കൊച്ചി: തട്ടിപ്പുകൾ ബീനാ കുമാരിക്ക് പുത്തരിയല്ല. നിരവധി കേസുകളാണ് ബീനാ കുമാരിക്ക് എതിരെ ഉള്ളത്. അവസാനം വയോധികയെ പറഞ്ഞ് പറ്റിച്ച് മൂന്ന് പവന്റെ മാല അടിച്ച് മാറ്റിയതോടെയാണ് ബീനാ കുമാരിയെ തേടി ഒടുവിൽ പൊലീസിന്റെ വണ്ടി എത്തിയത്. പല തവണ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് തന്ത്രപരമായി കള്ളിയെ പിടികൂടിയത്.

വയോദികയായ കലൂർ കതൃക്കടവ് സ്വദേശി എൽസിയെ ആണ് ബീനാ കുമാരി പറ്റിച്ചത്. കലൂർ പള്ളിയിലെ കുർബാന കഴിഞ്ഞിറങ്ങിയ എൽസിയോട് നിങ്ങളെ കാണാൻ മരിച്ചുപോയ തന്റെ അമ്മയെ പോലുണ്ടെന്ന് പറഞ്ഞായിരുന്നു ബീന കൂട്ടായത്.നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണെന്നും കതൃക്കടവിലാണ് താമസമെന്നും സ്വയം പരിചയപ്പെടുത്തി. പിന്നീട് എൽസിയെ പറഞ്ഞ് പറ്റിച്ച് അവരേയും കൂട്ടി സഹോദരിയുടെ വീട്ടിലെത്തിയ സ്ത്രീ വയോധികക്ക് തന്റെ മോതിരം ഊരി നൽകി വിശ്വാസത്തിലെടുത്തു. പിന്നീട് എൽസിയുടെ സഹോദരി റെജിക്ക് കുറച്ചു പണം നൽകുകയും ഭർത്താവിന്റെ ചികിത്സയ്ക്ക് സഹായം വാഗ്ദാനം ചെയ്യുകയുമായിരുന്നു.

പിന്നീട് വീട്ടിൽ നിന്നറങ്ങിയ എൽസിയോടൊപ്പം പുറത്തേക്കിറങ്ങി. സംസാരത്തിനിടെ ബീന തന്റെ റോൾഡ് ഗോൾഡായ വലിയ മാലയൂരി എൽസിയുടെ കഴുത്തിലിട്ടു കൊടുക്കുകയും പകരം എൽസിയുടെ കഴുത്തിലെ മൂന്നു പവനോളം വരുന്ന മാല വാങ്ങിയിടുകയുമായിരുന്നു. തത്കാലത്തേക്ക് വാങ്ങിയതാണെന്നും അടുത്തദിവസം തിരികെ നൽകാമെന്നും വിശ്വസിപ്പിച്ചായിരുന്നു വീട്ടുജോലിയെടുത്ത് ജീവിക്കുന്ന എൽസിയെ പറ്റിച്ചത്.

എന്നാൽ പിറ്റേദിവസം ജോലിക്കുപോയ എൽസിക്ക് കഴുത്തിൽ ചൊറിച്ചിലും അസ്വസ്ഥതയുമുണ്ടായപ്പോൾ മാല പരിശോധിക്കുകയും ചെയ്തപ്പോഴാണ് പറ്റിക്കപ്പെട്ടെന്ന് മനസിലായത്. പിന്നീട് പരാതി നൽകിയപ്പോൾ എറണാകുളം നോർത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതോടെ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിലെത്തുകയും കോടതി അത തള്ളുകയുമായിരുന്നു.

പിന്നീട് ഒളിവിൽ പോയ ബീനാകുമാരി മകളുമൊത്ത് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവരുടെ പുതിയ മൊബൈൽ നമ്പർ കഴിഞ്ഞദിവസം പൊലീസിന് ലഭിച്ചതോടെ സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ബീന കുടുങ്ങിയത്.

എൽസിക്കൊപ്പം സംഭവദിവസം ബീന നടന്നുപോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ നിന്ന് ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിത്. തുടർന്ന് ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയ വഴി പൊലീസ് വലിയ രീതിയിൽ പ്രചരിപ്പിച്ചുച്ചതോടെ തൃപ്പൂണിത്തുറ എരൂർ സ്വദേശി ഇവരെക്കുറിച്ച് പൊലീസിന് വിവരങ്ങൾ കൈമാറി.

അപ്പോൾ തന്നെ വിവരം അറിഞ്ഞ ബീന മുങ്ങുകയും ചെയ്തു. പിന്നീട് പുറത്തിറങ്ങിയാൽ പിടിയിലാകുമെന്ന് ഉറപ്പായതോടെ ഭർത്താവ് സുനോജിനെ മാല വിൽക്കാൻ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ ഇവർക്ക് പിന്നാലെയുണ്ടായിരുന്ന പൊലീസ് കലൂരിലെ ജുവലറിയിൽ മാലവിൽക്കാനെത്തിയപ്പോൾ സുനോജിനെ പിടികൂടുകയും ചെയ്തു

കോട്ടയത്തെ ഒരു വാടകവീട്ടിൽ നിന്ന് നോർത്ത് സിഐ കെ.ജെ. പീറ്റർ, എസ്.ഐ. വിബിൻദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇതിന് മുമ്പ് തട്ടിപ്പ് തൃശൂർ പാവറട്ടി പള്ളിയിലും തട്ടിപ്പ് നടത്തിയിരുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടറെന്ന് പറഞ്ഞ് പരിചയപ്പെട്ട് വയോധികയിൽ നിന്ന് വളകളും കമ്മലും ഊരി വാങ്ങി മുങ്ങുകയായിരുന്നു.