ന്യൂഡൽഹി: വെള്ളാപ്പള്ളിയെ കാക്കി നിക്കർ ഇടുവിച്ച് ഹിന്ദു വോട്ടുകൾ ഏകീകരിപ്പിക്കാനുള്ള തന്ത്രം പയറ്റിയത് ആരെന്ന ചോദ്യത്തിന് ഉത്തരമായി നേരത്തെ ഉയർന്നുവന്ന പേര് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേതായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് സ്വന്തമാക്കുകയും അതുവഴി സിപിഎമ്മിന് ലഭിക്കേണ്ടുന്ന ഹൈന്ദവ വോട്ടുകൾ ഭിന്നിപ്പിക്കുകയും ചെയ്യുക എന്ന തന്ത്രമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. എന്തായാലും ഈ തന്ത്രമൊന്നും വിലപ്പോകുന്ന മട്ടില്ല. ബിജെപിയോടൊപ്പം നിന്ന് കടുത്ത വർഗീയപരാമർശങ്ങളുമായി രംഗത്തിറങ്ങിയ ശേഷം ബിഡിജെഎസ് പാർട്ടിയുണ്ടാക്കി യുഡിഎഫിലേക്ക് ചേക്കാറാനായിരുന്നു വെള്ളാപ്പള്ളിയുടെ പരിപാടി. എന്നാൽ, കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ കർക്കശ നിലപാടിൽ തട്ടി വെള്ളാപ്പള്ളിയുടെ മോഹം പൊലിഞ്ഞു. ഇതോടെയാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തി അമിത് ഷായുമായി ചർച്ച നടത്തിയത്. ഒടുവിൽ എൻഡിഎയുടെ ഭാഗമാണ് ബിഡിജെഎസ് എന്ന് വെള്ളാപ്പള്ളി പറയുകയും ചെയ്തു.

ഇന്നലെ രാത്രി വൈകി ബിജെപി. അധ്യക്ഷൻ അമിത് ഷായുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ബിഡിജെഎസ്, എൻഡിഎയുടെ ഭാഗമായതായി ചർച്ചയ്ക്കുശേഷം വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി നയിക്കുന്ന മൂന്നാംമുന്നണിക്കു വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. താനും തുഷാറും മത്സരിക്കില്ല. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുംമെന്ും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം സഖ്യമുണ്ടാക്കുന്നതിന്റെ ഭാഗമായി 100 സീറ്റിൽ മത്സരിക്കുന്നത് ബിജെപിയാണ്. ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള സീറ്റുകളിൽ അവർ മത്സരിക്കുമ്പോൾ അവശേഷിക്കുന്ന 40 സീറ്റുകളാകും ബിഡിജെഎസിന് ലഭിക്കുക.,

പി.സി. തോമസ് അടക്കമുള്ളവർക്ക് ഇരു പാർട്ടികളും ചേർന്നു സീറ്റ് നൽകും. യുഡിഎഫിൽ കയറിപ്പറ്റാനുള്ള ശ്രമങ്ങൾക്ക് സുധീരൻ വിലങ്ങുതടിയായതോടെ തുഷാറിന്റെ രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രിസ്ഥാനവും ലക്ഷ്യമിട്ടായിരുന്നു വെള്ളാപ്പള്ളി ഡൽഹിക്ക് വണ്ടി കയറിയത്. വെള്ളാപ്പള്ളി ഉന്നയിച്ചെങ്കിലും ഇക്കാര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വം ഉറപ്പൊന്നും നൽകിയില്ലെന്നതും ക്ഷീണമായി. വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളിയുമാണ് ഇന്നലെ അമിത് ഷായെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചത്.

തുടക്കത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മൂന്നാംമുന്നണിയുടെ ഭാഗമാകാമെന്ന സമ്മതിച്ച് രംഗത്തുവന്ന വെള്ളാപ്പള്ളി പിന്നീട് പിന്നാക്കം പോയിരുന്നു. ബിജെപിയുമായി മാത്രമല്ല, മറ്റ് പാർട്ടികളുമായും ചർച്ചയ്ക്കു തയാറാണെന്നു പിന്നീട് വെള്ളാപ്പള്ളി പറഞ്ഞത് ആശയക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള മൈക്രോ ഫിനാൻസിങ് പദ്ധതിക്കു കേന്ദ്രസഹായവും അമിത്ഷാ വാഗ്ദാനം ചെയ്തു.

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുക, ശബരി പാത യാഥാർഥ്യമാക്കുക, എസ്എൻഡിപി യോഗത്തിന്റെ മൈക്രോ ഫിനാൻസ് പദ്ധതിയിലേക്ക് മതിയായ ഫണ്ട് ലഭ്യമാക്കുക, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സാമ്പത്തിക സഹായവും സംവരണവും ലഭ്യമാക്കുക, കാസർകോട് കേന്ദ്രസർവകലാശാലയ്ക്കു ശ്രീനാരായണ ഗുരുവിന്റെ പേരുനൽകുക, സംസ്ഥാനങ്ങളിലെ ജനസംഖ്യാനുസൃതമായി ന്യൂനപക്ഷ സമുദായ പദവി പുനഃക്രമീകരിക്കുക തുടങ്ങിയ ബിഡിജെഎസിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം അനുഭാവപൂർവം പരിഗണിക്കുമെന്ന് അമിത് ഷാ ഉറപ്പുനൽകിയതായി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.

അതേസമയം ഇടക്കാലം കൊണ്ട് നിലപാട് മാറ്റിയ വെള്ളാപ്പള്ളിക്ക് അനുകൂലമായ നിലപാടായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എന്നാൽ, വി എം സുധീരൻ കർക്കശ നിലപാട് കൈക്കൊള്ളുകയായിരുന്നു. ഇതോടെ യുഡിഎഫ് വാതിൽ അടഞ്ഞെന്ന് ബോധ്യമായപ്പോഴാണ് വെള്ളാപ്പള്ളി വീണ്ടും ബിെജപിയുമായി കൂട്ടുകൂടിയത്.

അതേസമയം വെള്ളാപ്പള്ളി നടേശൻ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ബി.ഡി.ജെ.എസിന്റെ കഥ കഴിഞ്ഞെന്ന് സുധീരൻ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലെ കട അടച്ചു പൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ വർഗ്ഗീയ ഭ്രാന്ത് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുകയാണ്. വി.ഡി.സതീശനു നേരെ വെള്ളാപ്പള്ളി നടത്തിയിരിക്കുന്ന പരാമർശം മതസ്പർദ്ധ വളർത്തുന്നതിനുള്ള വർഗ്ഗീയ നീക്കമാണെന്നും മറ്റൊരു കേസുകൂടി ഉണ്ടാക്കാൻ മാത്രമേ ഇത് വഴിവെക്കുകയുള്ളൂവെന്നും സുധീരൻ പറഞ്ഞു.
ഹിന്ദുമതത്തെ വിമർശിക്കുന്നവർക്ക് കയ്യടിക്കുന്ന എരപ്പാളികൾ മതംമാറിപ്പോകട്ടേയെന്നും ഹിന്ദു മതത്തെ അധിക്ഷേപിക്കുന്ന വി.ഡി.സതീശൻ എംഎ‍ൽഎ ആർക്കുണ്ടായതാണെന്നുപോലും തനിക്ക് അറിയില്ലെന്നും എറണാകുളം വടക്കൻ പറവൂരിൽ സംഘടിപ്പിച്ച ഹിന്ദുമഹാ സംഗമത്തിൽ പ്രസംഗിക്കവെ വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

അതേസമയം കെപിസിസി വൈസ് പ്രസിഡന്റിനെ പരസ്യമായി അവഹേളിച്ചിട്ടും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വെള്ളാപ്പള്ളിക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഉമ്മൻ ചാണ്ടി വച്ചു നീട്ടിയ പ്രലോഭനങ്ങളിൽ വീണാണ് വെള്ളാപ്പള്ളി ബിജെപി ബന്ധത്തോട് പുറം തിരിഞ്ഞു നിന്നത്. എന്നാൽ, ഇതൊക്കെ സുധീരന്റെ കാർക്കശ്യത്തിൽ തട്ടി ത്തകരുകയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വാക്ക് അനുസരിച്ചാണ് വെള്ളാപ്പള്ളി സംഘപരിവാർ അനുകൂല നിലപാട് സ്വീകരിച്ചു നിന്നതെന്നാണ് അറിയുന്നത്. തീവ്ര നിലപാട് സ്വീകരിച്ചത് ബിജെപിയെ കൂടുതൽ വിശ്വസിപ്പിക്കുക എന്ന തന്ത്രത്തോടെയായിരുന്നു. ഇതും വിജയിച്ചു. വെള്ളാപ്പള്ളിയുടെ യാത്രയ്ക്ക് ആർഎസ്എസുകാർ അകമഴിഞ്ഞ് സഹായം നൽകുകയുമുണ്ടായി. ഫലത്തിൽ വെള്ളാപ്പള്ളിയെ കാക്കി നിക്കർ ഇടുവിച്ച ്‌സിപിഎമ്മിനെയും ബിജെപിയെയും ഒരുപോലെ ഒതുക്കുന്ന മുഖ്യമന്ത്രിയുടെ തന്ത്രമാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചനയുണ്ടായിരുന്നു.