ആലപ്പുഴ: ബീഫ് ഫ്രൈയ്ക്കു പകരം ബീഫ് കറി നൽകിയെന്ന കാരണം പറഞ്ഞ് ഹോട്ടൽ ജീവനക്കാരന്റെ തല അടിച്ചുതകർത്തു. എസ്എൽ പുരത്ത് ഹോട്ടൽ ഊട്ടുപുരയിലെ ജീവനക്കാരൻ പൊള്ളേത്തൈ സ്വദേശി ഭാസ്‌കരനാണ് (60) ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. 3 യുവാക്കളാണ് മദ്യ ലഹരിയിൽ ഭാസ്‌കരനെ ആക്രമിച്ചത്.

കഴിഞ്ഞ ആഴ്ച ബീഫ് ഫ്രൈ ചോദിച്ചപ്പോൾ ബീഫ് കറി കൊടുത്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഹോട്ടലിന്റെ അടുക്കളയിൽ കയറിയാണ് ഭാസ്‌കരനെ ആക്രമിച്ചത്. തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റ ഭാസ്‌കരന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തും. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളിൽ പ്രതികളെ കണ്ടെത്തിയിട്ടുണ്ട്. മാരാരിക്കുളം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.