- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന് സ്വപ്നയോട് ഷാജ് കിരൺ പറഞ്ഞത് നിർണ്ണായകമായി; അരിച്ചു പെറുക്കി ഇഡിയുടെ മിന്നിൽ റെയ്ഡ്; നിർണ്ണായക രേഖകൾ പിടിച്ചെടുത്തുവെന്ന് സൂചന; ബിലീവേഴ്സ് ചർച്ചിൽ വീണ്ടും സംശയങ്ങൾ
കൊച്ചി: തിരുവല്ലയിലെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ആസ്ഥാനത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റെയ്ഡ്. ബിലീവേഴ്സ് ചർച്ചിന്റെ ഉന്നതസ്ഥാനം വഹിക്കുന്ന മൂന്നുപേരുടെ വീടുകളിലും ഒരു ഓഫീസിലുമായാണ് റെയ്ഡ് നടന്നത്. കള്ളപ്പണ ഇടപാട് സംശയിച്ച് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് റെയ്ഡ്. നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പുറത്തുവിട്ട ശബ്ദരേഖയിൽ ബിലീവേഴ്സ് ചർച്ചിനെക്കുറിച്ചുവന്ന ആരോപണങ്ങളും റെയ്ഡിന് കാരണമായതായി പറയുന്നു.
ഇ.ഡി.യുടെ മൂന്നുസംഘങ്ങൾ ഒരേസമയമാണ് തിങ്കളാഴ്ച രാവിലെ എട്ടുമണിമുതൽ റെയ്ഡ് തുടങ്ങിയത്. ബിലീവേഴ്സ് ആസ്ഥാനത്തുതന്നെ നാലിടങ്ങളിലായാണ് പരിശോധന നടന്നത്. കുറ്റുപ്പുഴയിലെ സഭാ ആസ്ഥാന ഓഫീസ്, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്, സഭാ മാനേജർ സിജോ പന്തപ്പള്ളിയുടെ വീട് എന്നിവിടഹങ്ങളിലാണ് റെയ്ഡ് നടത്തിയത്. 40ഓളം പേരടങ്ങുന്ന സംഘമാണ് വിവിധ ടീമുകളായി തിരിഞ്ഞ് റെയ്ഡ് നടത്തിയത്. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും കറൻസിയുടെ വരവും കൈമാറ്റവും പരിശോധിക്കുന്നതിനായാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ രേഖകൾ പിടിച്ചെടുത്തു. ചർച്ച് അധികൃതർ ഇഡി റെയ്ഡിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2020 നവംബറിലും സമാനമായ റെയ്ഡ് ബിലിവേഴ്‌സ് ചർച്ചിലും ഇതുമായി ബന്ധപ്പെട്ടവരുടെ ഓഫീസുകളിലും ഇഡി നടത്തിയിരുന്നു. അന്ന് 13 കോടിയുടെ അനധികൃത പണം കണ്ടെത്തിയിരുന്നു. കൂടാതെ 2015-16 സാമ്പത്തിക വർഷത്തിൽ വിദേശ ഫണ്ടുകളായും സംഭാവനകളായും 2397 കോടി രൂപ എത്തിയിരുന്നതായും കണ്ടെത്തി. 2020 നവംബറിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ 66 കേന്ദ്രങ്ങളിൽ ആദായനികുതിവകുപ്പും റെയ്ഡ് നടന്നിരുന്നു ഡൽഹിയിലെ പള്ളിയിൽനിന്ന് 3.85 കോടിരൂപയടക്കം സ്രോതസ്സ് വെളിപ്പെടുത്താത്ത ആറുകോടിരൂപ പിടിച്ചെടുത്തു.
വിദേശത്തുനിന്ന് കാരുണ്യപ്രവർത്തനങ്ങൾക്കെന്നപേരിൽ കൊണ്ടുവരുന്ന പണം റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾക്കും മറ്റുമായി വകമാറ്റിയതായി ആദായനികുതിവകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസ് രജിസ്റ്റർ ചെയ്തത്. കോടിയേരി ബാലകൃഷണൻ അടക്കമുള്ള നേതാക്കളുടെ പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണെന്ന ഷാജ് കിരണിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പരിശോധനയെന്നാണ് ലഭിക്കുന്ന സൂചന.
സ്വപ്ന സുരേഷുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഷാജ് കിരൺ ഇക്കാര്യം സൂചിപ്പിച്ചിരുന്നത്. സംസ്ഥാന സർക്കാരിലെ ഉയർന്ന ചുമതലയുള്ള പലരുടെയും പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണെന്നായിരുന്നു ഷാജിന്റെ വെളിപ്പെടുത്തൽ. എന്നാൽ താൻ ചില മാധ്യമവാർത്തകൾ കണ്ട് പറഞ്ഞതാണെന്നും വ്യക്തിപരമായി ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം. ബിലീവേഴ്സ് ചർച്ചുമായി തനിക്കൊരു ബന്ധമില്ലെന്നും ഷാജ് കിരൺ അവകാശപ്പെട്ടിരുന്നു.
എഡിജിപി എം ആർ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങളും പുറത്ത് വന്ന സംഭാഷണത്തിലുണ്ട്. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ആരോപണം ഉയർന്നതിന് പിന്നാലെ വിജിലൻസ് ഡയറക്ടർ എം ആർ അജിത് കുമാറിനെ മാറ്റിയിരുന്നു. നയതന്ത്രസ്വർണക്കടത്ത് കേസിൽ അവിഹിതമായ ഇടപെടൽ നടത്തിയ ഷാജ് കിരണും സുഹൃത്ത് ഇബ്രായിയും നിർണായക മൊബൈൽ ഫോൺരേഖകൾ നശിപ്പിച്ചെന്ന് സംശയം ഇഡിക്കുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മൊബൈൽ ഫോൺ ആവശ്യപ്പെട്ടെങ്കിലും ക്രൈംബ്രാഞ്ചിന് സമർപ്പിച്ചിരിക്കുകയാണെന്നാണ് ഇരുവരും മറുപടി നൽകിയത്. എന്നാൽ, ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിൽനിന്നുള്ള രസീതി ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. പരിശീലനം ലഭിച്ചതുപോലെയാണ് ചോദ്യങ്ങൾക്കെല്ലാം ഇരുവരും മറുപടി നൽകുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ