ഇൻഡോർ: ഇൻഡോറിൽനിന്ന് അമ്പതു കിലോമീറ്ററോളം അകലെ ഉദയ് നഗറിൽ കൊല്ലപ്പെട്ട സിസ്റ്റർ റാണി മരിയയെ വാഴ്‌ത്തപ്പെട്ടവളാക്കി പ്രഖ്യാപിക്കുന്ന ചടങ്ങ് തുടങ്ങി. ഇന്ത്യയിൽ ആദ്യമായാണ് ഒരു വനിതാ രക്തസാക്ഷി വാഴ്‌ത്തപ്പെടുന്നത്. ഇൻഡോർ സെയ്ന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിനു സമീപത്തെ സെയ്ന്റ് പോൾ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ്. രാവിലെ പത്തിന് വാഴ്‌ത്തപ്പെട്ട രക്തസാക്ഷിപദവി പ്രഖ്യാപനച്ചടങ്ങുകൾ ആരംഭിക്കും. കഴിഞ്ഞ മാർച്ച് 23-ന് വത്തിക്കാൻ ഇത് അംഗീകരിച്ചെങ്കിലും പ്രഖ്യാപനം വരുന്നത് ഇപ്പോഴാണ്.

വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള സംഘത്തിലെ കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിക്കിടയിലായിരിക്കും പ്രഖ്യാപനം. സിസ്റ്റർ റാണി മരിയയെ വാഴ്‌ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയർത്തിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കല്പന, കർദിനാൾ ഡോ. ആഞ്ജലോ അമാത്തോ ലത്തീൻ ഭാഷയിലും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിക്കും. റാഞ്ചി ആർച്ച്ബിഷപ് ഡോ. ടെലസ്ഫോർ ടോപ്പോ പ്രഖ്യാപനം ഹിന്ദിയിൽ പരിഭാഷപ്പെടുത്തും. തുടർന്ന് വാഴ്‌ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അൾത്താരയിലേക്കു പ്രദക്ഷിണം.

സി.ബി.സിഐ പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മുംബൈ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ, ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ എന്നിവർ ദിവ്യബലിയിൽ മുഖ്യസഹകാർമികരാകും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി അമ്പതോളം മെത്രാന്മാർ ശുശ്രൂഷകളിൽ പങ്കെടുക്കും.

സിസ്റ്റർ റാണി മരിയയുടെ കബറിടമുള്ള ഉദയ്നഗർ സേക്രട്ട് ഹാർട്ട് പള്ളിയിൽ അഞ്ചിനു രാവിലെ പത്തിന് ഉദയ്നഗറിൽ കൃതജ്ഞതാബലിക്ക് വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ മുഖ്യകാർമികത്വം വഹിക്കും. കേരളത്തിൽനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അൽമായർ തുടങ്ങി 12,000 പേർ വാഴ്‌ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപന ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്നുണ്ട്.

എറണാകുളം അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണ് സിസ്റ്റർ റാണി മരിയ. ബിജ്നോർ, സത്ന, ഇന്തോർ രൂപതകളിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1995 ഫെബ്രുവരി 25-ന് ആണ് ഒരു വാടകക്കൊലയാളി സിസ്റ്റർ റാണി മരിയയെ കൊല്ലുന്നത്. എറണാകുളം പെരുമ്പാവൂരിനടുത്ത് പുല്ലുവഴി വട്ടാലിൽ പൈലി-ഏലീശ്വ ദമ്പതിമാരുടെ ഏഴു മക്കളിൽ രണ്ടാമത്തെ പുത്രിയായ മേരിക്കുഞ്ഞാണ് സിസ്റ്റർ റാണി മരിയയായി മാറിയത്.

എറണാകുളം പ്രൊവിൻസിൽനിന്ന് ഭോപാൽ പ്രൊവിൻസിലേക്ക് മാറിയ അവർ ഇന്ദോറിൽനിന്ന് ഏകദേശം 50 കിലോമീറ്ററോളം അകലെയുള്ള ഉദയ് നഗറിലെ പാവപ്പെട്ട കർഷകരുടെ ഇടയിലാണ് പ്രവർത്തിച്ചത്. ജന്മിമാരിൽനിന്ന് പണം കടംവാങ്ങി കൃഷി ചെയ്ത് ജീവിക്കുന്ന ഗ്രാമീണർക്ക് സിസ്റ്റർ ഒരമ്മയും അത്താണിയുമായി മാറുകയായിരുന്നു. ഒരിക്കലും കടംവീട്ടാൻ കഴിയാത്ത പാവപ്പെട്ട കർഷകരുടെ ജീവിതം ജന്മിമാരുടെ കാൽക്കീഴിലായിരുന്നു.

അടിമപ്പണിയിൽനിന്ന് അവരെ മോചിപ്പിക്കാൻ സിസ്റ്റർ അവരുടെ ഇടയിലേക്ക് നേരിട്ടിറങ്ങി. ബാങ്കുകളിൽനിന്ന് അവർക്ക് വായ്പയെടുത്ത് നൽകി. കൃഷിയിൽനിന്ന് ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം ബാങ്കിൽ നിക്ഷേപിക്കാൻ അവരെ പഠിപ്പിച്ചു. സ്വയം തൊഴിലിൽ അവരെ പരിശീലിപ്പിച്ചു. അവരുടെ കുട്ടികൾക്ക് ഏകാധ്യാപകവിദ്യാലയം സ്ഥാപിച്ച് അറിവു പകർന്നു. കുട്ടികൾ തയ്യലും മറ്റുമായി സ്വയം തൊഴിലിലേക്കിറങ്ങിത്തുടങ്ങി. ജന്മികളിൽനിന്നുള്ള വായ്പയെടുക്കൽ ഗ്രാമീണർ നിർത്തി. അതോടെ പ്രദേശത്തെ ജന്മികൾക്ക് സിസ്റ്റർ റാണി മരിയ മുഖ്യശത്രുവുമായി.

3ഉയദ് നഗറിൽനിന്ന് കേരളത്തിലേക്ക് വരാനുള്ള യാത്രയിലാണ് സിസ്റ്റർ രക്തസാക്ഷിത്വം വരിക്കുന്നത്. ഉദയ് നഗറിൽനിന്ന് സിസ്റ്റർ യാത്ര പുറപ്പെട്ട ബസിൽ സമുന്ദർ സിങ് എന്ന ഗുണ്ടയും ഉണ്ടായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത ജീവൻ സിങ്ങും ധർമേന്ദ്ര സിങ്ങും മറ്റു സീറ്റുകളിലും. യാത്രയ്ക്കിടെ സമുന്ദർ സിങ് ഡ്രൈവറോട് ബസ് നിർത്താൻ ആവശ്യപ്പെട്ടു. ബസിൽനിന്ന് ചാടിയിറങ്ങിയ അയാൾ ൈകയിലുണ്ടായിരുന്ന തേങ്ങ നടുറോഡിൽ എറിഞ്ഞു പൊട്ടിച്ചു. അതിന്റെ കഷണങ്ങൾ യാത്രക്കാർക്കെല്ലാം അയാൾ വിതരണം ചെയ്തു. ഇത് കണ്ട് ബസിലുണ്ടായിരുന്ന സിസ്റ്റർ അയാളോട് ചോദിച്ചു: ''സമുന്ദർ നീ ഇന്ന് വലിയ ആഹ്ലാദത്തിലാണല്ലോ... എന്താണ് കാര്യം.''
''ഞാൻ നിങ്ങളെ കൊല്ലാൻ പോകുകയാണ്. അതിന്റെ സന്തോഷമാണെനിക്ക്'' -ഇതായിരുന്നു നാലാം ക്ലാസ് വരെ പഠിച്ച സമുന്ദർ സിങ്ങിന്റെ മറുപടി. മറുപടിക്കുപിന്നാലെ തന്നെ ആക്രമണവും നടന്നു. ബസിൽ ഇരിക്കുകയായിരുന്ന സിസ്റ്ററെ ഇയാൾ തുരുതുരെ കുത്തി. 54 കുത്തുകളാണ് സിസ്റ്ററുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.