മേരിക്കയും ജപ്പാനുമടക്കമുള്ള വൻശക്തികൾ ഒത്തുചേർന്ന് പ്രതിരോധിച്ചിട്ടും സൗത്ത് ചൈന കടലിന്റെ അവകാശവാദത്തിനുവേണ്ടി നടത്തുന്ന ശ്രമങ്ങളിൽനിന്ന് ചൈന പിന്നോട്ട് പോയിട്ടില്ല. അതിന്റെ രഹസ്യം ഇപ്പോൾ വെളിപ്പെടുകയാണ്. ഭാവിയിലേക്കുള്ള കരുതലെ ന്നോണം പ്രകൃതിവാതകങ്ങളും അമൂല്യശേഖരമാണ് സൗത്ത് ചൈന കടലിനടിയിൽ ചൈന കണ്ടെത്തിയത്.

കടലിനടിയിൽ 4000 അടി താഴ്ചയിൽനിന്ന് ദിവസേന 16,000 ക്യുബിക് മീറ്റർ പ്രകൃതിവാതകമാണ് ചൈന പുറത്തെടുക്കുന്നത്. 2007-ൽ ഇവിടെ ഫ്‌ളേമബിൾ ഐസിന്റെ സാന്നിധ്യം ചൈന കണ്ടെത്തിയിരുന്നു. അന്നുതുടങ്ങിയ പര്യവേഷണമാണ് ഇപ്പോൾ വിജയിച്ചുതുടങ്ങിയത്. മാർച്ച് 28 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ വാതകം ഖനനം ചെയ്‌തെടുത്തുതുടങ്ങിയ ചൈന ഇപ്പോൾ അത് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കി.

സ്വാഭാവിക പ്രകൃതിവാതകം ഉറഞ്ഞ അവസ്ഥയിലാണ് ഇവിടെ കാണപ്പെടുന്നത്. ഒരു ക്യുബിക് മീറ്റർ മഞ്ഞുകട്ട 164 ക്യുബിക് മീറ്റർ സ്വാഭാവിക പ്രകൃതിവാകതത്തിന് തുല്യമാണെന്ന് ചൈനീസ് വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ടാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ള മഞ്ഞുരൂപത്തിലുള്ള പ്രകൃതിവാതക ശേഖരം ഭാവിയുടെ ഊർജകേന്ദ്രമായി വ്യാഖ്യാനിക്കപ്പെടുന്നത്.

കടലിനടിയിലെ പ്രകൃതിവാതക ശേഖരം ഖനനം ചെയ്തുതുടങ്ങിയതായി ഇന്നലെ ലാൻഡ് ആൻഡ് റിസോഴ്‌സസ് മന്ത്രി ജിയാങ് ഡാമിങ്ങാണ് പ്രസ്താവന നടത്തിയത്. ഷുവായി നഗരത്തിൽനിന്ന് 320 കിലോമീറ്റർ അകലെ ഷെൻഷു ഏരിയയിലാണ് ഖനനം നടക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഖനനം ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്.

മഞ്ഞുകട്ടയ്ക്കുള്ളിലെ മീഥൈൻ അംശം പ്രകൃതിവാകതത്തിൽ കാണപ്പെടുന്ന അളവിലാണെന്ന് വാർത്താ ഏജൻസി വെളിപ്പെടുത്തി. 99.5 ശതമാനവും മീഥൈനാണ് ഇതിലുള്ളത്. കൽക്കരി, പ്രകൃതിവാതകം, എണ്ണ തുടങ്ങിയ സ്വാഭാവിക ഊർജശേഖരത്തെക്കാൾ ഇരട്ടി ശേഖരം ഇവിടെയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

മീഥൈനും വെള്ളവും കൂടി പ്രവർത്തിച്ചാണ് കത്തുന്ന മഞ്ഞ് രൂപം കൊള്ളുന്നത്. അന്തരീക്ഷ മർദത്തെക്കാൾ 30 ഇരട്ടി മർദത്തിൽ പത്ത് ഡിഗ്രിയിൽത്താഴെ മീഥൈനും വെള്ളവും തമ്മിൽചേരുകയും ചെയ്യുമ്പോഴാണ് ഇത് രൂപപ്പെടുന്നത്. കടലിനടിയിൽ 1640 മുതൽ 9800 അടിവരെ താഴ്ചയിലാണ് കത്തുന്ന മഞ്ഞുപാളികൾ കണ്ടെത്തിയിട്ടുള്ളത്. സാധാരണ മഞ്ഞുകട്ടയുടേതിന് സമാനമായ നിറവും സ്വഭാവവുമാണ് ഇതിനുമുള്ളത്.