പത്തനംതിട്ട: രൂപീകരണവേളയിലും തുടർന്നു നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിനെ എഴുതിത്ത്തള്ളിയ ഈഴവ സമുദായാംഗങ്ങൾ അടക്കം അന്തംവിട്ട് കുന്തം വിഴുങ്ങി നിൽക്കുകയാണിപ്പോൾ. ജില്ലയിൽ ബി.ഡി.ജെ.എസ് നടത്തുന്ന അപ്രതീക്ഷിത മുന്നേറ്റം മൂന്നു മണ്ഡലങ്ങളിലെ മത്സരം പ്രവചനാതീതതമാക്കി. റാന്നി, തിരുവല്ല, ആറന്മുള എന്നിവിടങ്ങളിലാണ് ബി.ഡി.ജെ.എസ്- ബിജെപി സഖ്യം മുൻനിരയിലേക്ക് വന്നിട്ടുള്ളത്. അടൂർ പ്രകാശ് വെള്ളാപ്പള്ളിയുടെ സ്വന്തം ആളായതിനാൽ കോന്നിയിൽ മാത്രം ഈ പ്രതിഭാസം ദൃശ്യമല്ല. അടൂരിലാകട്ടെ നേർക്കുനേർ പോരാട്ടത്തിൽ എൽ.ഡി.എഫും യു.ഡി.എഫും മാത്രമാണുള്ളത്.

ഇന്നു കലാശക്കൊട്ട് നടക്കുമ്പോൾ ഇടതു-വലതു മുന്നണികൾ അങ്കലാപ്പിലാണ്. എന്തും സംഭവിക്കാം. റാന്നിയിൽ ബി.ഡി.ജെ.എസ് സിപിഐ-എമ്മിനു പാരയാകുമ്പോൾ ആറന്മുളയിൽ വിയർക്കാൻ പോകുന്നത് സിപിഎമ്മും കോൺഗ്രസുമാണ്. ഇതേ അവസ്ഥ തന്നെയാണ് തിരുവല്ലയിലും.

ജില്ലയിൽ ബി.ഡി.ജെ.എസ് ഏറ്റവുമധികം പ്രതീക്ഷയർപ്പിച്ചിരിക്കുന്ന മണ്ഡലം റാന്നിയാണ്. നിലവിൽ പ്രചാരണത്തിൽ മുന്നിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ. പത്മകുമാറാണ്. പൊലീസ് ഇന്റലിജൻസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജു ഏബ്രഹാം മൂന്നാം സ്ഥാനത്താണ്. മണ്ഡലത്തിലെ പൾസും അങ്ങനെ തന്നെയാണ്. എന്നു കരുതി യു.ഡി.എഫ് സ്ഥാനാർത്ഥി മറിയാമ്മ ചെറിയാനാണ് പ്രചാരണത്തിൽ രണ്ടാം സ്ഥാനത്ത് എന്ന് പറയാൻ കഴിയില്ല. ബി.ഡി.ജെ.എസ്-ബിജെപി വോട്ടുകൾ ഏകീകരിക്കുന്നതു കൊണ്ടാണ് രാജു മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് വിലയിരുത്തപ്പെടുന്നത്. പത്മകുമാർ അല്ലെങ്കിൽ മറിയാമ്മ ചെറിയാൻ- ഇവർക്കാണ് ഇന്നു വരെ വിജയസാധ്യത കൽപിക്കപ്പെടുന്നത്.

ശേഷിച്ച രണ്ടു ദിവസങ്ങളിലുണ്ടാകുന്ന അടിയൊഴുക്ക് അന്തിമവിജയിയെ തീരുമാനിക്കും. ബിജെപി അധ്യക്ഷൻ അമിത് ഷാ റാന്നി ഇട്ടിയപ്പാറയിൽ പ്രസംഗിക്കാൻ എത്തിയപ്പോഴുണ്ടായ ജനപങ്കാളിത്തം മാത്രം മതി ബി.ഡി.ജെ.എസിന്റെ സ്വാധീനം മണ്ഡലത്തിൽ എത്രത്തോളമാണെന്ന് മനസിലാക്കാൻ. 2006 ലെ തെരഞ്ഞെടുപ്പിൽ 14,971 വോട്ടിനാണ് രാജു ഏബ്രഹാം വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 6614 വോട്ടായി കുറഞ്ഞു. ഇക്കുറി എൽ.ഡി.എഫിൽ തന്നെ രാജുവിനോട് എതിർപ്പുണ്ട്. കഴിഞ്ഞ തവണ വീണ ബിജെപി വോട്ട് ഇക്കുറി വിഘടിച്ചു പോകാതിരിക്കാൻ ആർ.എസ്.എസ് നേതൃത്വം ശക്തമായ നടപടിയും എടുത്തിട്ടുണ്ട്.

ആറന്മുളയിൽ എം ടി. രമേഷിന് ബി.ഡി.ജെ.എസിന്റെ ശക്തമായ പിന്തുണ ലഭിക്കും. ഈഴവശക്തികേന്ദ്രമായ മെഴുവേലി പഞ്ചായത്ത്, വല്ലന, കോട്ട, ഇലന്തൂർ എന്നിവിടങ്ങളിൽ ബി.ഡി.ജെ.എസിലേക്ക് ശക്തമായ ഒഴുക്കുണ്ട്. കഴിഞ്ഞ ദിവസം സുരേഷ്‌ഗോപി ഇലവുംതിട്ടയിൽ നടത്തിയ റോഡ് ഷോ ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. വി എസ്. ഇലവുംതിട്ടയിൽ പ്രസംഗിക്കാൻ വന്നതിന്റെ ഇരട്ടിയാളുകളാണ് സുരേഷ്‌ഗോപിയുടെ റോഡ്‌ഷോയ്ക്ക് ഉണ്ടായിരുന്നത്. ആറന്മുളയിൽ ബി.ഡി.ജെ.എസും ബിജെപിയും ചേർന്ന് ചോർത്തുന്നത് ഇരുമുന്നണികളുടെയും വോട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശിവദാസൻ നായർക്ക് ലഭിച്ചത് 6511 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഇത് സമ്മാനിച്ചതാകട്ടെ പത്തനംതിട്ട നഗരസഭയും.

2006 ൽ എൽ.ഡി.എഫിലെ കെ.സി. രാജഗോപാൽ ആറന്മുളയിൽ വിജയിച്ചത് 14,620 വോട്ടിനാണ്. കോൺഗ്രസിന്റെ റിബൽ സ്ഥാനാർത്ഥി രണ്ടാമതെത്തിയപ്പോൾ യു.ഡി.എഫിന് വേണ്ടി മത്സരിച്ച ഡി.ഐ.സിയിലെ മാലേത്ത് സരളാദേവി മൂന്നാം സ്ഥാനത്തേക്ക് പോയി. അന്ന് ബിജെപി സ്ഥാനാർത്ഥി അശോകൻ കുളനട 6250 വോട്ട് നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കെ. ഹരിദാസ് 10,227 വോട്ടാണ് നേടിയത്. 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് 23,771 ആയി ഉയർന്നു. ഇക്കുറി 33,000 വോട്ടാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ ആരു ജയിച്ചാലും ഭൂരിപക്ഷം ആയിരത്തിനോട് അടുപ്പിച്ചാകും.

തിരുവല്ലയിൽ ഇക്കുറി മത്സരം കടുകട്ടിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്യു ടി. തോമസിന്റെ ഭൂരിപക്ഷം 10,767 ആയിരുന്നു. ബിജെപിക്ക് അന്ന് 7656 വോട്ടാണ് കിട്ടിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത് 19,526 ആയി ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു പഞ്ചായത്തിൽ ഭരണത്തിലെത്തിയ ബിജെപി നിയോജകമണ്ഡലത്തിൽ വന്മുന്നേറ്റം കാഴ്ച വച്ചു. ഇത്തവണ ബി.ഡി.ജെ.എസിന് വേണ്ടി അക്കീരമൺ കാളിദാസഭട്ടതിരിയാണ് മത്സരിക്കുന്നത്. ഈഴവസമുദായത്തിന് ശക്തമായ സ്വാധീനമാണ് മണ്ഡലത്തിലുള്ളത്.

വെള്ളാപ്പള്ളിയോടുള്ള വിദ്വേഷം കാരണം വിഘടിച്ചു നിന്ന ഈഴവർ ഒന്നടങ്കം നിലവിൽ ബി.ഡി.ജെ.എസിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതാണ് കാണുന്നത്. സാമുദായിക ധ്രുവീകരണം ജില്ലയിൽ ശക്തമാണ്. കോന്നിയിൽ മാത്രം ബി.ഡി.ജെ.എസ് കോൺഗ്രസിനെ പിന്തുണയ്ക്കും. ഇക്കാര്യം വെള്ളാപ്പള്ളിയും നിഷേധിച്ചിട്ടില്ല. അടൂർ കുഞ്ഞിരാമൻ എന്ന ഈഴവ സമുദായ നേതാവിന്റെ മകനെ വിജയിപ്പിക്കേണ്ടത് എസ്.എൻ.ഡി.പിയുടെ ബാധ്യതയാണെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ഇതിന്റെ പേരിൽ ബിജെപി മറ്റു മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസിനെ കാലുവാരിയേക്കുമെന്ന ശങ്കയും ഉണ്ട്.