ചെങ്ങന്നൂർ: ഗ്രൂപ്പ് പോരിൽ ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കി ബിഡിജെഎസ് എൻഡിഎ മുന്നണി വിടുന്നു. അനൗദ്യോഗികമായി എല്ലാം തീരുമാനിച്ച് ഉറപ്പിച്ച സ്ഥിതിക്ക് നാളെ ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ ഉണ്ടാവുക ഔദ്യോഗിക പ്രഖ്യാപനം മാത്രമെന്ന സൂചന നൽകി നേതാക്കൾ. അതിനോടകം അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ മാത്രമാകും മറിച്ചു സംഭവിക്കുക.

ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിക്ക് മാത്രമാണ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നതിൽ നേരിയ എതിർപ്പെങ്കിലുമുള്ളത്. കെപിഎംഎസ് നേതാവ് ടിവി ബാബു അടക്കമുള്ളവർ മുന്നണി വിടണമെന്ന അഭിപ്രായമുള്ളവരാണ്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതു കൊണ്ടു മാത്രമാണ് അക്കീരമണിന് ബിജെപി ബാന്ധവം ഉപേക്ഷിക്കാൻ മടിയുള്ളത്. എങ്കിലും അദ്ദേഹം ഭൂരിപക്ഷ തീരുമാനത്തിന് അനുകൂലമാണ്.

മുന്നണി വിടാനുള്ള തീരുമാനത്തിന് പിന്നിൽ ഒരിക്കലും സ്ഥാനമാനങ്ങളോ തുഷാറിന് കിട്ടാതെ പോയ എംപി സ്ഥാനമോ ആണെന്ന് പുറമേ വാർത്ത വരരുത് എന്നാണ് നേതാക്കളുടെ തീരുമാനം. അതു കൊണ്ട് തന്നെ വാർത്താ സമ്മേളനത്തിൽ അവർ ഉന്നയിക്കുന്നത് പാർട്ടിക്കും സമുദായങ്ങൾക്കും ചെയ്തു തരാമെന്ന് പറഞ്ഞ വാഗ്ദാനങ്ങളെ കുറിച്ചാകും. ശ്രീനാരായണ ഗുരുവിന്റെ പേരിൽ സർവകലാശാല, മൈക്രോഫിനാൻസിന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ, പിന്നാക്ക സമുദായങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ തുടങ്ങി വാഗ്ദാനങ്ങൾ നിരവധിയായിരുന്നു. അതിൽ ആകെ നടപ്പായത് വെള്ളാപ്പള്ളിയുടെ ഇസഡ് കാറ്റഗറി സുരക്ഷ മാത്രം. ഇവ മാത്രമാകും മുന്നണി വിടാനുള്ള കാരണമായി നിരത്തുക.

മുന്നണി വിട്ടാൽ എങ്ങോട്ട് എന്നതാണ് അടുത്ത ചോദ്യം. അതിനുള്ള മറുപടിയും നാളത്തെ യോഗത്തിലുണ്ടാകും. എന്തായാലും ബിഡിജെഎസ് സ്വന്തമായി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങി കഴിഞ്ഞു. ബൂത്ത്, വാർഡ്, മണ്ഡലം തല കൺവൻഷനുകൾ പൂർത്തിയായി കഴിഞ്ഞു. ഭവന സന്ദർശനവും നടത്തിയിട്ടുണ്ട്. ശക്തി തെളിയിക്കുക തന്നെയാണ് ലക്ഷ്യം. ബിജെപിയുടെ വോട്ട് ചോർച്ചയിലൂടെ തങ്ങളുടെ ശക്തി തെളിയിക്കുകയാണ് ലക്ഷ്യം. മിക്കവാറും മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാനാണ് സാധ്യത. അണ്ടർ ഗ്രൗണ്ടിലൂടെ എൽഡിഎഫിന് വോട്ട് പിടിക്കുകയും ചെയ്യും.

വെള്ളാപ്പള്ളിയും സജി ചെറിയാനുമായി വളരെ അടുത്ത സൗഹൃദമാണുള്ളത്. ബിജെപിയുടെ വോട്ട്ശതമാനം കുറച്ചു കൊടുക്കാമെന്ന ധാരണ വെള്ളാപ്പള്ളിയും പിണറായിയുമായി നേരത്തേ ഉണ്ടു താനും. ആ സ്ഥിതിക്ക് മനസാക്ഷി വോട്ട് മിക്കവാറും എൽഡിഎഫിനായേക്കും. എന്നാൽ, ഈ തെരഞ്ഞെടുപ്പ് ഒരു പരീക്ഷണശാലയാക്കി വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ യുഡിഎഫിന്റെ ഭാഗമാകുന്ന കാര്യവും ബിഡിജെഎസ് തള്ളിക്കളയുന്നില്ല. എന്തായാലും ബിജെപിയെ തറ പറ്റിക്കുക എന്ന പ്രതികാര ചിന്തയോടെ തന്നെയാണ് നേതാക്കൾ മുന്നോട്ട് പോകുന്നത്.