കൊച്ചി: ജലന്ധർ രൂപതയുടെ പുതിയ അഡ്‌മിനിസ്ട്രേറ്ററായി മുംബൈ അതിരൂപത സഹായ മെത്രാൻ ആഗ്നെലോ റുഫീനോ ഗ്രേഷ്യസ് നാളെ ചുമതലയേൽക്കും. അഡ്‌മിനിസ്ട്രേറ്ററെ സ്വാഗതം ചെയ്തുകൊണ്ട് പുറത്തിറക്കിയ കാർഡിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവും സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രതിയായ ബിഷപ്പിന്റെ ചിത്രം കാർഡിൽ പ്രത്യക്ഷപ്പെട്ടത് വിശ്വാസികളിൽ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

ഡൽഹിയിൽ നിന്നുള്ള വത്തിക്കാൻ കാര്യാലയം ചുമതല കൈമാറ്റം സംമ്പന്ധിച്ച് നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നു. ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നേരത്തെ മാർപാപ്പയ്ക്ക് കത്ത് നൽകിയിരുന്നു. ഈ കത്ത് പരിഗണിച്ചായിരുന്നു ഭരണമാറ്റം സംമ്പന്ധിച്ച വത്തിക്കാന്റെ നടപടി.

നാളെ ഉച്ചയ്ക്ക് 12-ന് ബിഷപ്പ് ഹൗസ്് വളപ്പിലെ തിരുഹൃദയ ദേവാലയത്തിലെ കുർബ്ബാനയിലാണ് സ്ഥാനം ഏൽക്കുന്നതായി ആഗ്നെലോ റുഫീനോ ഗ്രേഷ്യസ് പ്രഖ്യാപിക്കുക. ഇത് സംമ്പന്ധിച്ചുള്ള അറിയിപ്പ് രൂപതയിലെ വൈദികർക്കും കന്യാസ്ത്രീ സമൂഹത്തിനും മറ്റും ലഭിച്ചിട്ടുണ്ട്. ആഗ്നെലോ റുഫീനോ ഗ്രേഷ്യസ് ഇന്ന് രൂപത ആസ്ഥാനത്ത്് എത്തിയിട്ടുണ്ട്. കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയെ തുടർന്നാണ് തന്നെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആവശ്യപ്പെട്ടത്. തനിക്ക് ചോദ്യം ചെയ്യലിനായി കേരളത്തിലേക്ക് പോകേണ്ടതുണ്ട്. മാത്രമല്ല കേസുമായി മുന്നോട്ടുപോകുന്നതിനും രൂപതയ്ക്ക് പുറത്ത് ദീർഘനാൾ തങ്ങേണ്ടി വന്നേക്കാം. ഇത് പരിഗണിച്ച് ചുമതലയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കണമെന്നായിരുന്നു ഫ്രാങ്കോ മാർപ്പായ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

നേരത്തെ ചോദ്യം ചെയ്യലിന് പോകുന്നതിന് മുമ്പായി, ജലന്ധർ രൂപതയുടെ ഭരണ ചുമതല ഫാദർ മാത്യു കോക്കണ്ടത്തിനാണ് ഫ്രാങ്കോ മുളയ്ക്കൽ കൈമാറിയിരുന്നത്. എന്നാൽ അത്തരമൊരു ഭരണ ചുമതല കൈമാറ്റത്തിന് പകരം ബിഷപ്പിന്റെ ചുമതല മുംബൈ സഹായ മെത്രാന് നൽകാനാണ് വത്തിക്കാൻ തീരുമാനിച്ചത്. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ തെളിവെടുപ്പ് തുടരുകയാണെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്നും പ്രൊസിക്യൂഷന്റെ അപേക്ഷ കണക്കിലെടുത്താണ കോടതി ജാമ്യം നിഷേധിച്ചത്.