ഷിക്കാഗോ: ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രൽ വാർഷിക പിക്‌നിക്ക് സ്‌കോക്കിയിലുള്ള ലറാമി പാർക്കിൽ വച്ച് 13-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രാർത്ഥനയ്ക്കുശേഷം വികാരി ഫാ. ദാനിയേൽ ജോർജ് ഉദ്ഘാടനം ചെയ്തു. ഈ പിക്‌നിക്ക് വഴിയായി ദൈവവും മനുഷ്യരും തമ്മിലും, മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധം സജീവമാക്കണമെന്ന് ദാനിയേൽ ജോർജ് അച്ചൻ ഉത്‌ബോധിപ്പിച്ചു. പ്രഭാത ഭക്ഷണത്തിനു സ്ത്രീ സമാജം അംഗങ്ങൾ നേതൃത്വം നൽകി.

പതിനൊന്നു മണിക്ക് പാർക്കിലെത്തിയ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പൊലീത്തയെ കത്തീഡ്രൽ ട്രസ്റ്റി മാത്യു ഫിലിപ്പ്, സെക്രട്ടറി ഏലിയാമ്മ പുന്നൂസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് അഭിവന്ദ്യ തിരുമേനി കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടന്നു. വളരെ വാശിയോടെ നടന്ന വടംവലി മത്സരം ആവേശഭരിതമായി. മത്സരങ്ങൾക്ക് ബാബു മാത്യു, ഷിബു മാത്യു, ഡോ. റോയി ഈപ്പൻ എന്നിവർ നേതൃത്വം നൽകി. ബാർബിക്യൂ തുടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണ ക്രമീകരണങ്ങൾക്ക് വർഗീസ് പുന്നൂസ്, യോഹന്നാൻ വർഗീസ്, ഏബ്രഹാം വർക്കി, ഡെന്നീസ് ജോർജ് എന്നിവർ നേതൃത്വം നൽകി.

പിക്‌നിക്കിന്റെ ധനശേഖരണാർത്ഥം യുവജനങ്ങൾ സംഘടിപ്പിച്ച റാഫിളിന് സോണിയാ ജോസഫും, ഡയാന ജോസഫും നേതൃത്വം നൽകി. റാഫിളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അനുപമ അഭി. തിരുമേനിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി. മത്സര വിജയികൾക്ക് തിരുമേനി ട്രോഫികൾ നൽകി അനുമോദിച്ചു. ട്രോഫികൾ സ്‌പോൺസർ ചെയ്ത ജോർജ് മാത്യൂസിനു (ജി.എം.എസ് റിയാൽറ്റി ഗ്രൂപ്പ്) വികാരി നന്ദി രേഖപ്പെടുത്തി. കത്തീഡ്രൽ കുടുംബാംഗങ്ങളും അതിഥികളും പങ്കെടുത്ത പിക്‌നിക്ക് വൻ വിജയമായിരുന്നുവെന്ന് ജനറൽ കോർഡിനേറ്റേഴ്‌സായ ഫിലിപ്പ് കുന്നേൽ, വിൻസി വർഗീസ് എന്നിവർ അറിയിച്ചു. പ്രാർത്ഥനയോടെ വൈകുന്നേരം 6 മണിക്ക് പരിപാടികൾ സമാപിച്ചു. കത്തീഡ്രൽ ന്യൂസിനുവേണ്ടി ജോർജ് വർഗീസ് അറിയിച്ചതാണിത്.