- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് മൂന്നാം തരംഗമെന്ന ആശങ്ക; രഞ്ജി ട്രോഫി മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നീട്ടി ബിസിസിഐ; സി കെ നായിഡു ട്രോഫി മത്സരവും സീനിയർ വനിതാ ട്വന്റി 20 ലീഗും മാറ്റിവച്ചു
മുംബൈ: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച ആശങ്കൾ നിലനിൽക്കെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ച് ബിസിസിഐ. രഞ്ജി ട്രോഫിക്ക് പുറമെ കേണൽ സി കെ നായിഡു ട്രോഫി, സീനിയർ വനിതകളുടെ ട്വന്റി 20 ലീഗ് മത്സരങ്ങളും ബിസിസിഐ മാറ്റിവെച്ചിട്ടുണ്ട്.
ഈ മാസം 13 മുതൽ ആയിരുന്നു രഞ്ജി ട്രോഫി മത്സരങ്ങൾ തുടങ്ങേണ്ടിയിരുന്നത്. കേരളത്തിന്റെ ആദ്യ മത്സരം വിദർഭക്കെതിരെ ബെംഗലൂരുവിലാണ് നിശ്ചയിച്ചിരുന്നത്. സി കെ നായിഡു ട്രോഫിയും ഈ മാസമായിരുന്നു തുടങ്ങേണ്ടിയിരുന്നത്. സീനിയർ വനിതാ ടി20 ലീഗ് അടുത്ത മാസമായിരുന്നു നടക്കേണ്ടിയിരുന്നത്.
കളിക്കാരുടെ സുരക്ഷക്കാണ് പ്രധാന പരിഗണനയെന്നും രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മൂന്ന് ടൂർണമെന്റുകളും ഇനിയൊരറിയിപ്പുണ്ടാകും വരെ നീട്ടിവെക്കുകയാണെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സാഹചര്യം മെച്ചപ്പടുന്നതിന് അനുസരിച്ച് പുതുക്കിയ തീയതികൾ പീന്നീട് അറിയിക്കുമെന്നും ജയ് ഷാ പറഞ്ഞു.
???? NEWS ????: BCCI postpones Ranji Trophy, Col C K Nayudu Trophy & Senior Women's T20 League for 2021-22 season.
- BCCI (@BCCI) January 4, 2022
The ongoing Cooch Behar Trophy will continue as scheduled.
More Details ⬇️https://t.co/YRhOyk6680 pic.twitter.com/PvrlZZusSF
രഞ്ജി ട്രോഫി മുൻ നിശ്ചയപ്രകാരം നടത്താൻ ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാൽ ടൂർണമെന്റിന് വേദിയാവേണ്ട മുംബൈ, കൊൽക്കത്ത, ഡൽഹി, ബെംഗലൂരു നഗരങ്ങളിൽ കോവിഡ് മൂന്നാം തരംഗം ആശങ്കയുണർത്തുന്ന പശ്ചാത്തലത്തിൽ ടൂർണമെന്റുമായി മുന്നോട്ടു പോകുന്നത് വലിയ റിസ്ക് ആകുമെന്ന് വിലയിരുത്തി ടൂർണമെന്റ് മാറ്റിവെക്കാൻ ബിസിസിഐ നിർബന്ധിതരാവുകയായിരുന്നു.
കോവിഡ് മൂലം കഴിഞ്ഞ രഞ്ജി സീസണും ബിസിസിഐക്ക് നടത്താനായിരുന്നില്ല. ആദ്യ മത്സരം കളിക്കുന്നതിന് മുന്നോടിയായി പരിശീലന മത്സരങ്ങൾക്കായി മുംബൈ ടീം കൊൽക്കത്തയിൽ എത്തിയിരുന്നു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ ടീം തീരിച്ചുപോകും. അടുത്തമാസം നടക്കേണ്ട വെസ്റ്റ് ഇൻഡീസ്-ഇന്ത്യ പരമ്പരയുടെ കാര്യത്തിലും ബിസിസിഐയിൽ നിന്ന് വൈകാതെ തീരുമാനമുണ്ടാക്കുമെന്നാണ് സൂചന.
സ്പോർട്സ് ഡെസ്ക്