മുംബൈ: ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ തോൽവിയിൽ സൈബർ ആക്രമണം നേരിട്ട ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് പരോക്ഷ പിന്തുണയുമായി ബിസിസിഐ. വിരാട് കോലിയും മുഹമ്മദ് ഷമിയും ഒന്നിച്ചുള്ള ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തു. എന്നാൽ സൈബർ ആക്രമണത്തെക്കുറിച്ച് പരാമർശിക്കാതെയാണ് ചിത്രം പങ്കുവച്ചത്.

പാക്കിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിൽ 18-ാം ഓവർ എറിയാനെത്തിയ ഷമി 17 റൺസ് വഴങ്ങിയിരുന്നു. ഇതോടെ പാക്കിസ്ഥാൻ ജയം സ്വന്തമാക്കുകയും ചെയ്തു. പിന്നാലെ ഇന്ത്യൻ ടീം ആരാധകർ ഷമിക്കെതിരെ തിരിഞ്ഞു.

സംഭവത്തിൽ മുൻതാരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിവി എസ് ലക്ഷ്മൺ, വീരേന്ദർ സെവാഗ്, മുഹമ്മദ് അസറുദ്ദീൻ, ഹർഭജൻ സിങ്, വെങ്കിടേഷ് പ്രസാദ് എന്നിവർ ഷമിക്ക് പിന്തുണയുമായെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ പരോക്ഷ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

 

'ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് ഈ കളി' എന്ന പരാമർശവുമായി ഷമിയെ പിന്തുണച്ച് പാക് താരം മുഹമ്മദ് റിസ്വാനും രംഗത്ത് വന്നിരുന്നു. 2015ലെ ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഹീറോ ആയത് ഷമിയായിരുന്നു എന്ന് ഓർമ്മപ്പെടുത്തി ആരാധകർ നേരത്തെ രംഗത്ത് എത്തിയിരുന്നു.

ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാൻ 10 വിക്കറ്റിനാണ് ഇന്ത്യയെ തോൽപിച്ചത്. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാക്കിസ്ഥാൻ മറികടക്കുകയായിരുന്നു. കളി പാക്കിസ്ഥാൻ ജയിക്കുമ്പോൾ മുഹമ്മദ് റിസ്‌വാൻ 79 റൺസും ബാബർ അസം 68 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ നായകൻ വിരാട് കോലിയുടെ അർധസെഞ്ചുറി(49 പന്തിൽ 57) പാഴായി. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാക്കിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്.