- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്യൂട്ടി പാർലർ വെടിവയ്പ് കേസ്: അധോലോക കുറ്റവാളി രവിപൂജാരിയെ ജൂൺ എട്ടാം തീയതി വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു; അന്വേഷണ സംഘം ബംഗളുരുവിലെത്തി കസ്റ്റഡിയിൽ വാങ്ങും
കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പു കേസിൽ അധോലോക കുറ്റവാളി രവിപൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ജൂൺ മാസം എട്ടാം തീയതി വരെയാണ് രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ട് നല്കിയിരിക്കുന്നത്.
എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. നിലവിൽ ബെംഗളൂരു പരപ്പന ജയിലിൽ വിചാരണത്തടവുകാരനാണ് ഇയാൾ.
കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടു നൽകിയത്. ക്രൈംബ്രാഞ്ച് സംഘം ബംഗളുരുവിലെത്തി ഇയാളെ കസ്റ്റഡിയിൽ വാങ്ങും.
കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. ബെംഗളൂരു പരപ്പന ജയിലിൽ കഴിയുന്ന പൂജാരിയുടെ അറസ്റ്റ് , കഴിഞ്ഞ ഫെബ്രുവരിയിൽ ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു.
ഓൺലൈനായി എറണാകുളം അഡീ.സിജെഎം കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. തുടർന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡി അപേക്ഷ നല്കിയത്.
നടി ലീന മരിയാ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടിപാർലറിലാണു 2018 ഡിസംബർ 15 ന് ഉച്ചയ്ക്കു ശേഷം വെടിവയ്പുണ്ടായത്.
കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുക്കുകയായിരുന്നു. വിദേശത്ത് ഒളിവിലായിരുന്ന രവി പൂജാരിയെ ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിച്ചാണ് അറസ്റ്റു ചെയ്തത്. കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.