തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗൾയാൻ വിജയകരമായി ചൊവ്വയിലെത്തിയ മുഹൂർത്തത്തിൽ മലയാളികൾക്കും ഏറെ അഭിമാനിക്കാം. മംഗൾയാനിന്റെ അമരക്കാരനായ ഐഎസ്ആർഒ ചെയർമാൻ ഡോ.കെ രാധാകൃഷ്ണൻ ഉൾപ്പെടെ മംഗൾയാനിന്റെ അണിയറയിൽ പ്രവർത്തിച്ച പതിനൊന്ന് ടീമുകളിൽ ആറിന്റെയും നേതൃസ്ഥാനത്ത് മലയാളി ശാസ്ത്രജ്ഞരാണ്.

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടറായ എസ്. രാമകൃഷ്ണനാണ് ടീമിലെ രണ്ടാമൻ. തദ്ദേശീയമായി ദ്രവ എൻജിൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ രാമകൃഷ്ണൻ ഇന്ന് ഇന്ത്യയിലെ റോക്കറ്റ് സാങ്കേതിക വിദഗ്ദ്ധരിൽ പ്രമുഖനാണ്. ഗ്രഹാന്തര പര്യവേക്ഷണ ദൗത്യം ഏറ്റെടുക്കാൻ ഐ.എസ്.ആർ.ഒയ്ക്ക് ധൈര്യം നൽകിയത് രാമകൃഷ്ണന്റെ സാന്നിദ്ധ്യമാണ്. മംഗൾയാൻ വിക്ഷേപണ പരമാധികാര ബോർഡ് അംഗവുമാണ് രാമകൃഷ്ണൻ.

മംഗൾയാനിന്റെ രൂപകല്പനയിൽ നേതൃത്വം നൽകിയ മറ്റൊരു മലയാളിയായ ചന്ദ്രദത്തൻ വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് ഡയറക്ടറാണ്. ചെയർമാൻ രാധാകൃഷ്ണന്റെയും എസ്. രാമകൃഷ്ണന്റെയും ഒപ്പം സർവീസുള്ള സീനിയർ ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.

ചന്ദ്രയാൻ പേടക നിർമ്മാണത്തിൽ നേതൃപരമായ പങ്ക് വഹിച്ച മലയാളി കൂടിയായ എസ്. അരുണനാണ് മാർസ് ഓർബിറ്റർ മിഷൻ പ്രൊജക്ട് ഡയറക്ടർ. മംഗൾയാൻ പേടകത്തിലെ സന്ദേശ വിനിമയ സംവിധാനം വികസിപ്പിച്ചതും അതിന്റെ ചുമതലയും അരുണനായിരുന്നു. പി.എസ്.എൽ.വി റോക്കറ്റിന്റെ അസോസിയേറ്റ് പ്രൊജക്ട് ഡയറക്ടറായിരുന്ന യുവ ശാസ്ത്രജ്ഞൻ ബി. ജയകുമാറാണ് മംഗൾയാനിന്റെ നിർവഹണത്തിൽ മുൻനിരയിൽ പ്രവർത്തിച്ച മറ്റൊരു മലയാളി. പി.എസ്.എൽ.വി പോഗ്രാം ഡയറക്ടറായ പി.കുഞ്ഞുകൃഷ്ണനും ദൗത്യത്തിൽ നിർണായക പങ്ക് വഹിച്ച മലയാളി ശാസ്ത്രജ്ഞനാണ്. ഈ രംഗത്തെ യുവാവെന്ന് പറയാവുന്ന കുഞ്ഞുകൃഷ്ണന് മംഗൾയാനെ ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് കടത്തുന്നതിന്റെ ചുമതലയായിരുന്നു.

ഇവർക്ക് പുറമേ തമിഴ്‌നാട്ടുകാരനായ മംഗൾയാൻ പ്രൊജക്ട് ഡയറക്ടർ എം.അണ്ണാദുരൈ, കർണാടകക്കാരനായ സാറ്റലൈറ്റ് സെന്റർ ഡയറക്ടർ എസ്.കെ. ശിവകുമാർ, ആന്ധ്ര സ്വദേശിയായ സാറ്റലൈറ്റ് ആപ്‌ളിക്കേഷൻ സെന്റർ ഡയറക്ടർ എ.എസ്. കിരൺകുമാർ തുടങ്ങിയവരായിരുന്നു മംഗൾയാൻ ടീമുകളിലെ മറ്റ് അംഗങ്ങൾ.