മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭിക്ഷാടനത്തിനു വിട്ടതിനും നിർബന്ധിച്ചു വിവാഹം ചെയ്തതിനും 27 കാരനു മുംബൈയിലെ പോക്‌സോ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു. ഇയാളുടെ 50 വയസുള്ള അമ്മയ്ക്കും 48 വയസുള്ള അമ്മായിക്കും കോടതി ഏഴു വർഷം തടവുശിക്ഷയും വിധിച്ചു. 14 വയസുള്ള പെൺകുട്ടിയാണ് ഭിക്ഷാടനമാഫിയയിൽ അകടപ്പെട്ടത്.

കുടംബവഴക്കിനെ തുടർന്ന് വീടുവിട്ട് ഇറങ്ങിപ്പോയ പെൺകുട്ടിയാണ് ദുരന്തത്തിന് ഇരയായത്. അമ്മയുമായി വഴക്കിട്ട് 2013 ഒക്ടോബർ 20നാണ് പെൺകുട്ടി അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയത്. ദാദർ റെയിൽവേസ്റ്റേഷനിലെത്തിയ പെൺകുട്ടി ഇവിടെ വച്ചു കണ്ട സ്ത്രീയുമായി പരിചയത്തിലായി. മധുരമായി സംസാരിച്ച് പെൺകുട്ടിയുടെ വിശ്വാസം നേടിയ സ്ത്രീ, പെൺകുട്ടിയെ സതാരയിലെ ഒരു ഗ്രാമത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. കോടതി ശിക്ഷവിധിച്ച യുവാവിന്റെ അമ്മായി ആയിരുന്നു ഈ സ്ത്രീ.

സതാരിയിലെത്തിയ സ്ത്രീയുടെ മട്ടുമാറുകയും പെൺകുട്ടിയെ നിർബന്ധിച്ച് തന്റെ അനന്തിരവനെക്കൊണ്ടു വിവാഹം ചെയ്യിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെക്കൊണ്ട് നിർബന്ധിച്ചു ഭിക്ഷയെടുപ്പിക്കുകയും ചെയ്തു. പെൺകുട്ടി ഇതിന് വിസമ്മതിച്ചപ്പോൾ യുവാവും അമ്മയും അമ്മായിയും ചേർന്ന് അതിക്രൂരമായി മർദിച്ചു.

യുവാവിന്റെ ഒരു അയൽക്കാരനാണ് പെൺകുട്ടിയെ രക്ഷപ്പെടാൻ സഹായിച്ചത്. ഇദ്ദേഹം നല്കിയ പണംകൊണ്ട് പെൺകുട്ടി 2015ൽ സ്വന്തം വീട്ടിൽ തിരിച്ചെത്തി. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ബാലവിവാഹം തുടങ്ങിയ കുറ്റങ്ങളാണ് പോക്‌സോ കോടതിയിൽ പ്രതികൾക്കെതിരേ തെളിഞ്ഞത്.