- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മെട്രോയിൽ ബെഹ്റയ്ക്ക് 'അധിക' ശമ്പളമില്ല; ഡിജിപി പദവിയിൽ അവസാനം വാങ്ങിയതിൽ കൂടാത്ത തുക നൽകാൻ നിർദ്ദേശം; മാസം 2.25 ലക്ഷം ലഭിക്കും; നഷ്ടത്തിന്റെ പാളത്തിലോടുമ്പോഴും 'ചെലവു' കുറയാതെ 'സ്വപ്ന പദ്ധതി'
തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡിയായി നിയമിക്കപ്പെട്ട മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ശമ്പളത്തിന്റെ മാനദണ്ഡങ്ങൾ ധനവകുപ്പ് നിശ്ചയിച്ചു. ഡിജിപിയായിരിക്കെ അവസാനം വാങ്ങിയ ശമ്പളത്തിൽനിന്നു കൂടാത്ത തുക ശമ്പളമായി നൽകാമെന്നാണു നിർദ്ദേശം. ഡിജിപിയായിരിക്കെ ബെഹ്റ വാങ്ങിയ ശമ്പളം 2,25,000 രൂപയാണ്.
ഗതാഗത വകുപ്പിലെത്തിയ ഫയൽ ഉത്തരവിറക്കുന്നതിനു മുൻപു മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിന്റെ അംഗീകാരത്തിനായി അയച്ചു. കെഎസ്ആർ (പാർട്ട് 3 ) റൂൾ 100 അനുസരിച്ച്, പുനർനിയമന വ്യവസ്ഥയിലാണ് ബെഹ്റയെ കൊച്ചി മെട്രോ എംഡിയായി 3 വർഷത്തേക്കു നിയമിച്ചത്.
ബെഹ്റ അവസാനം വാങ്ങിയ ശമ്പളം 2,25,000 രൂപയായതിനാൽ പെൻഷനായി 1,12,500 രൂപ ലഭിക്കും. പുനർനിയമന വ്യവസ്ഥ അനുസരിച്ച് അവസാനം വാങ്ങിയ ശമ്പളത്തിൽനിന്ന് പെൻഷൻ തുക കുറച്ചു കിട്ടുന്ന തുകയും അതിനോടൊപ്പം ഡിഎയുമാണ് ശമ്പളമായി ലഭിക്കുക.
ഇതനുസരിച്ച് 1,12,500 രൂപയോടൊപ്പം ഡിഎയും ശമ്പളമായി ലഭിക്കും. പെൻഷൻ തുക കൂടി കൂട്ടിയാൽ പഴയ ശമ്പളത്തുകയാകും കയ്യിൽ കിട്ടുക. ഈ രീതിയിൽ മാറ്റം വരുത്താൻ സർക്കാരിന് അധികാരമുണ്ട്.
കോവിഡ് വ്യാപനത്തിനുശേഷം മെട്രോ സർവീസുകൾ പുനരാരംഭിച്ചെങ്കിലും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. പ്രതിദിനം ഇരുപത്തിയയ്യാരിത്തിൽതാഴെമാത്രമാണ് യാത്രക്കാരുടെ എണ്ണം. കൂടുതൽ ആളുകളെ മെട്രോയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികളൊരുക്കുമെന്നാണ് പുതിയ എം.ഡിയുടെ പ്രഖ്യാപനം.
ഈ വർഷത്തിന്റെ തുടക്കത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം കൊച്ചി മെട്രോയുടെ നഷ്ടം 310 കോടി രൂപയാണ്. ലോക്ഡൗൺ മൂലം 5 മാസം പൂർണമായും സർവീസ് ഇല്ലാതിരുന്ന 2021 ലെ കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. ലോക്ഡൗണിലെ 21 ദിവസം മാത്രമേ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിലുള്ളൂ.
2018 - 19 വർഷത്തേക്കാൾ നഷ്ടം 25 കോടി കൂടി. ടിക്കറ്റ് ഇതര വരുമാനം 2019നേക്കാൾ 2020ൽ വർധനയുണ്ടായി. 104.48 കോടിയെന്നത് 134.95 കോടിയായി. ടിക്കറ്റ് വരുമാനവും കൂടി, 56.93 കോടി. ലോക്ഡൗൺ കാലത്തെ ശരാശരി പ്രതിമാസ വരുമാനം 2.41 കോടി രൂപ. ചെലവ് 9.96 കോടി. എഎഫ്ഡി വായ്പ 1260 കോടി. കാനറ ബാങ്കിൽനിന്നുള്ള വായ്പ 1170 കോടി.
ആളില്ലാതെ മെട്രോ ഓടുമ്പോൾ നഷ്ടം പെരുകുകയാണ്. മെട്രോയിൽ ആളു നിറഞ്ഞാലും കുറഞ്ഞാലും നടത്തിപ്പു ചെലവിൽ കുറവില്ല. ആളു കൂടിയാൽ കിട്ടുന്നത്രയും അധിക വരുമാനം. മെട്രോയുടെ നഷ്ടം സംസ്ഥാന സർക്കാരിന്റെ മാത്രം നഷ്ടമാണ്. ഒരു രൂപപോലും കേന്ദ്ര സർക്കാർ വഹിക്കില്ല. അതിനാൽ സംസ്ഥാന സർക്കാരിന് ഇതിൽ ഉത്തരവാദിത്തമുണ്ട്.
ടിക്കറ്റ് നിരക്കുകൾ കുറച്ചാൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകും. മെട്രോയോട് ചേർന്ന് പ്രവർത്തിക്കുന്ന കടകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവർക്ക് ഇളവുകൾ നൽകി സ്ഥിരം യാത്രക്കാരെ ഉറപ്പാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.
അതിനിടെ സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ മോൻസൻ മാവുങ്കലിനു സുരക്ഷ നൽകാൻ ബെഹ്റ നിർദ്ദേശം നൽകിയത് വിവാദമായിരുന്നു. ഡിജിപി ആയിരിക്കെ മോൻസന്റെ വീട് സന്ദർശിച്ച ചിത്രങ്ങളും പുറത്തുവന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ മറുപടി പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാൽ മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പി.ടി.തോമസ് എംഎൽഎ. 'ബെഹ്റ പൊലീസ് മേധാവി ആയതുമുതലുള്ള എല്ലാ ഇടപാടുകളും സമഗ്രമായി അന്വേഷിക്കണം. ജുഡീഷ്യൽ അന്വേഷണമില്ലെങ്കിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും പി.ടി.തോമസ് കൊച്ചിയിൽ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്