ബെംഗളൂരു: കർണാടകത്തിൽ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്നതോടെ വോട്ടർമാരെ സ്വാധീനിക്കാൻ സകലമാർഗ്ഗവും നോക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഇതിന്റെ ഭാഗമായി കർണാടകത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന പ്രചാരണമാണ് ബിജെപി കൊണ്ടുപിടിച്ചുനടത്തുന്നത്.എന്നാൽ, വിശ്വാസ്യത കൂട്ടാൻ വേണ്ടി ബിബിസിയെ കൂട്ടുപിടിച്ചത് വിനയായി. ജൻകീബാത് എന്ന പേരിൽ ബിബിസി നടത്തിയ അഭിപ്രായ സർവ്വേയിൽ കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച നേട്ടം എന്ന രീതിയിലുള്ള വാർത്തകൾ ശരിയല്ലെന്നാണ് ബിബിസി വിശദീകരിച്ചിരിക്കുന്നത്.
ബിജെപി കർണാടക തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടുമെന്ന് തരത്തിലുള്ള സർവേകൾ തങ്ങൾ നടത്തിയിട്ടില്ലെന്ന് മെയ് 7ന് ബിബിസി ട്വീറ്റ് ചെയ്തിരുന്നു.മെയ് 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ ദിവസമാണ് ബിജെപി ജയിക്കുമെന്ന രീതിയിൽ ജൻകിബാത് സർവ്വേ വാട്സപ്പിലൂടെ പ്രചരിപ്പിച്ചത്.

വാട്സാപ്പിലും ഫേസ്‌ബുക്കിലും വാർത്ത വ്യാപകമായി പ്രചരിക്കാൻ കാരണം 'ബിബിസി ഇന്ത്യ'യുടെ യുആർഎല്ലും ലിങ്കും കൊടുത്തതുകൊണ്ടാണ്. എന്നാൽ സർവ്വേ വ്യാജമാണെന്ന് ബിബിസി തന്നെ സ്ഥിരീകരിച്ച് രംഗത്തു വന്നതോടെ സത്യാവസ്ഥ ജനങ്ങൾക്ക് ബോധ്യപ്പെട്ടു.

അഭിപ്രായ സർവ്വേയിൽ കോൺഗ്രസിന് 35 സീറ്റും, ജനതാദളിന് 45 സീറ്റുമാണ് കൊടുത്തിരുന്നത്. ബിജെപിക്ക് 102 മുതൽ 105 സീറ്റുവരെ ലഭിക്കുമെന്നുമായിരുന്നു സർവ്വേ ഫലം.
ിപബ്ലിക് ടിവിയിലാണ് ജൻ കി ബാത് എന്ന പേരിൽ നിലവിൽ അഭിപ്രായ സർവ്വേകൾ ഉള്ളത്.

ബിബിസി തന്നെ വിശദീകരണവുമായി രംഗത്തെത്തിയതോടെ കള്ളി വെളിച്ചത്തായ ബിജെപി പ്രതിരോധത്തിലായി. ഇത്തരത്തിൽ യാതൊരു സർവേയും നടത്തിയിട്ടില്ലെന്നും ചാനലിന്റെ പേരിൽ അസത്യ പ്രചാരണമാണു നടക്കുന്നതെന്നും ബിബിസി ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ തിരഞ്ഞെടുപ്പിനു മുൻപു ബിബിസി സർവേകൾ നടത്താറില്ല. കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സർവേ തികച്ചും വ്യാജമാണെന്നും ബിബിസി ചിത്രം സഹിതം വ്യക്തമാക്കി.