- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീസ്റ്റ്, ഫാൻസിന് ബെസ്റ്റ്, അല്ലാത്തവർക്ക് വേസ്റ്റ്! ടിപ്പിക്കൽ വിജയ് ചിത്രത്തിന് വിനയാവുന്നത് ലോജിക്കില്ലാത്ത പെരും കത്തികൾ; തമിഴിൽ അരങ്ങേറി ഷൈൻ ടോം ചാക്കോ; വിമർശിക്കുന്നത് ഇസ്ലാമിനെയല്ല തീവ്രവാദത്തെ; ഐസിസിനെ തൊടുമ്പോൾ കുവൈത്തിനും ഖത്തറിനും പൊള്ളുന്നത് എന്തുകൊണ്ട്?
ഈ കുവൈത്തിലെയും ഖത്തറിലെയുമൊക്കെ വാർത്താവിതരണ മന്ത്രാലയത്തിൽ ഇരിക്കുന്നവരൊക്കെ എത്രമാത്രം മണ്ടന്മാരാണെന്നാണ്, തമിഴ് സൂപ്പർസ്റ്റാർ വിജയിയുടെ പുതിയ ചിത്രമായ ബീസ്റ്റ് കണ്ടിറങ്ങിയപ്പോൾ ആദ്യം തോന്നിയത്. ഒരു സാദാ കൊമേർഷ്യൽ ചിത്രത്തിന്, ഇസ്ലാമിനെതിരെ എന്തോ വിമർശനം ഉണ്ടെന്ന് പ്രചാരണം വന്നതോടെ മുൻപിൻ നോക്കാതെ നിരോധനം ഏർപ്പെടുത്തിയിരിക്കയാണ് ഈ രാജ്യങ്ങൾ. തമിഴ്‌നാട്ടിലാകട്ടെ തമിഴ് മാനില മുസ്ലിംലീഗ് എന്ന സംഘടന ബീസ്റ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. ( ഇത് പക്ഷേ വാർത്തയായത് മുസ്ലിം ലീഗിന്റെ പേരിലാണ്. എന്നാൽ തമിഴ് മാനിലാ മുസ്ലിം ലീഗും സാക്ഷാൽ മുസ്ലീലീഗും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും തങ്ങൾ അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും മുസ്ലിം ലീഗ് തമിഴ്‌നാട് നേതാക്കളും വ്യക്തമാക്കുന്നു! )
എന്തായാലും എന്തോ ഒന്ന് ഇസ്ലാമിനെതിരെ ഈ ചിത്രത്തിൽ ഉണ്ടെന്നാണ് പൊതുവെ പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ അത് പൂർണ്ണമായും അടിസ്ഥാന രഹിതമായിരുന്നെന്ന് ചിത്രം കണ്ടാൽ മനസ്സിലാവും. കൃത്യമായ ഒരു പൊളിറ്റിക്കൽ ഫോക്കസ് കൊടുക്കാൻ പോലും ബലമില്ലാത്ത ഒരു തിരക്കഥ വെച്ച് ഉണ്ടാക്കിയ, ജോസഫ് വിജയ് എന്ന താരത്തിന്റെ അടപടലം പുണ്ടുവിളയാട്ടത്തിനുവേണ്ടി ഉണ്ടാക്കിയ ടിപ്പിക്കൽ ഫാൻ മെയ്ഡ് ചിത്രമാണിത്. ചിത്രം വിമർശിക്കുന്നത് ഇസ്ലാമിനെയല്ല ഐസിസിനെയാണ്. ഐസിസ് ഭീകരർ തമിഴ്‌നാട്ടിലെ ഒരു മാളിൽ കയറി, 250ഓളം പേരെ ബന്ദിയാക്കുന്നതും, അവരെ നായകൻ രക്ഷിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
പാക്കിസ്ഥാനും സർജിക്കൽ സ്ട്രൈക്കും, താടിവെച്ച ജിഹാദികളുമൊക്കെ ചിത്രത്തിൽ വരുന്നുണ്ട് എന്നല്ലാതെ, ഒരു ഇസ്ലാമിക വിശ്വാസിക്കും കുരുപൊട്ടാനുള്ള യാതൊരു വകുപ്പം ഇതിലില്ല. ഐസിസിനെ വിമർശിക്കുന്ന എത്രയോ ചിത്രങ്ങൾ ലോകത്ത് ഇറങ്ങിയിട്ടുണ്ട്. അവയൊക്കെ കുവൈത്തും ഖത്തറും നിരോധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ മനുഷ്യനെ നിരത്തിനിർത്തി വെട്ടിക്കൊല്ലാൻ യാതൊരു മടിയുമില്ലാത്ത ക്രൂരതയുടെ പര്യായമായ ഐസിസിനെ വിമർശിക്കുന്നത് എങ്ങനെയാണ്, ഇസ്ലാമോ ഫോബിയ പരത്തൽ ആവുക. ( തമിഴകത്ത് എവിടെ ഐസിസ് എന്ന് ചോദിക്കാൻ വരട്ടെ, കേരളത്തിൽ പോലും നുറോളം പേർ സിറിയയിൽ എത്തിയതും ചിലർ പൊട്ടി മരിച്ചതും ഓർമ്മയില്ലേ. തമിഴ്‌നാട്ടിൽ നിന്നും ഇരുനൂറിൽ അധികം പേർ സിറിയയിൽ എത്തിയിട്ടുണ്ടെന്നാണ് പറയുന്നത്)
ഖത്തറും, കുവൈത്തും പോലുള്ള രാജ്യങ്ങളും തമിഴ്‌നാട്ടിലെയും കേരളത്തിലെയും സ്വത്വഷുഡുക്കളും മനസ്സുകൊണ്ട് ഇസ്ലാമിക തീവ്രവാദികൾക്ക് ഒപ്പമാണെന്നാണ് ഈ ചിത്രത്തിനോടുള്ള പ്രതികരണങ്ങൾ ഓർമ്മിപ്പിക്കുന്നത്. ഓർക്കണം, സംഘപരിവാറിന്റെ കണ്ണിലെ ഏറ്റവും വലിയ കരടായിരുന്നു ജോസഫ് വിജയ് എന്ന 50 കോടിയിലേറെ പ്രതിഫലം പറ്റുന്ന ഈ 45കാരൻ. അന്ന് വിജയിയെ കൈയടിച്ച് പ്രോൽസാഹിപ്പിച്ചവരാണ് ഈ സോ കോൾഡ് ഇസ്ലാമിസ്റ്റുകൾ. ഇപ്പോൾ ഐസിസിനെയും ജിഹാദികളെയും വിമർശിച്ചതോടെ അയാളും 'സംഘി' ആയിരിക്കുന്നു! (വിശ്വരൂപം സിനിമയുമായി ബന്ധപ്പെട്ട് സമാനമായ അനുഭവമാണ് കമൽഹാസനും ഉണ്ടായത്. ഒരു ആയുഷ്‌ക്കാലം മുഴുവൻ ന്യുനപക്ഷങ്ങൾക്കായി പ്രവർത്തിച്ച നടനാണ് കമൽ. എന്നിട്ടും തന്റെ വീട് പോലും പണയത്തിലാണെന്നും റിലീസ് അനുവദിക്കണമെന്നും അദ്ദേഹത്തിന് വികാരഭരിതനായി പറയേണ്ടിവന്നു)
സിനിമയുടെ രാഷ്ട്രീയം വിട്ട്, കലാപരമായ നിലവാരത്തിലേക്ക് കടന്നാൽ ബീസ്റ്റ് വെറും വേസ്റ്റ് ആണെന്ന് പറയേണ്ടിവരും. വിജയ് ഫാൻസിന് ആഘോഷിക്കാനുള്ള എല്ലാ വകുപ്പുകളും ഇതിലുണ്ട്. പക്ഷേ അയാളുടെ ആട്ടവും പാട്ടും ഇടിയും വെടിയും കാണാൻ മാത്രമല്ലാതെ, സിനിമ ആസ്വദിക്കാനായി എത്തുന്നവർക്ക് വലിയ നിരാശയാണ് ഈ ചിത്രം ഉണ്ടാക്കുക. നിലവാരമില്ലാത്ത തിരക്കഥയും, വിജയ് സിനിമകളുടെ സ്റ്റാമ്പിങ്ങായ പെരും കത്തിയുമെല്ലാം ചേരുമ്പോൾ, നിലവാരമില്ലാത്ത ഒരു പടമായാണ് ഇത് മാറുന്നത്.
റോ സീക്രട്ട് എജന്റിന്റെ മിഷനുകൾ
തിരക്കഥയിൽ കാര്യമായ ശ്രദ്ധ വരുത്തുകയാണെങ്കിൽ റാംബോ സിനിമകളെയും, ജെയിംസ് ബോണ്ട് സിനിമകളുടെയൊക്കെപ്പോലെ ഒരു ആക്ഷൻ ഓറിയൻഡഡ് മിലിട്ടറി ത്രില്ലർ ആയി ഈ ചിത്രത്തെ മാറ്റാമായിരുന്നു. കോലമാവ് കോകില, ഡോക്ടർ തുടങ്ങിയ ജനപ്രിയ ചിത്രത്തിന്റെ സംവിധായകൻ നെൽസൺ ദിലീപ് കുമാർ പക്ഷേ ഇവിടെ സ്‌ക്രിപ്റ്റിൽ തീരെ ശ്രദ്ധിച്ചില്ല എന്ന് പറയാം.
വീരരാഘവൻ എന്ന സീനിയർ റോ ഏജന്റ് ആണ് വിജയ് അവതരിപ്പിക്കുന്ന നായകൻ. ചിത്രം തുടങ്ങുന്നതുതന്നെ അധിനിവേശ കാശ്മീരിലാണ്. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നവദ്വാരങ്ങളിലുടെയും ക്യാമറ കറങ്ങിയതിനുശേഷം മാത്രം നായകന്റെ മുഖം കാണിക്കുന്ന രീതി ഇവിടെയില്ല. വളരെ സിമ്പിളായി ചിരിച്ചുനിൽക്കുന്ന വിജയ്യെ നേരിട്ട് കാണിക്കയാണ്. ഇത് മാത്രമാണ് ചിത്രത്തിലെ എക വ്യത്യസ്തതയായി തോന്നിയത്.
ഒരു വർഷത്തോളം മുമ്പ് പാക്ക് അധിനിവേശ കാശ്മീരിൽ നടത്തിയ, തീവ്രവാദികൾക്കെതിരായ ആക്രമണത്തിൽ, താൻ ഏറെ സ്നേഹിച്ചിരുന്ന ഒരു കുട്ടി കൊല്ലപ്പെട്ടതിനെത്തുടർന്ന് കടുത്ത മാനസിക സംഘർഷവും വിഷാദവുമാണ് വീരരാഘവന് ഉണ്ടായത്. ഇതോടെ അയാൾ ജോലിയിൽ നിന്ന് അവധിയെടുത്ത് നാട്ടിലെത്തുന്നു. ഡിപ്രഷനിലൂടെ കടന്നുപോകുന്ന വീര യാദൃശ്ചികമായി ഒരു സൈനിക മിഷൻ മുന്നിലെത്തുകയാണ്. ഒരു സെക്യൂരിറ്റി ഏജൻസിയിൽ ജോലി നോക്കുന്ന അയാൾ എത്തിപ്പെടുന്നത് ഒരു മാളിൽ ഐഎസ് തീവ്രവാദികൾ 250 ഓളം പേരെ ബന്ദിയാക്കിയ ഇടത്തേക്കാണ്. താൻ പണ്ട് അധിനിവേശ കശ്മീരിൽ വെച്ച് പിടിച്ച് ഇന്ത്യൻ തടവറയിലുള്ള ഐഎസ് ഭീകനെ വിട്ടുകൊടുക്കണമെന്നാണ് തീവ്രവാദികളുടെ ആവശ്യം. കൊല്ലാൻ അവരും, രക്ഷിക്കാൻ വീരരാഘവനും.
പ്രധാന കഥാപരിസരമായ ഷോപ്പിങ് മാളിലേക്ക് പ്രേക്ഷകരെ എത്തിച്ചതിനു ശേഷം ചിത്രത്തിന്റെ മൂഡ് കൃത്യമായി സെറ്റ് ചെയ്യുന്നുമുണ്ട് സംവിധായകൻ. എന്നാൽ ആവേശം പകരുന്ന ഈ തുടക്കത്തിന് തുടർച്ച കണ്ടെത്തുന്നതിൽ നെൽസൺ അത്ര കണ്ട് വിജയിക്കുന്നില്ല. ഒരു ആക്ഷൻ ത്രില്ലറിന് അനുയോജ്യമായ സെറ്റിങ് എല്ലാം ഒരുക്കിയിട്ടും ആദ്യാവസാനം പിടിച്ചിരുത്തുന്ന ഒരു അനുഭവമാക്കി ബീസ്റ്റിനെ മാറ്റാൻ കഴിയുന്നില്ല.
പതിവ് വിജയ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ആകെ രണ്ട് പാട്ടുകളാണ് ഈ ചിത്രത്തിൽ ഉള്ളത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും അതിന്റെ കോടികൾ ചെലവിട്ട ചിത്രീകരണവും വിജയ് ഫാൻസിനെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ്. വിജയ്യെ നന്നായി അവതരിപ്പിച്ചിട്ടുള്ള ചിത്രമാണ് ബീസ്റ്റ്. വിജയുടെ പഞ്ച് ഡയലോഗുകളും, സംഘട്ടനരംഗങ്ങളിലെ പ്രസരിപ്പും കൈയടി ഉയർത്തുന്നുണ്ട്. പക്ഷേ പല ടൈപ്പ് വിജയ് നമ്പറുകളും മാനറിസങ്ങളും ഇവിടെ ഒഴിവാക്കിയിട്ടുമുണ്ട്. നായിക പൂജ ഹെഗ്ഡെയ്ക്ക് കാര്യമായി റോൾ ഒന്നുമില്ല.
വിടിവി ഗണേശും യോഗി ബാബുവും സംഘവും ഒരുക്കുന്ന കോമഡി ട്രാക്ക് ചിലപ്പോൾ ബോർ ആവുന്നുമുണ്ട്. തമിഴ് അരങ്ങേറ്റം നടത്തുന്ന ഷൈൻ ടോം ചാക്കോയ്ക്ക് ഒരു പ്രധാന കഥാപാത്രത്തെയാണ് ലഭിച്ചത്. ഐഎസ് ഭീകരന്റെ റോൾ ഷൈൻടോം ചാക്കോ മോശമാക്കിയിട്ടില്ല. മലയാളി താരം അപർണ ദാസിനും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിച്ചത്.
ലോജിക്കില്ലാത്ത പെരുകത്തികൾ
ഒരു നിലവാരവുമില്ലാത്ത പെരുംകത്തികൾ കണ്ട് കണ്ണടിച്ചുപോകുന്നവയാണ് സാധാരണ വിജയ് ചിത്രങ്ങൾ. പഴയ രജനികാന്ത് കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ, 35പേരെ ഒറ്റക്ക് അടിച്ച് ഇടുന്നത് അടക്കമുള്ള 'മാരക' കത്തികൾ ഇപ്പോഴും വിജയ് സിനിമകളിൽ ധാരാളമാണ്്. ഈ പടത്തിൽ തോക്കും ബോംബും കൊണ്ടുള്ള അയ്യരുകളിയാണ്. പത്തിരുപ്പത്തഞ്ച് പേർ നിരന്ന് നിന്ന് വെടിവച്ചാലും ഒറ്റയുണ്ട പോലും നമ്മുടെ നായകന് കൊള്ളില്ല. ചിലതൊക്കെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മൂളിപ്പാഞ്ഞ് പോകും. ബാഹുബലി നാല് അമ്പുകൾ ഒന്നിച്ച് എയ്യുന്നതുപോലെയാണ് ചരിഞ്ഞും മറിഞ്ഞും കരണക്കുത്തിയും ചാടിയുമൊക്കെയുടെ വിജയിന്റെ വെടികൾ. രണ്ട് ഇരുമ്പുപാളികൾ കൂട്ടാളികളെക്കാണ്ട് പരിചയാക്കിയുള്ള ആ വെടിവെപ്പ് ഒക്കെ ഒന്നുകണ്ടുനോക്കണം. അമ്പോ, ജെയിസം ബോണ്ട് വെക്കുമോ ഇതുപോലെ ഒരു വെടി!
ഷോപ്പിങ്ങ് മാളിനുള്ളിലൂടെ കാർ ഓടിച്ച് പോകുന്നു എന്ന് മാത്രമല്ല, മാളിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് കാർ ജമ്പ് ചെയ്യിക്കുമ്പോഴാണ്, ഇൻട്രവൽ പഞ്ച് വരുന്നത്. ഏറിയ കത്തികളും കണ്ടിട്ടുണ്ട് ഈ സീനിൽ ഒരു കൊടുവാൾ ആയിപ്പോയി. വിജയ് ഊതുമ്പോൾ മാളിലുള്ളവർ പറന്നുപോകുന്ന സീൻ ചിത്രീകരിക്കാത്തതിനോട് സംവിധായകനോട് നാം നന്ദി പറയണം. ഇത്രയൊക്കെ ചെയ്ത സ്ഥിതിക്ക് അതും ആവാമായിരുന്നു!
ഐഎസ് പോലുള്ള ലോകത്തിലെ ഏറ്റവും അപകടകാരികളായ തീവ്രവാദ സംഘടനകളെ എതിരാളികളാക്കി ചെയ്യുന്ന ചിത്രത്തിൽ, സംഘട്ടന രംഗങ്ങളിൽ കാര്യമായ ഹോം വർക്ക് ഒന്നും സംവിധായകൻ ചെയ്തിട്ടില്ല. എളുപ്പത്തിൽ കബളിപ്പിക്കാൻ കഴിയുന്ന മണ്ടന്മാരായൊക്കെ ഭീകരരെ ഇടക്ക് ചിത്രീകരിക്കുന്നുണ്ട്. ഇത്രയൊക്കെ കാശ് ഒഴുക്കിയിട്ടും, ഏതാനും സീനുകളിൽ മാത്രമാണ് ത്രില്ലടിപ്പിക്കാൻ കഴിയുന്നത്. പുട്ടിന് പീരയെന്നോണം ഒരു കോമഡി ട്രാക്ക്, അതിസീരിയസ് ആയ ഒരു സിനിമയുടെ ഉള്ളിലൂടെ കൊണ്ടുപോകുന്നുണ്ട്. ചിലയിടത്ത് ഇത് ഏൽക്കുന്നുണ്ടെങ്കിലും, പലയിടത്തും അരോചകവും ആവുന്നുണ്ട്. അതുപോലെ ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ തീവ്രവാദികൾക്ക് ഇടനിലക്കാരനാവുന്നതുപോലുള്ള ക്ലീഷേകളും ചിത്രത്തെ വിട്ട് ഒഴിയുന്നില്ല.
ഇളയ ദളപതിയിൽ നിന്ന് ദളപതിയിലേക്ക്
സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷമാണ് ഹോളിവുഡിൽ സ്റ്റാർവാർ സിനിമകൾ ഇറങ്ങിയത്. തങ്ങൾക്ക് ഇനി ശത്രുക്കൾ അന്യഗ്രഹജീവികൾ മാത്രമാണെന്ന് അവർ കരുതുന്നുണ്ടാവണം. അതുപോലെ പടിപടിയായി കയറിപ്പോവുകയാണ് വിജയും.
ഗുണ്ടകളെ അടിച്ചൊതുക്കുന്ന, ഒരു തെരുവ് ബാലനായാണ് വിജയയുടെ ആക്ഷൻ ചിത്രങ്ങളുടെ തുടക്കം. പിന്നെ അയാൾ ഒരു നാടിന്റെ നായകനായി. പിന്നെ തമിഴകത്തിന്റെയും ഇപ്പോൾ രാജ്യത്തിന്റെയും. ഇനി ലോകത്തിന്റെ നായകനായുള്ള സിനിമ മാത്രമാണ് വരാനുള്ളത്!
എന്തൊക്കെയായാലും രജീനീകാന്തിനുശേഷം ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായും, ജനപ്രീതിയുള്ള താരമായും ഈ നടൻ വളർന്നു കഴിഞ്ഞു. ആഗോള വ്യാപകമായി അഞ്ഞൂറുകോടിയുടെ ബിസിനസ് ആണത്രേ ഒരു വിജയ് ചിത്രം ചെയ്യുന്നത്. ഇതിൽ അമ്പത് കോടി പണമായും വിവിധ അമ്പത് കോടി മറ്റു റൈറ്റുകളുമായി നൂറുകോടിയാണ് ഈ ചിത്രത്തിന് വിജയ് പ്രതിഫലം വാങ്ങിയത് എന്നാണ് സംസാരം.
കോവിഡ് രണ്ടാം തരംഗത്തിനു ശേഷം ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ വിജയങ്ങളിലൊന്നായിരുന്നു വിജയ് നായകനായ മാസ്റ്റർ. അന്ന് ആരും സിനിമ ഇറക്കാൻപോലും ധൈര്യപ്പെട്ടിരുന്നില്ല എന്ന് ഓർക്കണം. ഇളയദളപതിയിൽ നിന്ന് പതുക്കെ തമിഴകത്തിന്റെ ദളപതിയായി തന്നെ മാറുകയാണ് ഈ 45കാരൻ. ഇനിയുള്ള രണ്ട് പതിറ്റാണ്ടുകൊണ്ട് വിജയ് ഇന്ത്യയിലെ ഒരു നടനും എത്താത്ത സ്റ്റാർഡമിലേക്ക് എത്തുമെന്നും വിലയിരുത്തലുകൾ ഉണ്ട്.
മിതഭാഷിയായ ഈ നടന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചകങ്ങളും ആരാധകർ ഇവിടെ കൂട്ടിവായിക്കുന്നുണ്ട്. ഞാൻ പൊളിറ്റീഷ്യനല്ല, സോൾജിയർ ആണ് എന്ന വിജയിന്റെ ബീസ്റ്റിലെ ഡയലോഗ് ഒക്കെ തീയേറ്ററുകളെ ഇളക്കിമറിക്കയാണ്. ഈ ചിത്രത്തിലും സാമ്പ്രദായിക രാഷട്രീയക്കാരെ വില്ലന്മാരായി തന്നെയാണ് ചിത്രീകരിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ചിത്രത്തിൽ കഥാപാത്രങ്ങൾ ആവുന്നുണ്ട്. ഇലക്ഷൻ വിജയമാണ് ഇവരുടെ അജണ്ട എന്ന് പറയാതെ പറയുന്നുണ്ട് ചിത്രം. ആ രീതിയിൽ കാണുന്നവർക്ക് ഇത് ഒരു ബിജെപി വിരുദ്ധ ചിത്രവുമാണ്. പക്ഷേ പേര് ഇസ്ലാമോഫേബിയ പരത്തുന്ന ചിത്രമെന്നും.
നേരത്തെ 2017ൽ മെർസൽ എന്ന സിനിമയുടെ പേരിൽ സംഘപരിവാർ വിജയ്ക്ക് നേരെ തിരിഞ്ഞിരുന്നു. ആ മാസ് സിനിമയുടെ അഞ്ച് മിനിറ്റായിരുന്നു പ്രശ്നം. ജിഎസ്ടിയെക്കുറിച്ച് ഡോ. വെട്രിമാരൻ എന്ന വിജയിന്റെ കഥാപാത്രം നിർത്താതെ സംസാരിക്കുന്ന ആ രണ്ടര മിനിറ്റാണ് ഒന്ന്. രണ്ട് ക്ഷേത്രങ്ങളെക്കുറിച്ച്, വെട്രിമാരന്റെ അപ്പൂപ്പൻ (വിജയിന്റെ തന്നെ ഡബിൾ റോൾ) സംസാരിക്കുന്നതും. ആദ്യം പറഞ്ഞ രണ്ടരമിനിറ്റിലും വിജയ് പറയുന്നത്, കേന്ദ്രസർക്കാരിന്റെ ജിഎസ്ടി എന്ന ചരക്ക് സേവനനികുതി എങ്ങനെ ജനങ്ങളെ പിഴിയുന്നു എന്നാണ്. സിംഗപ്പൂരിൽ വൈദ്യശാസ്ത്ര ഉപകരണങ്ങൾക്കും മരുന്നുകൾക്കും വെറും ഏഴ് ശതമാനമാണ് ജിഎസ്ടിയെന്നും, പൊതുജനങ്ങൾക്ക് ചികിത്സ സൗജന്യമാണെന്നും ഡോ. വെട്രിമാരൻ തുറന്നടിക്കുന്നു. നമ്മുടെ നാട്ടിലോ, ജിഎസ്ടി 28 ശതമാനം. കോർപ്പറേറ്റ് ആശുപത്രികൾ സാധാരണക്കാരായ രോഗികളെ പിഴിയുന്നു. ഇത് ചൂഷണമല്ലാതെ മറ്റെന്താണ്? വിജയ് ചോദിക്കുന്നു.
'നിങ്ങളുടെ കുട്ടികൾക്ക് ചികിത്സ കിട്ടുന്നില്ലെങ്കിൽ, വൃദ്ധർക്ക് വൈദ്യസഹായം കിട്ടുന്നില്ലെങ്കിൽ അതിന് വേണ്ടതെന്തെന്നാണ് ആദ്യം ആലോചിക്കേണ്ടത്. ആദ്യം അമ്പലങ്ങൾ പണിയാനല്ല, ആശുപത്രികൾ പണിയാനാണ് പണം ചെലവാക്കേണ്ടത്'', എന്ന് സിനിമയിലെ നായകനായ വെട്രിമാരന്റെ അപ്പൂപ്പൻ വെട്രി പറയുന്നു. മധുരയിലെ ഒരു നാട്ടുപ്രമാണിയായ വെട്രിയായി വേഷമിട്ടതും വിജയ് തന്നെയായിരുന്നു. ഒട്ടും വൈകാതെ, ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ എച്ച് രാജ ആദ്യവെടി പൊട്ടിച്ചു. 'വിജയ് ഇങ്ങനെ പറയുന്നതിൽ അദ്ഭുതമില്ല. കാരണം വിജയ് ഒരു ക്രിസ്ത്യാനിയാണ്!' എന്നായിരുന്നു രാജയുടെ പ്രസ്താവന. അതിന് തെളിവായി അദ്ദേഹത്തിന്റെ സർട്ടിഫിക്കേറ്റിലെ ജോസഫ് വിജയ് എന്ന പേരും രാജ പുറത്തുവിട്ടു.
പക്ഷേ തമിഴ് ജനത അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു. ഇതിന്റെ പേരിൽ വിജയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ് നടത്തിയതും ആരും മറന്നിട്ടുണ്ടാവില്ല. പക്ഷേ ഈ എതിർപ്പുകളെയെല്ലാം അവഗണിച്ച് അയാൾ വളരുകയാണ്. ബീസ്റ്റിന് കൈവന്ന രാഷ്ട്രീയ പ്രാധാന്യം നൽകുന്ന സൂചനയും അതുതന്നെ.
വാൽക്കഷ്ണം: ഇപ്പോൾ ദക്ഷിണേന്ത്യൻ സിനിമ തന്നെയാണ് ഇന്ത്യൻ സിനിമയെ നയിക്കുന്നത്. യഷിന്റെ കെജിഎഫ് 2 ഇറങ്ങാൻ ഇരിക്കുന്നു. അല്ലു അർജുന്റെ പുഷ്പയും പാൻ ഇന്ത്യൻ ഹിറ്റായി. ശങ്കറിന്റെയു രാംഗോപാൽ വർമ്മയുടെയും കാലത്തെ പ്രതാപത്തിലേക്ക് തെന്നിന്ത്യൻ സിനിമ തിരിച്ചുവന്നിരിക്കുന്നു. അപ്പോൾ നോക്കുക, മലയാളത്തിൽ ആകെ ഒരു മിന്നൽ മുരളിയാണ് പാൻ ഇന്ത്യൻ സിനിമയായി ഉയർന്നുവന്നന്നത്. ഈ ഒരു അവധിക്കാലത്തും മലയാളത്തിൽ താരചിത്രങ്ങളുടെ റിലീസുകൾ പോലുമില്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ