കൊൽക്കത്ത: അതിർത്തി രക്ഷാ സേനയുടെ അധികാര പരിധി വർധിപ്പിച്ച കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ. പ്രമേയ ചർച്ചയ്ക്കിടെ ബിഎസ്എഫിനെതിരെ തൃണമൂൽ കോൺഗ്രസ് എംഎൽഎ ഉദയൻ ഗുഹ നടത്തിയ പരാമർശം സഭയിൽ നാടകീയ രംഗങ്ങൾക്ക് ഇടയാക്കി.

ബിഎസ്എഫ് ജവാൻ തന്റെ അമ്മയുടെ ദേഹപരിശോധന നടത്തുന്നത് കണ്ടുനിൽക്കേണ്ടിവരുന്ന കുട്ടിക്ക് ഒരിക്കലും ദേശസ്നേഹിയാകാൻ കഴിയില്ലെന്നായിരുന്നു തൃണമൂൽ എംഎൽഎ സഭയിൽ പറഞ്ഞത്. പരാമർശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

എന്നാൽ തൃണമൂൽ എംഎൽഎയുടെ പരാമർശം രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സ്പീക്കർ ബിമൻ ബാനർജി തയ്യാറായില്ല. അന്താരാഷ്ട്ര അതിർത്തികളിൽ ബിഎസ്എഫിന്റെ അധികാരപരിധി വിപുലീകരണത്തിനെതിരേ പഞ്ചാബിന് പിന്നാലെയാണ് പശ്ചിമ ബംഗാളും പ്രമേയം പാസാക്കിയത്.

പഞ്ചാബ്, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിർത്തിയിൽ 15 കിലോമീറ്ററിൽ നിന്ന് ബിഎസ്എഫിന്റെ അധികാരപരിധി 50 കിലോമീറ്ററിലാക്കാൻ കേന്ദ്ര സർക്കാർ ബി.എസ്.എഫ് നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രമേയം.

അതേസമയം, രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ബിഎസ്എഫ് വൃത്തങ്ങൾ എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു. ബിഎസ്എഫിന്റെ മഹിളാ പ്രഹാരിസ് ആണ് സ്ത്രീകളെ പരിശോധിക്കുന്നത്. ബിഎസ്എഫ് ജവാന്മാർ സ്ത്രീകളെ സ്പർശിക്കുന്നു എന്ന് പറയുന്നത് തീർത്തും അടിസ്ഥാനരഹിതമാണെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറയുന്നു.