കോയമ്പത്തൂർ: കേരളത്തിൽ തിങ്കളാഴ്ച മുതൽ കാലിച്ചന്തകൾ സജീവമാകും കേരളത്തിലും തമിഴ്‌നാട്ടിലും കന്നുകാലി വ്യാപാരികൾ നടത്തി വന്നിരുന്ന സമരം പിൻവലിക്കാൻ തീരുമാനമായി. ഇതുസംബന്ധിച്ച് പ്രഖ്യാപനം തിങ്കളാഴ്‌ച്ച നടത്തും.

ഇതോടെ ചൊവ്വാഴ്‌ച്ച മുതൽ കേരളത്തിലേക്ക് കന്നുകാലി വാഹനങ്ങളെത്തി തുടങ്ങും. ചന്തകൾ തുറന്നു പ്രവർത്തിക്കുന്നതോടെ അടഞ്ഞുകിടക്കുന്ന ഇറച്ചിക്കടകളും തുറക്കും. കേരളത്തിലേക്ക് വരുന്ന കന്നുകാലി വാഹനങ്ങൾ തടഞ്ഞ് ചില സംഘടനകൾ കാലികളെ കടത്തിക്കൊണ്ടു പോകുന്നതിൽ രണ്ടുസർക്കാറുകളുടേയും നടപടി ആവശ്യപ്പെട്ടാണ് വ്യാപാരികൾ കഴിഞ്ഞ മാസം 19 മുതൽ സമരം നടത്തിവന്നിരുന്നത്. ഇന്നലെ വൈകീട്ട് കോയമ്പത്തൂർ ജില്ലാ കലക്ടർ, എസ്‌പി മുതലായവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

കേരളത്തിലേയും തമിഴ്‌നാട്ടിലേയും കന്നുകാലി വ്യാപാരികൾ ഇന്നലെ കോയമ്പത്തൂർ സെക്രട്ടറിയേറ്റ് ഉപരോധിക്കുകയും ചെയ്തു. രണ്ടായിരത്തോളം പേരാണ് സെക്രട്ടറിയേറ്റ് ഉപരോധിച്ചത്. കഴിഞ്ഞ ദിവസം സമരസമിതി നേതാക്കൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. സമരം തീരാൻ ധാരണയായെങ്കിലും പ്രഖ്യാപനം തിങ്കളാഴ്‌ച്ച കോയമ്പത്തൂരിൽ വച്ച് നടക്കുന്ന രണ്ടുസംസ്ഥാനത്തേയും കന്നുകാലി വ്യാപാരി നേതാക്കളുടെ യോഗത്തിൽ പ്രഖ്യാപിക്കും.

കോയമ്പത്തൂർ, പൊള്ളാച്ചി ജില്ലകളിലാണ് കന്നുകാലികളെ തട്ടിക്കൊണ്ടു പോകുന്ന കൂടുതൽ സംഭവങ്ങൾ ഉണ്ടാകുന്നത്. ഇവിടെ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നാലു ഡിവൈ.എസ്‌പിമാർക്ക് ചുമതല നൽകും. തട്ടിക്കൊണ്ടു പോകുന്ന സംഭവം ഉണ്ടാകുമെന്ന് തോന്നിയാൽ വിളിച്ചാൽ പൊലീസ് സഹായം നൽകും. നേരത്തെ ഗോശാലകളിലേക്കെന്ന് പറഞ്ഞ് തട്ടിക്കൊണ്ടു പോയതിനെ വീണ്ടെടുക്കാനും നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി്ട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനകം 115 ലേറെ ലോഡുകളിലായി 30 കോടിയുടെ കന്നുകാലികളെയാണ് തമിഴ്‌നാട്ടിൽ ചില സംഘടനകൾ വാഹനങ്ങൾ തടഞ്ഞ് തട്ടിക്കൊണ്ടു പോയിരുന്നത്. ഗോശാലകളിലേക്കെന്നു പറഞ്ഞ് തട്ടിക്കൊണ്ടു പോയ കന്നുകാലികളെ ഹൈക്കോടതി വിധി കിട്ടിയിട്ടുപോലും തിരിച്ചു കിട്ടാത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.ഗോശാലയിലെക്കെന്ന് പറഞ്ഞു കൊണ്ടു പോകുന്ന കന്നുകളെ അവിടെ കാണാത്ത അവസ്ഥയാണെന്ന് കച്ചവടക്കാർ പറയുന്നു. ലോറികളിൽ കന്നുകാലികളെ കൊണ്ടുവരുമ്പോൾ തടഞ്ഞ് പണം ആവശ്യപ്പെടുന്ന സംഘങ്ങളുണ്ട്. കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ഇവർക്ക് നൽകേണ്ടി വരാറുണ്ട്.

നേരത്തെ ജന്തുദ്രോഹത്തിന്റെ പേരിൽ വാഹനം തടഞ്ഞിരുന്നവർ ഇപ്പോൾ ബീഫ് നിരോധനത്തിന്റെ പേരിലാണ് വണ്ടികൾ തടയുന്നത്. സമരത്തെ തുടർന്ന കേരളത്തിലെ 40 ലേറെ കന്നുകാലി ചന്തകളുടെ പ്രവർത്തനം സ്തംഭിച്ചിരുന്നു.കന്നുകാലി വ്യാപാര ക്ഷേമസമിതിയുടെ കേരള നേതാക്കളായ എം.കെ. ഉമ്മർ മാസ്റ്റർ, എ.യൂസഫ്, കല്ലുങ്ങൽ മുഹമ്മദ്കുട്ടി, പി.എം.ആദം, പി.പരമേശ്വരൻ, എന്നിവരും തമിഴ്‌നാട്ടിൽനിന്ന് വെട്രിക് ശെൽവൻ, ഒട്ടംഛദ്രം വെങ്കിടേഷ്, കരിയാപ്പെട്ടി ശെൽവൻ തുടങ്ങിയവർ പങ്കെടുത്തു.

തമിഴ്‌നാട്ടിലെ ഹനുമാൻ സേന, ശിവസേന തുടങ്ങിയ സംഘടനകളിലുള്ളവരാണ് കാലിവാഹനങ്ങൾ തടഞ്ഞിരുന്നത്. പ്രശ്‌നം വർഗീയമാക്കി ചിത്രീകരിക്കാതെപരിഹരിക്കാനാണ് കേരളത്തിലെ വ്യാപാരികൾ ശ്രമിച്ചത്.