അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വാനോളം പുകഴ്‌ത്തി ഇന്ത്യ സന്ദർശിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. മനുഷ്യത്വത്തിന്റെ മഹാനായ പ്രവാചകനായിരുന്നു മഹാത്മ ഗാന്ധിയെന്ന് നെതന്യാഹു പറഞ്ഞു. ഗുജറാത്തിലെ സബർമതി ആശ്രമത്തിലെ സന്ദർശക പുസ്തകത്തിലാണ് അദ്ദേഹം ഇങ്ങനെ എഴുതിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതന്യാഹുവിനൊപ്പം ഉണ്ടായിരുന്നു.

ലോകം കണ്ട മഹാനായ മനുഷ്യ സ്‌നേഹി സ്ഥാപിച്ച സബർമതിയിൽ എത്താൻ കഴിഞ്ഞത് പ്രചോദനകരമാണ്. ഇത്തരമൊരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ട് - നെതന്യാഹു കുറിച്ചു.

നേരത്തെ റോഡ് ഷോ നടത്തിയാണ് നെതന്യാഹുവും മോദിയും സബർമതിയിലെത്തിയത്. റോഡ് ഷോ കടന്നുപോയ സ്ഥലങ്ങളിലെല്ലാം നിരവധി പേരാണ് ഇരുവരേയും കാത്ത് നിന്നത്. പിന്നീട് സബർമതി ആശ്രമത്തിലെത്തിയ നെതന്യാഹു 20 മിനിട്ടോളം അവിടെ ചെലവിട്ടു. ഗാന്ധിജിയുടെ വീടായ ഹൃദയ് കുഞ്ജും ഇരുവരും സന്ദർശിച്ചു.

ഗാന്ധിജിയുടെ ചർക്ക നെതന്യാഹു കറക്കി നോക്കുകയും ചെയ്തു. മകര സംക്രാന്തിയോട് അനുബന്ധിച്ച് ഗുജറാത്തിൽ നടക്കാറുള്ള പട്ടം പറത്തൽ വിനോദത്തിൽ പങ്കുകൊണ്ട നെതന്യാഹു രണ്ട് മിനിട്ടോളം പട്ടം പറത്തുകയും ചെയ്തു.