ന്യൂഡൽഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാൻ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം സംബന്ധിച്ച കാര്യത്തിൽ വരേണ്യവർഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റുവഴികൾ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാൻ പോകുന്നതെന്നും നിരീക്ഷിച്ചു. പൊതുസ്ഥലങ്ങൾ, ട്രാഫിക് സിഗ്‌നലുകൾ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും അതിനാൽ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.

ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കിൽ ആരും ഭിക്ഷ യാചിക്കാൻ പോകില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യം. ഭിക്ഷയെടുക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കി കൊണ്ടുള്ള പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു.

'ആദ്യം നിങ്ങൾ ശ്രമിക്കേണ്ടത് ആളുകൾ തെരുവിലെത്തുന്നത് തടയുക എന്നതാണ്. എന്തുകൊണ്ടാണ് ആളുകൾ തെരുവിൽ ഭിക്ഷയാചിക്കുന്നത്? അത് ദാരിദ്ര്യം കൊണ്ടാണ്. ഒരു വരേണ്യവർഗ്ഗ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് സുപ്രീം കോടതിക്ക് ഒരിക്കിലും ഇതിനെ സമീപിക്കാൻ സാധിക്കില്ല,' ചന്ദ്രചൂഡ് പറഞ്ഞു.

ഇതിനെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഭിക്ഷയെടുക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കി കൊണ്ടുള്ള പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു. ഭിക്ഷക്കാർ ഉൾപ്പെടെയുള്ളവർക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് വിശദാംശങ്ങൾ കൈമാറാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഹരജി രണ്ടാഴ്ചയ്ക്ക്ശേഷം വീണ്ടും പരിഗണിക്കും.