ന്ത്യയുടെ മകൾ എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്യരുതെന്ന ഇന്ത്യയുടെ അപേക്ഷ തള്ളിക്കൊണ്ട് ബിബിസി ഇന്ന് കാലത്ത് ഇത് സംപ്രേഷണം ചെയ്തു. ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് പരിപാടി അരങ്ങേറിയത്. 2012 ഡിസംബറിൽ ഓടുന്ന ബസിൽ കൂട്ട ബലാത്സംഗം ചെയ്തുകൊല്ലപ്പെട്ട നിർഭയ എന്ന പെൺകുട്ടിയെ കേന്ദ്രമാക്കി ബ്രിട്ടീഷ് സംവിധായിക ലെസ്ലീ ഉഡ്വി സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണിത്. ബലാത്സംഗക്കേസിലെ പ്രതികളെ ന്യായീകരിച്ചു കൊണ്ട് നിർഭയയെ അപമാനിക്കുന്ന തരത്തിലുള്ള ഡോക്യുമെന്ററി ആയതിനാൽ ഇതിന്റെ സംപ്രേഷണം ഒഴിവാക്കണമെന്ന് ഇന്ത്യ ബിബിസിക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിനെത്തുടർന്ന് ബിബിസിയുടെ പേരിൽ ഇന്ത്യയും യുകെയും തമ്മിലുള്ള പോര് മുറുകിയിരിക്കുകയാണ്.

ദീർഘവും ശ്രദ്ധാപൂർണവുമായ പരിഗണനയെത്തുടർന്ന് ബിബിസി പ്രസ്തുത ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചുവെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായ രാകേഷ് സിംഗിന് ഇന്നലെ അയച്ച മറുപടിയിൽ ബിബിസി ടെലിവിഷൻ ഡയറക്ടറായ ഡാന്നി കോഹെൻ വ്യക്തമാക്കിയിരിക്കുന്നത്. പ്രസ്തുത ഡോക്യുമെന്ററി ലോകവ്യാപകമായി വിലക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ നീക്കങ്ങൾക്ക് ബിബിസി ഇതിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ്.

പ്രസ്തുത ഡോക്യുമെന്ററി നിർമ്മാണത്തിന്റെ ഭാഗമായി ലെസ്ലീ ഉഡ്വി, ബലാത്സംഗ കേസിലെ പ്രതിയായ മുകേഷ് സിംഗുമായി ജയിലിൽ പോയി അഭിമുഖം തയ്യാറാക്കുകയും അത് ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ബലാത്സംഗത്തെ ന്യായീകരിക്കുന്ന നിലപാടാണ് പ്രസ്തുത അഭിമുഖത്തിൽ മുകേഷ് വ്യക്തമാക്കിയത്. ബലാത്സംഗത്തിന് ഉത്തരവാദി പെൺകുട്ടി തന്നെയാണെന്നും അവൾ എതിർക്കാതെ സഹകരിച്ചിരുന്നുവെങ്കിൽ കൊല്ലപ്പെടില്ലായിരുന്നുവെന്നുമാണ് മുകേഷ് പറഞ്ഞത്. രാത്രി ഒമ്പത് മണിക്കു ശേഷം ചുറ്റിക്കറങ്ങുന്ന പെൺകുട്ടികളുടെ സ്വഭാവം നല്ലതല്ലെന്നും മുകേഷ് പറഞ്ഞു. ബലാത്സംഗം ചെയ്യപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്വം സ്ത്രീകളുടേതാണെന്നും ആ പെൺകുട്ടിയുടെ കൊല അവിചാരിതമായി സംഭവിച്ചതാണെന്നും മുകേഷ് അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

പ്രസ്തുത അഭിമുഖത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ഡോക്യുമെന്റി സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചൊവ്വാഴ്ച വാർത്താചാനലുകളോട് നിർദേശിച്ചിരുന്നത്. ഈ ചിത്രം ഇന്ത്യയിൽ നിരോധിച്ചതിനാൽ ഇവിടെ സംപ്രേഷണം ചെയ്തിട്ടില്ല. ലെസ്ലീയുടെ ഡോക്യുമെന്ററിക്കെതിരെ ഡൽഹി പൊലീസ് ചൊവ്വാഴ്ച ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംവിധായികയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ അഭ്യന്തമന്ത്രാലയം പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന അപ്പീൽ പ്രധാനമന്ത്രിക്ക് സമർപ്പിച്ച ശേഷം ഇന്നലെ അവർ ഇന്ത്യ വിട്ട് പോയിരിക്കുകയാണ്. സ്ത്രീവിരുദ്ധമായ ഡോക്യുമെന്ററിയുടെ പേരിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെ പ്രക്ഷുബ്ദമായിരുന്നു. വനിതാ എംപിമാർ ഇതിനെതിരെ ശക്തമായി രംഗത്തെത്തി. തിഹാർ ജയിലിലെത്തി മുകേഷിനെ അഭിമുഖം ചെയ്യാനുള്ള ്അനുമതി ലെസ്ലിക്ക് നൽകിയിതിൽ പാർലമെന്റിൽ പ്രതിഷേധമിരമ്പിയെന്ന് അഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പ്രസ്തുത പ്രശ്‌നത്തിന്റെ പേരിൽ തീഹാർ ജയിൽ ഡയറക്ടർ ജനറൽ അലോക് കുമാർ വർമയെ വിളിച്ച് രാജ്‌നാഥ് സിങ് നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.

ഡോക്യുമെന്ററി വിവാദമായതോടെ പ്രതികരണ വുമായി സംവിധായികയും രംഗത്തെത്തിയിരുന്നു. പ്രതികളുടെ ക്രൂരമനോഭാവം തന്നെ ഞെട്ടിച്ചുവെന്ന് ലെസ്ലീ പറഞ്ഞു. ഡോക്യുമെന്ററിയിൽ സെൻസേഷണലായി ഒന്നുമില്ലെന്നും ബലാത്സംഗത്തിനെതിരയെും ലിംഗനീതിക്കായുള്ള പ്രചാരണവുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അവർ പറഞ്ഞു. തീഹാർ ജയിലിലെ അന്നത്തെ ഡയറക്ടറുടെ അനുമതിയോടെയാണ് താൻ അഭിമുഖം തയ്യാറാക്കിയതെന്നും അവർ പറഞ്ഞിരുന്നു. രണ്ടു വർഷമെടുത്താണ് താൻ ഡോക്യുമെന്ററി ചിത്രീകരിച്ചത്. പൊതു താൽപര്യം മുൻനിർത്തിയുള്ള പ്രചാരണചിത്രമാണ് ഇന്ത്യയുടെ മകളെന്നും അവർ പറയുന്നു. എല്ലാ പ്രതികളുടെ രക്ഷിതാക്കളുമായും താൻ സംസാരിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി മുകേഷിന്റെ അമ്മയുമായും സംസാരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പ്രതികളുടെ മനസ്സിലുള്ളത് വെളിച്ചത്തുകൊണ്ടുവരാനാണ് മുകേഷിനോട് സംസാരിച്ചതെന്നും ലെസ്ലീ പറഞ്ഞു. വനിതകളോടുള്ള ഒരു വിഭാഗത്തിന്റെ മാനസികനില അനാവരണം ചെയ്യുകയാണ് താൻ ഇതിലൂടെ ശ്രമിച്ചതെന്നും ലെസ്ലീ പറഞ്ഞു.

ജയിൽ ശിക്ഷയനുഭവിക്കുന്ന പ്രതിയുമായി അഭിമുഖം പുറത്തുവിട്ടവർക്കെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 2013ൽ യുപിഎ സർക്കാരിന്റെ കാലത്താണ് ജയിലിൽ അഭിമുഖം നടത്താൻ ബിബിസിക്ക് അനുമതി നൽകിയതെന്നാണ് അഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ് പറയുന്നത്.

2012 ഡിസംബർ 16നാണ് ഇന്ത്യയെ ഒന്നാകെ പിടിച്ചുലച്ച ഡൽഹി കൂട്ടമാനഭംഗം നടന്നത്. തെക്കൻ ഡൽഹിയിലെ മുനിർകയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വച്ച് പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. ജീവന് വേണ്ടി മല്ലിട്ട പെൺകുട്ടി 13 ദിവസത്തിന് ശേഷം സിംഗപ്പൂരിലെ ആശുപത്രിയിൽ വച്ച് മരിച്ചു. കേസിലെ പ്രതികളായ രാം സിങ്, മുകേഷ്‌സിങ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് താക്കൂർ, എന്നിവർക്ക് കോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത ഒരു പ്രതിയെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം മൂന്ന് വർഷം ദുർഗുണ പരിഹാര പാഠശാലയിൽ അയക്കുകയായിരുന്നു.