പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ചു കടന്ന ബീന മാത്രമാണോ ഈ കേസിൽ പ്രതി? പൊലീസ് പറയുന്ന കഥകൾ ഒന്നുകൂടി വായിച്ചു നോക്കിയാൽ പല സംശയങ്ങളും ഉയർന്നു വരും. ഒന്നര ദിവസം നീണ്ടു നിന്ന തട്ടിക്കൊണ്ടുപോകലിന്റെ തയ്യാറെടുപ്പുകൾ മൂന്നു ദിവസം മുൻപായിരുന്നു. ഇതിൽ ബീന മാത്രമാണ് പങ്കാളിയെന്നാണ് പൊലീസ് പറയുന്നത്. സാഹചര്യത്തെളിവുകൾ വച്ചു നോക്കിയാൽ ഇത് വിശ്വാസയോഗ്യമല്ല. ബീനയുടെ ഭർത്താവെന്ന് പറയുന്ന അനീഷിനും ബീനയുടെ വീട്ടുകാർക്കും അവൾക്ക് ഒളിക്കാൻ അവസരം നൽകിയ ബന്ധുവീട്ടുകാർക്കുമെല്ലാം ഇതിൽ പങ്കുണ്ടെന്നാണ് നാട്ടുകാർ കരുതുന്നത്.

ബീനയുടെ മൊഴിയെന്ന പേരിൽ ഇന്നലെ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞ കഥ ഇതാണ്. ഗർഭം അലസിപ്പോയെന്ന വിവരം ബീന അനീഷിൽനിന്ന് മറച്ചു വച്ചു. പ്രസവകാലം അടുത്തപ്പോൾ കോഴഞ്ചേരി ആശുപത്രിയിൽ ചെന്ന് ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടു വന്ന് താൻ പ്രസവിച്ചതായി അവതരിപ്പിച്ചു. അനീഷ് ഇതു കണ്ട് കുട്ടുകാർക്ക് ചെലവ് ചെയ്തു. സംശയം തോന്നിയ ഒരു കൂട്ടുകാരൻ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് ബീനയെ പിടികൂടി. കുട്ടിയെ മാതാപിതാക്കൾക്ക് നൽകി. ബീനയെ റിമാൻഡ് ചെയ്തു-ശുഭം.

ഇനി ഈ കഥ ഒന്നു കൂടി വായിച്ചു നോക്കുമ്പോൾ സ്വാഭാവികമായി ഉയരാവുന്ന സംശയങ്ങൾ ഇതാണ്. പൂർണ ഗർഭിണിയുടെ എന്തുലക്ഷണവും അസ്‌കിതകളുമാണ് ബീനയ്ക്ക് ഉണ്ടായിരുന്നത്? മറ്റാരും തുണയില്ലാതെ, താൻ പോലും ചെല്ലാതെ അനീഷ് ഭാര്യയെ ഒറ്റയ്ക്ക് പ്രസവിക്കാൻ വിട്ടത് എന്തിന്?, പ്രസവിച്ച വിവരം അറിയിക്കാതെ എങ്ങനെ ഒരു ദിവസം കുഞ്ഞുമായി വീട്ടിലെത്തും, പ്രസവശുശ്രൂഷയ്ക്കും സഹായത്തിനുമായി ആരും കൂടെപ്പോകാതിരുന്നത് എന്തുകൊണ്ട്?, മാസങ്ങൾ തോറുമുള്ള ചെക്കപ്പ് നടത്തിയിരുന്നോ, എങ്കിൽ ആരാണ് കൂട്ടുപോയത്?, ഏത് ആശുപത്രിയിലാണ് ഇവർ ചെക്ക് അപ്പ് നടത്തിയത്?, ഗർഭം അലസാനുണ്ടായ കാരണമെന്ത്? ഒരു നാൾ ഒരു കുട്ടിയുമായി ബീന കടന്നു വരുമ്പോൾ അനീഷ് നിജസ്ഥിതി അന്വേഷിക്കാതെ കൂട്ടുകാർക്ക് പാർട്ടി നടത്തിയത് എന്തിന്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരമില്ല.

ഈ തട്ടിക്കൊണ്ടു പോകലിൽ അനീഷിനും പങ്കുണ്ടെന്ന സംശയത്തിലാണ് നാട്ടുകാർ. പൊലീസ് പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ധാരാളമുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയത് ബീന ഒറ്റയ്ക്ക് തന്നെ. പക്ഷേ, അതിന് പുറമേ നിന്നുള്ള സഹായം കിട്ടിയിട്ടുണ്ട്. അനീഷിന് ഇക്കാര്യത്തിൽ മനസറിവുള്ളതായും സംശയിക്കേണ്ടിയിരിക്കുന്നു.

30 വയസുണ്ട് ബീനയ്ക്ക്. മെലിഞ്ഞ ശരീരപ്രകൃതിയും. ഇത്തരമൊരാൾ പൂർണ ഗർഭിണി ആയാൽ വയർ വീർത്തിരിക്കും. ഇങ്ങനെ വീർത്ത വയറും ഗർഭകാലത്തിന്റെ അസ്വസ്ഥതകളുമായി ആരും ബീനയെ കണ്ടിട്ടില്ല. കുഞ്ഞുമായി വീട്ടിലെത്തിയ ബീന ഒരിക്കൽപ്പോലും മുല കൊടുത്തില്ല. പകരം സെറിലാക്ക് കലക്കി നൽകി. ഇതിനുള്ള കാരണം അനീഷിന് അന്വേഷിക്കാമായിരുന്നു. അതും ചെയ്തിട്ടില്ല. എന്നിട്ടും പൊലീസ് ബീനയ്ക്കുള്ള ബാഹ്യസഹായത്തെ കുറിച്ച് അന്വേഷിച്ചിട്ടില്ല. അനീഷിന് അടക്കം ഈ കേസിൽ പങ്കുണ്ടെന്ന് തന്നെയാണ് നാട്ടുകാരുടെ വിശ്വാസം. പൊലീസ് തുടരന്വേഷണം നടത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു.