തിരുവനന്തപുരം: ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരായ ഏഴു ത്വരിതാന്വേഷണങ്ങളിൽ ആറും തെളിവില്ലെന്ന് വിജിലൻസ് കണ്ടെത്തി. ബാർ കോഴക്കേസ് അന്വേഷിച്ച സുകേശനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണവും തീർന്നു. ഡിജിപി: ലോക്‌നാഥ് ബെഹ്‌റ വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന കഴിഞ്ഞ 11 മാസത്തിനിടെ ഉന്നതർ പ്രതികളായ 13 കേസുകളിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകി. ടോം ജോസിന്റെ അനധികൃത സ്വത്ത് സമ്പാദന ആരോപണം,

ഡിജിപി: ലോക്‌നാഥ് ബെഹ്‌റ വിജിലൻസ് ഡയറക്ടറായി തുടരുന്നതു ചട്ടവിരുദ്ധമായെന്നു തെളിഞ്ഞതിന് പിന്നാലെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ തന്നെ കേഡർ പദവിയിലുള്ള വിജിലൻസ് ഡയറക്ടറായി നിയമിച്ചതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ്. വിജിലൻസ് കമ്മിഷൻ രൂപീകരിക്കാനുള്ള ഭരണപരിഷ്‌കാര കമ്മിഷൻ ശുപാർശ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ, വിജിലൻസ് ഡയറക്ടർ സ്ഥാനം എക്‌സ് കേഡർ പദവിയാക്കി മാറ്റാനും സർക്കാർ ആലോചന തുടങ്ങി. ഇതിനുള്ള കത്ത് കേന്ദ്രത്തിന് എഴുതുകയും ചെയ്തു. ഐപിഎസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കടുത്ത അസംതൃപ്തരാണ്. ബെഹ്‌റയെ പോലൊരു വിശ്വസ്തനെ കിട്ടാത്തതു കൊണ്ടാണ് വിജിലൻസ് ഡയറക്ടറായി ഡിജിപിക്കാരനെ നിയമിക്കാത്തതെന്നാണ് ആരോപണം.

ഇത് ഐപിഎസുകാരിൽ വലിയ ചർച്ചകൾക്ക് വഴി വയ്ക്കുന്നുണ്ട്. ഐപിഎസ് അസോസിയേഷൻ യോഗം ഉടൻ ചേരാനും ഇടയുണ്ട്. വിജിലൻസിലെ ചില അഴിമതി കേസുകൾ എഴുതി തള്ളിയത് അന്വേഷണ ഉദ്യോഗസ്ഥരെ കളിയാക്കുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന് ഇതു സംബന്ധിച്ച് കടുത്ത പരാതികളുണ്ട്. ഇതെല്ലാം ചർച്ചയാക്കാനാണ് ഐപിഎസുകാർ ഒരുങ്ങുന്നത്. യുവ ഐപിഎസുകാരെ ഒപ്പം കൂട്ടിയാണ് അസോസിയേഷൻ നേതാക്കളുടെ നീക്കം. ക്രമസമാധാന ചുമതല നൽകുന്നതിൽ പോലും സർക്കാർ ഇരട്ട നീതി കാട്ടുന്നതായി ഐപിഎസുകാർക്കിടയിൽ അഭിപ്രായമുണ്ട്. ബെഹ്‌റയെ ഏറെ കാലം രണ്ടു പദവി നൽകിയതിനേയും ചോദ്യം ചെയ്‌തേക്കും.

ബെഹ്‌റ ചുമതലയേറ്റ ശേഷം വിജിലൻസിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം മുൻ വർഷത്തേതിന്റെ നേർ പകുതിയായി. അഴിമതി കേസുകളിൽപെട്ട പൊലീസുകാരടക്കം 30 ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ റദ്ദാക്കി. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ട 688 ത്വരിത പരിശോധനകളാണു ബെഹ്‌റ വിജിലൻസ് ചുമതലയേറ്റപ്പോൾ ഉണ്ടായിരുന്നത്. ഇതിൽ പകുതിയും തെളിവില്ലെന്ന പേരിൽ അവസാനിപ്പിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവർക്കെതിരെയുള്ള ആരോപണങ്ങളിലും തെളിവില്ലെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. ഇ.പി.ജയരാജനെതിരെ കേസെടുത്തതു തെറ്റായിപ്പോയെന്നു ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസിലും തെളിവില്ലെന്നാണു വിജിലൻസ് കണ്ടെത്തൽ.

ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസുകളിൽ അന്വേഷണം വേഗം പൂർത്തിയാക്കണമെന്നും തന്റെ അനുമതിയോടെ മാത്രമേ കേസെടുക്കാവൂ എന്നു ബെഹ്‌റ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തേ അന്വേഷണ ഉദ്യോഗസ്ഥനു കേസ് രജിസ്റ്റർ ചെയ്യാനുള്ള സ്വാതന്ത്ര്യം ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ നൽകിയിരുന്നു. ചവറ കെഎംഎംഎംഎൽ അഴിമതി ആരോപണം, വെള്ളാപ്പള്ളി നടേശനെതിരെയുള്ള മൈക്രോഫിനാൻസ് അഴിമതി ആരോപണം, സിഡ്‌കോയുടെ തലപ്പത്തിരിക്കുമ്പോൾ സജി ബഷീർ നടത്തിയ മേനംകുളം മണൽ കുംഭകോണം തുടങ്ങിയ കേസുകളും എങ്ങുമെത്തിയില്ല. 2016ൽ 336 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ. 2017ൽ രജിസ്റ്റർ ചെയ്തതു 149 കേസുകൾ മാത്രമാണുള്ളത്.

സംസ്ഥാന പൊലീസ് മേധാവിയുടെയും വിജിലൻസ് ഡയറക്ടറുടെയും തസ്തികകളാണു കേന്ദ്രസർക്കാർ അംഗീകരിച്ച ഡിജിപിമാരുടെ കേഡർ തസ്തിക. ഡിജിപി റാങ്കിലെ മറ്റ് ഉദ്യോഗസ്ഥർ നിലവിലുള്ളപ്പോൾ കേഡർ തസ്തികയിൽ മറ്റാരെയും നിയമിക്കാൻ പാടില്ല. മാത്രമല്ല, രണ്ടു തസ്തികയും ഒരാൾ വഹിക്കുന്നത് അഖിലേന്ത്യാ സർവീസ് ചട്ടത്തിന്റെ ലംഘനവുമാണ്. ആറു മാസത്തിലധികം കേഡർ തസ്തികയിൽ ആരെയെങ്കിലും നിയമിച്ചാൽ കേന്ദ്രസർക്കാരിനെ അറിയിച്ച് അംഗീകാരം വാങ്ങണം. ഇവിടെ ഇതെല്ലാം ലംഘിക്കപ്പെട്ടു. ബെഹ്‌റയെ കൂടാതെ സംസ്ഥാനത്തു ഡിജിപി റാങ്കിൽ 11 ഉദ്യോഗസ്ഥരുണ്ട്. നാലുപേർക്ക് ഏതാനും മാസം മുൻപാണു ഡിജിപി പദവി നൽകിയത്. 12 ഡിജിപിമാരിൽ ഒൻപതു പേരും എഡിജിപിയുടെ ശമ്പളമാണ് വാങ്ങുന്നത്. സംസ്ഥാനത്തു നാലു ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥർക്കു മാത്രമാണു കേന്ദ്രസർക്കാരിന്റെയും അക്കൗണ്ടന്റ് ജനറലിന്റെയും അംഗീകാരമുള്ളത്. ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ്, നിർമൽ ചന്ദ്ര അസ്താന എന്നിവരാണിത്. ഇതിൽ, നിർമൽ ചന്ദ്ര അസ്താനയുടെ ഡിജിപി പദവി ഇനിയും കേന്ദ്രം അംഗീകരിച്ചിട്ടില്ല.

കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ടി.പി.സെൻകുമാർ സംസ്ഥാന പൊലീസ് മേധാവി കസേരയിലെത്തിയപ്പോഴാണു ബെഹ്‌റയെ വിജിലൻസ് ഡയറക്ടറായി സർക്കാർ നിയമിച്ചത്. സെൻകുമാർ വിരമിച്ച ശേഷം ബെഹ്‌റയെ പൊലീസ് മേധാവിയാക്കി. ഒപ്പം വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല ആദ്യം നൽകി. പിന്നീട് പൂർണ ചുമതലയും നൽകി. ഇതിനു മുൻപ് ഒരു സർക്കാരും ഈ രണ്ടു സുപ്രധാന പദവികളിൽ ഒരേ സമയം ഒരു വ്യക്തിയെ നിയമിച്ചിട്ടില്ല.