തിരുവല്ല: ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു.  പതിനാലര കോടി രൂപ ആകെ കണ്ടെത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 6000 കോടി രൂപ ബിലീവേഴ്‌സ് ചർച്ചിന്റെ ട്രസ്റ്റുകൾക്ക് വിദേശത്ത് നിന്ന് കിട്ടിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. ബിലീവേഴ്‌സ് ചർച്ചിന് വിദേശ സഹായം സ്വീകരിക്കാനുള്ള ലൈസൻസ് റദ്ദാക്കുമെന്നാണ് സൂചന.

ബിലീവേഴ്സ് ചർച്ചിന്റെ തിരുവല്ലയിലെ മെഡിക്കൽ കോളേജ് കോംപൗണ്ടിൽ പാർക്ക് ചെയ്ത കാറിൽ നിന്നാണ് ഏഴ് കോടി പിടികൂടിയത്. മെഡിക്കൽ കോളേജ് ജീവനക്കാരന്റെതാണ് ഈ കർ. ഡൽഹിയിലും കേരളത്തിലുമായുള്ള ബിലീവേഴ്സ് സ്ഥാപനങ്ങളിൽ നിന്നും ഇതുവരെ കണക്കിൽ പെടാത്ത 15 കോടിയോളം രൂപയാണ് ആദായ നികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്‌സ് ചർച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് പറയുന്നത്.

ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകൾ സർക്കാരിനു നൽകണമെന്നുമാണ് നിയമം പറയുന്നത്. എന്നാൽ ചാരിറ്റിയുടെ പേരിൽ കൈപറ്റിയ തുക റിയൽ എസ്റ്റേറ്റ് മേഖലയിലെല്ലാമാണ് ബിലീവേഴ്‌സ് ചർച്ച് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. ഏറ്റവും ഒടുവിലായി സ്ഥാപനത്തിന്റെ പേരിലെത്തിയ നൂറ് കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ചാണ് പ്രധാനമായും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്.

എഫ്‌സിആർഎ നിയമത്തിന്റെ മറവിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിലാണ് ബിലീവേഴ്‌സ് സഭ വിദേശത്ത് നിന്ന് പണം സ്വരൂപീക്കുന്നത്. ഇത്തരത്തിൽ സ്വരൂപിക്കുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ മറ്റ് ഇടപാടുകൾക്കായി വകമാറ്റി. ബിലീവേഴ്‌സ് സഭയുടെ പേരിൽ വാങ്ങിക്കൂട്ടിയ ഭൂമിയും കോളേജ് സ്‌കൂൾ ആശുപത്രി തുടങ്ങിയവയുടെ കെട്ടിടങ്ങൾ നിർമ്മിച്ചതും ഇത്തരത്തിലെത്തിയ പണം ഉപയോഗിച്ചായിരുന്നു.

ഹാരിസൺ മലയാളത്തിന്റെ കയ്യിൽ സഭ വാങ്ങിയ ചെറുവള്ളി എസ്റ്റേറ്റിന്റെയും തിരുവനന്തപുരം ,കൊച്ചി എന്നിവടങ്ങള്ളിൽ വാങ്ങിയ കെട്ടിടങ്ങളുടേയും ഭൂമിയുടെയും കച്ചവടം സംബന്ധിച്ച രേഖകളും സാമ്പത്തിക സ്രോതസും ആദായനികുതി വകുപ്പ് പരിശോധിച്ചു. ഇതെല്ലാം ചാരിറ്റി പണം കൊണ്ടാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കെ പി യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു. 2012ൽ കെ പി യോഹന്നാനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ആദായ നികുതി വകുപ്പും അന്വേഷണം നടത്തി. ഇതാണ് വീണ്ടും പൊടിതട്ടിയെടുത്ത് അന്വേഷിച്ചത്.

സിനഡ് സെക്രട്ടറിയേറ്റിലെ രഹസ്യ അറയിൽ ഒളിപ്പിച്ച രീതിയിൽ 3 കോടി രൂപയും കണ്ടെത്തി. സഭയുടെ ഡൽഹി ആസ്ഥാനത്തിന്നും 95 ലക്ഷം രൂപയും പിടികൂടി. സഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും ബിഷപ്പ് കെ.പി. യോഹന്നാന്റെ വീട്ടിലും അദായ നികുതി വകുപ്പ് പരിശോധന നടത്തി. പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ അടക്കം വിവിധ രേഖകളും കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതിൽ സ്ഥാപനം സമർപ്പിച്ച കണക്കുകളിൽ വൈരുദ്ധ്യം ഉള്ളതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.

ഇതിനെ തുടർന്നാണ് പരിശോധന നടന്നത്. ബിലീവേഴ്സ് ചർച്ച 6000 കോടി രൂപയുടെ അനധികൃത ഇടപാടുകൾ നടത്തി എന്നാണ് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തൽ. സാമ്പത്തിക സഹായം സ്വീകരിക്കുന്നതിൽ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരിൽ ഒരാളുടെ ബാങ്ക് അക്കൗണ്ടുകൾ കുറച്ച് ദിവസം മുമ്പ് മരവിപ്പിച്ചിരുന്നു. കേരളത്തിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ട്.

ബിലീവേഴ്‌സ് ചർച്ചിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,000 ഏക്കർ ഭൂമിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഗോസ്പൽ ഫോർ ഏഷ്യക്ക് 7000 ഏക്കർ ഭൂമിയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിന് പുറമേ യോഹന്നാൻ സ്വന്തമായി സുവിശേഷ റേഡിയോയും ടെലിവിഷൻ ചാനലും നടത്തിവരുന്നുണ്ട്.