മുംബൈ: കാൺപൂരിൽ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവിൽ ഹലാൽ മാംസം നിർബന്ധമാക്കിയെന്ന വാർത്ത തള്ളിക്കളഞ്ഞ് ബിസിസിഐ.

താരങ്ങളുടെ ഭക്ഷണം തീരുമാനിക്കുന്നതിൽ ബിസിസിഐയ്ക്ക് ഒരു പങ്കുമില്ലെന്നും അങ്ങനെ ഒരു നിബന്ധന മുന്നോട്ടുവെച്ചിട്ടില്ലെന്നും ബിസിസിഐ ട്രഷറർ അരുൺ ധുമാൽ വ്യക്തമാക്കി. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധുമാലിന്റെ പ്രതികരണം.

'അങ്ങനെ ഒരു കാര്യം ചർച്ച ചെയ്തിട്ടുപോലുമില്ല. താരങ്ങളുടെ ഡയറ്റുമായി ബന്ധപ്പെട്ട് ഒരു മാർഗ്ഗനിർദ്ദേശവും മുന്നോട്ടുവെച്ചിട്ടില്ല. ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ താരത്തിനുമുണ്ട്. അതിൽ ബിസിസിഐയ്ക്ക് ഒരു റോളുമില്ല', അരുൺ വ്യക്തമാക്കുന്നു.

ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ കാൺപുരിൽ നടക്കുന്ന ഒന്നാം ടെസ്റ്റിലെ ഭക്ഷണ മെനുവിൽ ബിസിസിഐ ഹലാൽ മാംസം നിർബന്ധമാക്കിയെന്നും ബീഫും പന്നിയിറച്ചിയും ഒഴിവാക്കിയെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇന്ത്യൻ ടീമിന്റെ ഫുഡ് മെനുവിൽ പ്രധാനപ്പെട്ട നിർദ്ദേശം എന്ന നിലയിലാണ് ഹലാൽ മാംസത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നത്. ഇതോടെ ബിസിസിഐയ്ക്കെതിരേ സോഷ്യൽ മീഡിയിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ബീഫും പന്നിയിറച്ചിയും കഴിക്കരുതെന്നും നിർദ്ദേശമുണ്ടെന്നും ദേശീയ മാധ്യമമായ എൻഡിടിവിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇന്ത്യൻ ടീമിന്റെ 'കാറ്ററിങ് റിക്വയർമെന്റ്സിന്റേയും മെനുവിന്റേയും' ചിത്രവും എൻഡിടിവി പങ്കുവെച്ചിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട നിർദ്ദേശം എന്ന നിലയിലാണ് ഹലാൽ ഭക്ഷണത്തിന്റേയും ബീഫിന്റേയും പന്നിയിറച്ചിയുടേയും കാര്യം സൂചിപ്പിക്കുന്നത്. താരങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഡയറ്റ് പ്ലാനാണ് ഇത്.

ഈ ഭക്ഷണ മെനു പുറത്തുവന്നതിന് പിന്നാലെ ബിസിസിഐയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. #BCCIPromotesHalal  എന്ന ഹാഷ്ടാഗിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഹലാൽ ഭക്ഷണം നിർബന്ധമാക്കിയ ബിസിസിഐയ്‌ക്കെതിരേ പ്രതിഷേധിക്കുന്നു എന്ന തരത്തിലാണ് മിക്ക ട്വീറ്റുകളും. ടീമിലെ ഒരു വിഭാഗത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ബിസിസിഐയുടെ തീരുമാനം എന്നും ഇവർ ആരോപിക്കുന്നു.