- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറാത്ത മണ്ണിൽ ചങ്ങാതി കോൺഗ്രസ് എങ്കിലും ശിവസേനക്ക് ബംഗാളിലെ ഹീറോ ദീദി തന്നെ; തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പിന്തുണ തൃണമൂലിനെന്ന് സഞ്ജയ് റാവത്ത്; യഥാർഥ ബംഗാൾ കടുവ മമതയെന്നും ശിവസേന നേതാവ്
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് ശിവസേന. പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിനെ പിന്തുണയ്ക്കാനാണ് ശിവസേനയുടെ തീരുമാനം. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറേയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം സഖ്യത്തെ കുറിച്ച് ശിവസേന നേതാവ് യാതൊരു പ്രതികരണവും നടത്തിയില്ല.
പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തിൽ നിരവധി പേർ ജിജ്ഞാസുക്കളാണ്. അതിനാൽ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറേയുമായുള്ള ചർച്ചയ്ക്ക് ശേഷമുള്ള തീരുമാനം ഇവിടെ പങ്കുവെക്കുകയാണ്. 'നിലവിലെ സാഹചര്യം നോക്കുമ്പോൾ ഇത് 'ദീദി വേഴ്സസ് ആൾ' പോരാട്ടമാണ്. എല്ലാ എമ്മുകളും -മണി, മസിൽ, മീഡിയ- മമതയ്ക്കെതിരായി ഉപയോഗിക്കുന്നു. അതുകൊണ്ട് പശ്ചിമ ബംഗാളിൽ മത്സരിക്കുന്നില്ലെന്നും മമതയ്ക്ക് പിന്തുണ നൽകണമെന്നുമാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. മമതയ്ക്ക് ഗർജനത്തോടെയുള്ള വിജയം ഞങ്ങൾ ആശംസിക്കുന്നു. കാരണം ഞങ്ങൾ വിശ്വസിക്കുന്നത് അവളാണ് യഥാർഥ ബംഗാൾ കടുവയെന്നാണ്.' സഞ്ജയ് റാവുത്ത് ട്വിറ്ററിൽ കുറിച്ചു.
മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ ഘട്ടംഘട്ടമായാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടുദിവസങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഇത്രയും സമയമെടുത്ത് സംസ്ഥാനത്ത് നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം. 2016ലെ തെരഞ്ഞെടുപ്പിൽ ഏഴുദിവസങ്ങളിലായായിരുന്നു തെരഞ്ഞെടുപ്പ്. 6.5 കോടിയിലധികം വോട്ടർമാരായിരുന്നു അന്ന് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രാഷ്ട്രീയ കലാപങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും നേർക്കുനേർ പോരാട്ടത്തിലാണ്. 42 ലോക്സഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 18 ഇടത്ത് വിജയിച്ചിരുന്നു. തൃണമൂൽ-ഇടത് പോരിന്റെ മറവിൽ വോട്ടുനേടി മമത സർക്കാരിന് തിരിച്ചടിയുണ്ടാക്കാനാണ് ബിജെപി ശ്രമം. സംസ്ഥാനത്തെ ക്രമസമാധാനം, രാഷ്ട്രീയ പോരുകളുടെ ചരിത്രം, വികസന വിരുദ്ധത എന്നിവ ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രചരണം ആരംഭിച്ചിരിക്കുന്നത്. ബിജെപിയുടെ ആരോപണങ്ങളെ കടന്നാക്രമിക്കുന്ന പദ്ധതികളാണ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തൃണമൂൽ സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ