- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫ് കഴിക്കുന്ന ശീലം അവസാനിപ്പിക്കുന്നത് വരെ മുസ്ലിം വ്യാപാരികൾക്ക് ക്ഷേത്രമേളകളിൽ വിലക്ക്; ബെംഗളൂരുവിലും തീരദേശ ജില്ലകളിലും ഉയർന്ന വിവാദ നീക്കം കർണാടകയിലെ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുന്നു; ഹിജാബ് വിവാദത്തിന് പിന്നാലെ സർക്കാരിന് മറ്റൊരു തലവേദന കൂടി
മംഗളുരു: കർണാടക ക്ഷേത്ര മേളകളിൽ നിന്ന് മുസ്ലിം വ്യാപാരികളെ വിലക്കാനുള്ള നീക്കം കൂടുതൽ ജില്ലകളിലേക്ക് വ്യാപിച്ചതോടെ കർണാടകയിൽ വീണ്ടും വിവാദങ്ങൾക്ക് വഴിതുറന്നു. ഹിജാബ് വിഷയത്തിന് പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത് . തീരദേശ ജില്ലകളിലും തലസ്ഥാനമായ ബെംഗളൂരുവിലും ഉയർന്നുവന്ന വിവാദം ഹാസൻ, തുംകുരു, ചിക്കമംഗളൂരു, ശിവമോഗ ജില്ലകളിലേക്കും വ്യാപിക്കുകയാണ് .
ചരിത്രപ്രസിദ്ധമായ ബേലൂർ ചന്നകേശവ ക്ഷേത്രം, തുംകുരു ജില്ലയിലെ സിദ്ധലിംഗേശ്വര ക്ഷേത്രം, ശിവമോഗയിലെ മഹാ ഗണപതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ സംഘടിപ്പിക്കുന്ന മേളകളിൽ ഹിന്ദു വ്യാപാരികളെ മാത്രം കച്ചവടം ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം ഉയരുന്നത് .
ക്ഷേത്രപരിസരങ്ങളിലും മതമേളകളിലും മുസ്ലിം കച്ചവടക്കാരെ വിലക്കുന്ന പ്രവണത അംഗീകരിക്കാൻ സാധിക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയാണ് മുസ്ലിം വ്യാപാരികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്ത് വരാൻ കാരണമായത് .
ഏപ്രിൽ 13, 14 തീയതികളിൽ നടക്കുന്ന ലോകപ്രസിദ്ധമായ ബേലൂർ ചന്നകേശവ രഥോത്സവത്തിലും, ഏപ്രിൽ അഞ്ചിന് നടക്കുന്ന ചരിത്രപ്രസിദ്ധമായ മഹാഗണപതി മേളയിൽ ഇസ്ലാം മത വിശ്വാസികളെ പങ്കെടുപ്പിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഏപ്രിൽ 1 മുതൽ പ്രസിദ്ധമായ യെഡിയൂർ സിദ്ധലിംഗേശ്വര മേളയിൽ അഹിന്ദുക്കളെ കച്ചവടം ചെയ്യാൻ അനുവദിക്കരുതെന്ന് ബജ്റംഗ്ദൾ പ്രവർത്തകരും ജില്ലാ അധികാരികളോട് അഭ്യർത്ഥിച്ചു.
സുബ്രഹ്മണ്യേശ്വര ക്ഷേത്രത്തിൽ രാഷ്ട്രത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന, ജുഡീഷ്യറിയെ മാനിക്കാത്ത, വിശുദ്ധ മൃഗമായ പശുവിനെ വെട്ടി തിന്നുന്നവരെ കച്ചവടം നടത്താൻ അനുവദിക്കില്ലെന്ന് ചിക്കമംഗളൂരു ജില്ലയിലെ മുഡിഗെരെ ടൗണിനടുത്തുള്ള ഗോണിബീഡു ഗ്രാമത്തിൽ ഹിന്ദു പ്രവർത്തകർ ബാനർ സ്ഥാപിച്ചിരിക്കുകയാണ്. അടുത്തിടെ ഹിന്ദു സംഘടനകൾ പുത്തൂർ മാരികംബ, മംഗളൂരു മാറികംബ, ഉഡുപ്പിയിലെ മാരിഗുഡി ക്ഷേത്രങ്ങളിൽ മുസ്ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
അതേസമയം, ബീഫ് കഴിക്കുന്ന ശീലം അവസാനിപ്പിക്കുന്നത് വരെ മുസ്ലിം വ്യാപാരികൾക്ക് നിരോധനം തുടരുമെന്ന് ശ്രീരാമസേന സ്ഥാപകൻ പ്രമോദ് മുത്തലിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. മുസ്ലീങ്ങളുമായുള്ള വ്യാപാരം നിരോധിക്കണമെന്ന ആവശ്യം കർണാടകയിൽ ശക്തമായിരിക്കുകയാണെന്നും, മുസ്ലീങ്ങളുടെ ചിന്താഗതി മാറുന്നതുവരെ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വിഘടനവാദ ചിന്താഗതി രാജ്യത്തിന് അപകടകരമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. വിവാദത്തിന് കാരണം ഭരണകക്ഷിയായ ബിജെപി സർക്കാർ ആണെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്