴൊക്കെ രാജ്യത്തിന്റെ ഹൃദയത്തെ കീഴടക്കാറുണ്ട് എന്നായിരുന്നു വില്യമും കെയ്റ്റും ട്വിറ്ററിൽ കുറിച്ചത്. അത്തരത്തിലുള്ള ഒരു വിശിഷ്ട വ്യക്തിത്വമാണ് ബോവൽ ബേബ് എന്ന് അവർ എഴുതുന്നു. ബോവൽ കാൻസറിനെ കുറിച്ചുള്ള അവബോധം വളർത്താനുള്ള അവരുടെ ശ്രമങ്ങളും, അതിന്റെ ചികിത്സയ്ക്കുള്ള പ്രയാസങ്ങൾ ദൂരീകരിക്കാനുള്ള ശ്രമവും അഭിനന്ദനീയം തന്നെയാണെന്നും അവർ എഴുതി.
മറ്റു പലർക്കുമൊപ്പം റോയൽ മാഴ്സ്ഡെൻ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിനും ഉപകാരപ്രദമാകുന്ന അവരുടെ ബോവൽ ബേബ് ഫണ്ടിലേക്ക് സംഭാവനകൾ ഒഴുകിയെത്തുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു., പ്രിയ ഡെബോറാ, ഞങ്ങളുടെ ചിന്തകളിൽ എന്നും നിങ്ങൾ ഉണ്ടാകും. കാൻസറുമൊത്ത് ജീവിക്കുന്ന നിരവധി പേർക്ക് പ്രത്യാശ നൽകിയതിന് ഒരായിരം നന്ദി എന്നു പറഞ്ഞാണ് രാജ ദമ്പതിമാർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
റോയൽ മാഴ്സ്ഡെൻ കാൻസർ ചാരിറ്റിയുടെ മാനേജിങ് ഡയറക്ടർ അന്റോണീയ ഡാല്മോയ് ഇന്നലെ ബോബൽ ബേബ് നിധിയിലേക്ക് സംഭാവനകൾ നൽകിയ എല്ലാവരോടും കൃതജ്ഞത അറിയിച്ചു. ഡെബോറയും അവരുടെ ബോവൽ ബേബ് ഫണ്ടും പ്രതിഭാസങ്ങളാണെന്നും അവർ കുറിച്ചു. ഈയാഴ്‌ച്ച ആദ്യമായിരുന്നു ഹൃദയഭേദകമായ വാക്കുകളിലൂടെ ഡെബോറ ജെയിംസ് തന്റെ അന്ത്യയാത്രാ മൊഴി കുറിച്ചത്. തനിക്ക് നഷ്ടമാകുന്ന ജീവിതം, മറ്റു കാൻസർ രോഗികൾക്കെങ്കിലും തിരിച്ചു പിടിക്കാൻ കഴിയണം എന്നും അതിനായി തന്റെ ബോവൽ ബേബ് നിധിയിലേക്ക് സംഭാവന ചെയ്യുവാനും അവർ അഭ്യർത്ഥിച്ചിരുന്നു.
അഞ്ചു വർഷക്കാലത്തെ ചികിത്സ മതിയാക്കി വോക്കിംഗിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകവേയായിരുന്നു അവർ ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ഇട്ടത്. ഭർത്താവും രണ്ടു കുട്ടികളും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം തന്റെ അവസാന നിമിഷങ്ങൾ അവിടെ കഴിച്ചു കൂട്ടുവാൻ ആഗ്രഹിക്കുന്നതായി അവർ പറഞ്ഞിരുന്നു. തന്റെ രോഗ വിവരം മക്കളോട് വെളിപ്പെടുത്തിയത് എങ്ങനെയെന്നും അവർ വിശദീകരിച്ചിരുന്നു.
തന്റെ മക്കൾ തന്നെ ഈ നിലയിൽ കാണരുതെന്ന് ആദ്യം ആഗ്രഹിച്ചു. കരഞ്ഞുകൊണ്ടല്ലാതെ അവരോട് സംസാരിക്കാൻ തനിക്കാവുമായിരുന്നില്ല. എന്നിരുന്നിട്ടും അവരെ ഒന്നു പുണരാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചു. തന്റെ ഭർത്താവിനെ ഏറ്റവും വികാരനിർഭരമായി കണ്ട നിമിഷങ്ങളായിരുന്നു അതെന്നും അവർ കുറിക്കുന്നു. മനോധൈര്യം ഉൾക്കൊണ്ട് ഇക്കാര്യം കുട്ടികളെ അറിയിച്ചത് ഭർത്താവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു.
മറുനാടന് ഡെസ്ക്