മലപ്പുറം: ബീഫിൽ തിളച്ച് മറിയുകയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചാരണ പരിപാടികൾ. ബീഫിലെ നിലപാട് ജനങ്ങളോട് വിശദീകരിച്ച് കുഴങ്ങിയിരിക്കുകയാണ് ബിജെപ സ്ഥാനാർത്ഥി ശ്രീപ്രകാശ്. വിജയിച്ചാൽ നല്ല ബീഫ് ലഭ്യമാക്കുമെന്നും കശാപ്പുശാലകൾ എയർ കണ്ടീഷനാക്കുമെന്നും വാചകമടിച്ച മലപ്പുറം പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എൻ. ശ്രീപ്രകാശ് തൊട്ടടുത്ത ദിവസം തന്നെ നിലപാട് തിരുത്തി മലക്കം മറിഞ്ഞു. ഇതാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും പുതിയ ബീഫ് വിശേഷം.

ഗോവധ നിരോധനത്തിൽ ബിജെപി ദേശീയ നേതൃത്വം എടുത്ത നിലപാടിന് വിരുദ്ധമായി ശ്രീ പ്രകാശ് നിലപാട് പ്രസ്താവിച്ചതോടെ തിരുത്തുമായി വാരാൻ നേതൃത്വം ശ്രീപ്രകാശിനു മേൽ സമ്മർദവുമായി എത്തുകയായിരുന്നു. ഈ വിഷയത്തിൽ ബിജെപിക്കുള്ളിൽ തന്നെ ഭിന്നതയും രൂപപ്പെട്ടു. ഇതോടെ നിലപാട് തിരുത്താൻ ശ്രീപ്രകാശ് നിർബന്ധിതനായി. ഇപ്പോൾ ബീഫിലെ നിലപാട് വ്യക്തമാക്കാൻ മലപ്പുറത്തെ പ്രചാരണങ്ങളിൽ പാട്‌പെടുകയാണ് ബിജെപിയും സ്ഥാനാർത്ഥിയും.

രണ്ട് ദിവസം മുമ്പ് മലപ്പുറം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദി പ്രസ്' പരിപാടിയിലാണ് ശ്രീ പ്രകാശ് തന്നെ ജയിപ്പിക്കുകയാണെങ്കിൽ മലപ്പുറത്ത് ഹലാൽ ബീഫ് ലഭ്യമാക്കുമെന്ന പ്രസ്താവനയുമായി രംഗത്ത് വന്നത്. മലപ്പുറത്തെ വോട്ടർമാരുടെ മനസ്സറിഞ്ഞുള്ള പ്രസ്താവന നടത്തിയ സംതൃപ്തിയിലായിരുന്നു ശ്രീ പ്രകാശ്. സ്ഥാനാർത്ഥിയുടെ പ്രസ്ഥാവന പ്രതീക്ഷയോടെയാണ് വോട്ടർമാരും കണ്ടത്. എന്നാലും തെല്ലൊരു സംശയം മലപ്പുറത്തെ ജനത ബാക്കിയാക്കിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഈ സംശയം ശരിവെക്കുന്നതായി സ്ഥാനാർത്ഥിയുടെ നിലപാട് മാറ്റം.

പ്രസ്സ് ക്ലബ് പരിപാടിയിൽ ബിജെപി സ്ഥാനാർത്ഥി ശ്രീ പ്രകാശ് പറഞ്ഞതിങ്ങനെ:
തന്നെ ജയിപ്പിക്കുകയാണെങ്കിൽ മലപ്പുറം മണ്ഡലത്തിലെല്ലായിടത്തും ആവശ്യത്തിന് ബീഫ് ലഭ്യമാക്കും.നല്ല ബീഫ് കഴിക്കുന്നതിനോട് ബിജെപിക്ക് എതിർപ്പില്ല. ബീഫ് നിരോധനമുള്ള സംസ്ഥാനങ്ങളിൽ പശുവിനെ കശാപ്പ് ചെയ്യുന്നതാണ് നിയമലംഘനമാവുന്നത്. കോൺഗ്രസ് ഭരിക്കുമ്പോഴാണ് പല സംസ്ഥാനങ്ങളിലും ബീഫ് നിരോധനം ഏർപ്പെടുത്തിയത്.പല സംസ്ഥാനങ്ങളിലും ചത്ത കാലികളുടെ മാംസം പോലും ഭക്ഷണമാക്കുന്നുണ്ട്. ബിഫ് നിരോധനത്തെ അനുകൂലിക്കുന്നയാൾ എന്ന പേരിൽ തനിക്കാരും വോട്ടു ചെയ്യാതിരിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യർത്ഥിച്ചു.

പശുവിനെക്കൊന്നാൽ തൂക്കിലേറ്റുമെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി രമൺസിങ് പ്രഖ്യാപിച്ച ദിവസം തന്നെയാണ് മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയുടെ ബീഫ് അനുകൂല നിലപാട്. നേരത്തേ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബീഫ് വിഷയത്തിൽ ബിജെപിയുടെ തന്ത്രം ഈ രീതിയിലായിരുന്നു. സ്ഥാനാർത്ഥിയുടെ പ്രസ്താവനക്കു പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ബിജെപി ക്കുള്ളിലും ബീഫ് തിളച്ചു മറിഞ്ഞു. പാർട്ടി നിലപാട് മറികടന്നുവെന്ന് ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വവും ഇടപെട്ടു.

ഒടുവിൽ മാധ്യമങ്ങൾക്കു മുന്നിൽ ശ്രീ പ്രകാശ് തിരുത്തി പറഞ്ഞതിങ്ങനെ:
ഗോവധ നിരോധനമെന്ന പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് എതിരല്ല. കേരളത്തിൽ നിരോധനം വരാത്തിടത്തോളം കാലം തയെില്ല. ഗോവധം നിരോധിക്കണമെന്ന പാർട്ടിയുടെ നിലപാടിൽ നിന്നും പുറത്ത് പോയിട്ടില്ല. ഗോമാതാവിനെ ഒരു വിഭാഗം ആളുകൾ ദൈവമായി കാണുന്നു. ഗോമാതാവ് ഭാരതത്തിന്റെ സംസ്‌കാരത്തിന്റെ മൂല്യങ്ങളിൽപ്പെട്ടതാണ്. അതിനെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപിയുടേത്. മറിച്ചൊരു നിലപാടില്ല. ഇഷ്ടഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യില്ല. പക്ഷെ ഒരു വിഭാഗം ദൈവമായി കാണുന്ന ഗോ ക്കളെ കശാപ്പ് ചെയ്യുന്നത് അംഗീകരിക്കാനാകില്ല. സർക്കാർ നിരോധിക്കാത്തിടത്തോളം ഇവിടെ തടയില്ല. ബീഫ് വിൽപന തടയില്ലെന്നാണ് താൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതെന്നും നിരോധിക്കേണ്ടതു സംസ്ഥാന സർക്കാരാണെന്നും ശ്രീപ്രകാശ് തിരുത്തി പറയുന്നു.