മലപ്പുറം: 'കൂടെയുള്ളവരെയെല്ലാം പടച്ചോൻ തിരിച്ചു തന്നു. ഞങ്ങളുടെ അത്താണി മാത്രം കരയില്ലാ കടലിൽ ഇന്നും എവിടെയെന്നറിയാതെ പോയി. മയ്യിത്തെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് മാത്രമാണ് പ്രാർത്ഥന '... ഒക്ടോബർ 13 ന് പൊന്നാനിയിലുണ്ടായ ഫൈബർ വള്ളം അപകടത്തിൽ പെട്ട് ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താനാവാത്ത പൊന്നാനി മുക്കാടി സ്വദേശി കുഞ്ഞി മരക്കാരകത്ത് ബീരാൻ കുട്ടിയുടെ ഭാര്യയുടെ പരിദേവനമാണിത്.

മാസങ്ങൾക്ക് മുമ്പ് വാങ്ങിയ റഫ്ഖാനയെന്ന ഫൈബർ വള്ളത്തിൽ തൊഴിലാളികൾക്കൊപ്പം ഉടമ കൂടിയായ ബീരാൻ കുട്ടിയും അപകട ദിവസം മത്സ്യബന്ധനത്തിനായി പുറപ്പെട്ടിരുന്നു. സ്ഥിരമായി മത്സ്യബന്ധനത്തിന് പോകാത്ത വള്ളമുടമ ബീരാൻ കുട്ടി തൊഴിലാളികളിലൊരാൾ അവധിയായതിനെത്തുടർന്നായിരുന്നു കടലിലിറങ്ങിയത്.

ഏറെ നാളത്തെ വറുതിക്കൊടുവിൽ ലഭിച്ച മത്സ്യലഭ്യതയറിഞ്ഞ് വലയെറിയാനെത്തിയ ബീരാൻ കുട്ടിയെയും, കൂടെയുള്ളവരെയും കാത്തിരുന്നത് ദുരന്ത വിധിയായിരുന്നു. ഒക്ടോബർ 13 ന് ബുധനാഴ്ച വൈകീട്ട് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇവരുടെ വള്ളം വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ മന്ദലാംകുന്ന് ഭാഗത്ത് വെച്ച് മറിയുകയായിരുന്നു.

അപകടത്തിൽ ബീരാൻ കുട്ടിക്ക് പുറമെ വള്ളത്തിലുണ്ടായിരുന്ന മുക്കാടി സ്വദേശികളായ പറമ്പിൽ ഹംസക്കുട്ടി, ചന്തക്കാരന്റെ ഇബ്രാഹിം, പൊന്നാനി എം.ഇ.എസ് കോളേജ് സ്വദേശി പുത്തംപുരയിൽ മുഹമ്മദാലി എന്നിവരായിരുന്നു അപകടത്തിൽ പെട്ടത്. ഹംസക്കുട്ടി പതിനൊന്ന് മണിക്കൂറോളം നീന്തി രക്ഷപ്പെട്ടു.

പിന്നീട് ആഴ്ചകൾ നീണ്ട തെരച്ചിലിനൊടുവിൽ ചന്തക്കാരന്റെ ഇബ്രാഹിം, പൊന്നാനി എം.ഇ.എസ് കോളേജ് സ്വദേശി പുത്തംപുരയിൽ മുഹമ്മദാലി എന്നിവരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.സർക്കാർ സംവിധാനങ്ങളും, മത്സ്യത്തൊഴിലാളികളും ചേർന്ന് കാണാതായവർക്ക് വേണ്ടി കാര്യക്ഷമമായ തെരച്ചിൽ നടത്തിയെങ്കിലും ബീരാൻ കുട്ടിയെ മാത്രം കണ്ടെത്താനായില്ല.

ഇതിനിടെ തെരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ബീരാൻ കുട്ടിയുടെ മക്കളുൾപ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു.എന്നാൽ ദിക്കറിയാത്ത കടലിൽപ്പെട്ട ബീരാൻ കുട്ടി ഇന്നും എവിടെയെന്നതിന് ഉത്തരമായിട്ടില്ല.ഇതോടെ കണ്ണീർക്കടൽ തോരാതെ പ്രാർത്ഥനയിലാണ് ഈ കുടുംബം.