ആലപ്പുഴ : മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പ്് ബിജെപിക്ക് കനത്ത തിരിച്ചടിയായപ്പോൾ ഘടകകക്ഷിയായ ബി ഡി ജെ എസ്സിലും കലഹം മൂത്തു. തെരഞ്ഞെടുപ്പിനു മുമ്പെ ബി ഡി ജെ എസ്സിന്റെ പ്രധാന അമരക്കാരാനായ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബി ഡി ജെ എസ്, എൻ ഡി എ വിടണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള കടുത്ത വിയോജിപ്പിന്റെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി ഈ ആവശ്യം ബി ഡി ജെ എസ്സിന് മുന്നിൽ വെച്ചത്.

എന്നാൽ ബി ഡി ജെ എസ് അധ്യക്ഷനും മകനുമായ തുഷാർ വെള്ളാപ്പള്ളി ഇതിനെ പുച്ഛിച്ചുതള്ളുകയായിരുന്നു. ഒപ്പം ബി ഡി ജെ എസ് വെള്ളാപ്പള്ളി നടേശന്റെ ഭാവനയിൽ വിരിഞ്ഞതല്ലെന്നും മറ്റു പല പ്രഗൽഭരും അധ്വാനിച്ചതിന്റെ ഫലമാണ് ബി ഡി ജെ എസ്സെന്നും തിരിച്ചടിച്ചിരുന്നു. വെള്ളാപ്പള്ളിയാകട്ടെ, ബിജെപി സംസ്ഥാന നേതൃത്വത്തെ കുടിച്ചവെള്ളത്തിൽ വിശ്വസിക്കരുതെന്ന് രൂക്ഷഭാഷയിലാണ് വിമർശിച്ചത്.

ഇതിനെയൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് തുഷാർ തന്റെ അധ്യക്ഷപദവി നിലനിർത്തി ബിജെപിയിൽ തുടർന്നത്. എന്നാൽ മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബി ഡി ജെ എസിന്റെ അവസാനവാക്ക് വെള്ളാപ്പള്ളിതന്നെയെന്ന് തുഷാറിന് ബോധ്യപ്പെട്ടതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. മൂന്നു ലക്ഷം ഹിന്ദുക്കൾ വോട്ടുരേഖപ്പെടുത്തിയിട്ടും ബിജെപിക്ക് കരപറ്റാൻ കഴിയാതെ വന്നത് വെള്ളാപ്പള്ളി നടേശന്റെ ബിജെപി വിരുദ്ധനിലപാടെന്നും തുഷാറിന് തിരിച്ചറിവുണ്ടായി.

മലപ്പുറത്ത് തുഷാർ പ്രവർത്തനരംഗത്തു സജീവമായിരുന്നെങ്കിലും ഒരൊറ്റ ഈഴവന്റെ വോട്ടുപോലും ബിജെപിക്ക് ലഭിച്ചില്ലെന്നാണ് വെള്ളാപ്പള്ളിയുമായി അടുപ്പമുള്ളവർ പറയുന്നത്. ഈഴവർക്ക് ആഭിമുഖ്യമുള്ള ജില്ലകളിലൊന്നാണ് മലപ്പുറം. ഇടുക്കി കഴിഞ്ഞാൽ മലപ്പുറത്തെയാണ് എസ്എൻഡിപിക്കു പ്രിയപ്പെട്ട ജില്ലയായി യോഗം ഉയർത്തിക്കാട്ടുന്നതും. നാലു ലക്ഷത്തോളം ഹിന്ദു വോട്ടുകൾ മലപ്പുറത്തുള്ളതായാണ് കണക്ക്. ബിജെപിക്ക് ലഭിച്ചതാകട്ടെ അറുപത്തിയയ്യായിരവും.

കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് മലപ്പുറത്തെ ഹിന്ദുവോട്ടുകൾ നേടുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്നാണ്. ഒപ്പം ബി ഡി ജെ എസ് അധ്യക്ഷനും ഈഴവർക്കിടയിൽ പിടിയില്ലെന്ന് തെളിഞ്ഞു. ഇതോടെ വെള്ളാപ്പള്ളി നടേശൻ ബി ഡി ജെ എസ്സിന്റെയും അവസാനവാക്കായി. പറഞ്ഞവാക്കുകൾ പാലിക്കാതെ ബിജെപി സംസ്ഥാന നേതൃത്വം വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത് ഈഴവരുടെ കടുത്ത അമർഷത്തിന് കാരണമായി.

ബി ഡി ജെ എസ് അധ്യക്ഷൻ മലപ്പുറത്ത് തമ്പടിച്ച് പ്രവർത്തിച്ചിട്ടും ഈഴവ വോട്ടുകൾ പെട്ടിയിലാക്കാൻ കഴിയാതിരുന്നത് തുഷാറിനും തിരിച്ചടിയായി. യോഗത്തിലും പാർട്ടിയിലും അച്ഛനുതന്നെ പിടിയെന്ന തിരിച്ചറിവ് മകൻ തുഷാറിനെ ഇപ്പോൾ അലട്ടുകയാണ്. ഏറ്റവും ഒടുവിൽ കാസർഗോഡ് പുതുതായി രൂപീകരിച്ച കേന്ദ്ര സർവകലാശാലയ്ക്ക് ഗുരുദേവന്റെ പേര് ഇടാമെന്ന് അമിത് ഷാ നേരിട്ട് ഉറപ്പ് നൽകിയിട്ടും സംസ്ഥാന നേതൃത്വം അതു വെട്ടി. ഇത് ഈഴവരുടെ ബിജെപി വിരുദ്ധ നീക്കത്തിന് ആക്കംകൂട്ടി.

എന്നാൽ എൻ ഡി എ വിടില്ലെന്ന നിലപാടിലായിരുന്നു തുഷാർ വെള്ളാപ്പള്ളി. യോഗം സെക്രട്ടറിയുടെ ആവശ്യം വകവയ്ക്കാതെ എൻ ഡി എയിൽ തുടർന്ന തുഷാറും ഇപ്പോൾ പുലിവാലു പിടിച്ചു. തുഷാറിന്റെ നീക്കം ബി ഡി ജെ എസ്സിൽ കടുത്ത പ്രതിസന്ധി തീർത്തിട്ടുണ്ട്. ഈഴവർ സംഘടിതമായി വോട്ടുചെയ്തതിനാലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എയ്ക്ക് കേരളത്തിൽ മുന്നേറ്റം നടത്താനായതെന്ന അവകാശവാദമാണ് ഇപ്പോൾ യോഗം നേതാക്കളും പ്രവർത്തകരും ഉന്നയിക്കുന്നത്. മലപ്പുറത്ത് ഘടകകക്ഷികളെ മുഖവിലയ്ക്കെടുത്തില്ല. ഇത് തകർച്ചയ്ക്ക് കാരണമായതായും പ്രചാരമുണ്ട്.