മനാമ: ഇന്നലെ നടന്ന എംബസ്സി ഓപ്പൺ ഹൗസിൽ താരതമ്യേന പരാതികൾ കുറവായിരുന്നു. പ്രധാനമായും പാസ്‌പോർട്ട് പിടിച്ചുവെക്കൽ, ഗോസി (ഇൻഷുറൻസ്) നഷ്ട്ടപരിഹാരത്തുക കുറവ്, അത് കൃത്യമായി ലഭിക്കുന്നില്ല എന്നീ പരാതികളാണ് ഉയർന്ന് വന്നത്. സാമൂഹിക പ്രവർത്തകനായ കെ റ്റി സലീമിനോപ്പം വന്ന അഡ്‌മിനിസ്‌ട്രേറ്റർ തസ്തികയിൽ ജോലി ചെയ്യുന്ന ആളാണ് പരാതിയുമായി എത്തിയത്. മലയാളിയായ ഇദ്ദേഹം വഴി അക്കൗണ്ടന്റ് ആയി ഒരാൾ ജോലി ചെയ്യുവാൻ എത്തുകയും അദ്ദേഹം ജോലി അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുമ്പോൾ കമ്പനിയുടെ കണക്കുകളും മറ്റും ശരിയായ വിധത്തിൽ സൂക്ഷിച്ചില്ല എന്നത് കമ്പനി ഉടമയുടെ ശ്രദ്ധയിൽ പെട്ടു. ഈ സമയത്തിനുള്ളിൽ ഇയാൾ നാട്ടിലെത്തിയിരുന്നു.

ഈ അവസരത്തിൽ, ഇയാൾക്കു ജോലി നല്കിയ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ അക്കൗണ്ടന്റ് വരുത്തിയ പിഴവിന് ഉത്തരവാദി ആണെന്നും 200 ദിനാർ നഷ്ടപരിഹാരമായി അടയ്ക്കണമെന്നും കമ്പനി നിലപാടെടുത്തു. ഇതിനിടയിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി കമ്പനി അധികൃതർ പാസ്‌പോർട്ട്  കൈക്കലാക്കുകയും ചെയ്തു. ഈ പ്രശ്‌നം ഉന്നയിക്കപ്പെട്ടതോടെ എംബസ്സി ഹാളിൽ കൂടിയ ആളുകൾ പാസ്‌പോർട്ട് പിടിച്ചുവയ്ക്കൽ ഇപ്പോഴും പല കമ്പനികളും തുടരുന്നതായി അഭിപ്രായപ്പെട്ടു.
കമ്പനിയുടെ മാനേജ്‌മെന്റ്‌റ് തസ്തികയിൽ ജോലി ചെയ്യുന്ന ഒരാളുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണ ജോലിക്കാരുടെ അവസ്ഥ എന്താവുമെന്നുള്ള അഭിപ്രായം ഉയർന്നു. തുടർന്ന് സംസാരിച്ച അംബാസിഡർ ഈ വിഷയം എൽ എം ആർ എ യുടെ ശ്രദ്ധയിൽ പെടുത്തുമെന്നും വ്യക്തമാക്കി. ബഹ്‌റൈൻ നിയമപ്രകാരം പ്രവാസികളുടെ പാസ്‌പോർട്ട് തൊഴിൽ ഉടമയുടെ കയ്യിൽ സൂക്ഷിക്കുവാൻ അധികാരം തൊഴിൽ ഉടമക്ക് ഇല്ല. പാസ്‌പോർട്ട് തൊഴിലാളികൾ തന്നെയാണ് സൂക്ഷിക്കേണ്ടത്. എന്നാൽ പല കാരണങ്ങളാൽ തൊഴിൽ ഉടമയോട് തൊഴിലാളികൾ ഇത് പറയാറില്ല. ഒട്ടു മിക്ക സ്ഥാപനങ്ങളും പാസ്‌പോർട്ട് സ്ഥാപനങ്ങളിലാണ് സൂക്ഷിക്കാറുള്ളത്.

സാമൂഹിക പ്രവർത്തകർ  എംബസ്സിയുടെ ശ്രദ്ധയിൽ പെടുത്തിയ മറ്റൊരു വിഷയം ഗോസ്സിയിൽ നിന്ന് ലഭിക്കുന്ന ഇൻഷുറൻസ് നഷ്ട്ടപരിഹാരം വളരെ തുച്ഛമാണ് എന്നതാണ്. കൈവിരൽ അറ്റ് പോയ ആളുകൾക്ക് വരെ കുറഞ്ഞ നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. നിലവിലുള്ള നിയമമനുസരിച്ച് തൊഴിലാളികൾക്ക് അപകടം പറ്റിയാലും അപേക്ഷ നല്‌കേണ്ടത് തൊഴിൽ ഉടമയാണ്. അതും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് എന്ന് സാമൂഹിക പ്രവർത്തകർ പരാതിപ്പെട്ടു. ബഹ്‌റിനിൽ നില നില്ക്കുന്ന നിയമത്തിനുള്ളിൽ നിന്നു കൊണ്ട് മാത്രമേ ഈ വിഷയങ്ങളിൽ ഇടപെടുവാൻ സാധിക്കു എന്ന് അംബാസിഡർ വ്യക്തമാക്കി .