- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഓണക്കാലത്തിന്റെ ഉണർവിലേക്ക് വിപണികൾ; മാളുകൾ ബുധനാഴ്ച മുതൽ; ടൂറിസം കേന്ദ്രങ്ങളിൽ ഒരു ഡോസ് വാക്സിനെടുത്തവർക്ക് പ്രവേശനം; ബീച്ചുകളിലും പ്രവേശനം അനുവദിക്കും
തിരുവനന്തപുരം: ഓണക്കാലം ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിപണികൾ ഉണരുന്നു. വ്യാപാര മേഖലകളിൽ അടക്കം ഇളവുകൾ അനുവദിച്ചതോടെ തിങ്കളാഴ്ച മുതൽ കടകൾ തുറന്നാൽ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ 7 മുതൽ രാത്രി 9വരെ കടകൾക്ക് പ്രവർത്തിക്കാം.
കടകളിൽ പ്രവേശിക്കാൻ നിബന്ധനകളുണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന നിർദേശമുള്ളതു വ്യാപാരമേഖലയ്ക്കു കൂടുതൽ ഉണർവ് പകരും. എസി ഇല്ലാത്ത റസ്റ്ററന്റുകളിൽ, ഇരുന്നു കഴിക്കാനുള്ള അനുമതി താമസിക്കാതെ നൽകുമെന്നു സർക്കാർവൃത്തങ്ങൾ സൂചന നൽകി.
ഞായറാഴ്ച ലോക്ഡൗൺ താൽക്കാലികമായി ഇന്ന് അവസാനിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. ബീച്ചുകൾ തിങ്കളാഴ്ച മുതലും മാളുകൾ ബുധനാഴ്ച മുതലും തുറക്കാനാണ് തീരുമാനം. ഒരു ഡോസ് വാക്‌സീനെടുത്തവർക്ക് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ തടസമില്ലെന്ന് സർക്കാർ അറിയിച്ചു. ഞായറാഴ്ചകളിലെ ലോക്ഡൗൺ ഇനി ഓണത്തിന് മുൻപ് ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
മാളുകളിൽ സാമൂഹികഅകലം പാലിച്ച്, ബുധനാഴ്ച മുതൽ ജനങ്ങൾക്ക് പ്രവേശിക്കാം. ടൂറിസം മേഖലയും തിങ്കളാഴ്ച മുതൽ പൂർണമായും തുറക്കുകയാണ്. വാക്‌സീനെടുത്തവർക്ക് ഹോട്ടലുകളിൽ താമസിക്കുന്നതിന് തടസമില്ല. ബീച്ചുകളിൽ മാനദണ്ഡങ്ങൾ പാലിച്ച് കുടുംബമായി എത്താമെന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ലോക്ഡൗൺ ടൂറിസം മേഖലക്ക് 33,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്. ബീച്ചുകൾ ഉൾപ്പെടെ തുറക്കുന്നത് ഓണക്കാലത്ത് സംസ്ഥാനത്തിനു പുത്തൻ ഉണർവു നൽകും. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള പുതിയ പദ്ധതികൾ സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിങ് മാളുകൾ തുറക്കാനാണ് സർക്കാർ അനുമതി. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴുമുതൽ വൈകിട്ട് ഒൻപതു മണിവരെ വരെ പ്രവർത്തിക്കാനാണ് അനുമതി.
സംസ്ഥാനത്ത് ആഗസത് 9 മുതൽ 31 വരെ വാക്‌സിനേഷൻ യജ്ഞം നടത്താൻ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായി പൊതുവിൽ വാക്‌സിനേഷൻ വർദ്ധിപ്പിക്കും. സംസ്ഥാന സർക്കാരിനു ലഭിക്കുന്ന വാക്‌സിനുകൾക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതൽ വാക്‌സിനുകൾ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 20 ലക്ഷം ഡോസ് വാക്‌സിനുകൾ വാങ്ങി സ്വകാര്യ ആശുപത്രികൾക്ക് അതേ നിരക്കിൽ നൽകും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്‌സിൻ നൽകാൻ കഴിയും എന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക.
ഇതു കൂടാതെ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും പൊതു സംഘടനകൾക്കും വാങ്ങിയ വാക്‌സിനുകളിൽ നിന്നും ആശുപത്രികളുമായി ചേർന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വാക്‌സിനേഷൻ നടത്താവുന്നതാണ്. ഇതിനുള്ള സൗകര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കാവുന്നതാണ്. എത്രയും വേഗം പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.
മറുനാടന് മലയാളി ബ്യൂറോ