കൊൽക്കത്ത: സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന വാഗ്ദാനവുമായി ബംഗാളിൽ ബിജെപിയുടെ പ്രകടനപത്രിക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. വമ്പൻ പ്രഖ്യാപനങ്ങളാണ് പ്രകടനപത്രികയിലുള്ളത്

ഇത് വെറുമൊരു പ്രകടനപ്രതിക മാത്രമല്ല ബംഗാളിന്റെ വികസന രേഖയാണെന്നും അമിത് ഷാ പറഞ്ഞു. അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് സർക്കാർ സർവീസിൽ 33 ശതമാനം സംവരണം ഏർപ്പെടുത്തും. പൗരത്വനിയമം നടപ്പാക്കും, നുഴഞ്ഞുകയറ്റുകാരെ അനുവദിക്കില്ല, അതിർത്തികളിലെ സുരക്ഷ ശക്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

സ്ത്രീകൾക്ക് നഴ്സറി മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യവിദ്യാഭ്യാസം നൽകും. മത്സരതൊഴിലാളികൾക്ക് 6,000 രൂപ പ്രതിവർഷം നൽകും. ബംഗാളിലെ പിന്നാക്ക മേഖലകളിൽ മൂന്ന് എയിംസ് ആശുപത്രികൾ പണിയും, ഒരു കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്നും ഏഴാം ശമ്പളകമ്മീഷൻ നടപ്പിലാക്കും, 75 ലക്ഷം കർഷകർക്ക് കുടിശ്ശികയായുള്ള 18,000 രൂപ കൊടുത്തുതീർക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

സുവർണ ബംഗാൾ എന്ന സ്വപ്നം അടിസ്ഥാനമാക്കിയാണ് പ്രകടനപത്രിക തയ്യാറാക്കിയതെന്ന് പത്രിക പുറത്തിറക്കി അമിത് ഷാ പറഞ്ഞു. കർഷകർക്ക് പ്രതിവർഷം 10000 രൂപ, രാഷ്ട്രീയ അക്രമണങ്ങളിൽ ഇരയാകുന്നവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പിന് ഒരാഴ്ച ശേഷിക്കെയാണ് വലിയ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്.

ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള തീരുമാനമെടുക്കും. 70 വർഷത്തിലേറെയായി ഇവിടെ കഴിയുന്ന അഭയാർഥികൾക്ക് പൗരത്വം നൽകും. ഒരോ അഭയാർഥി കുടുംബത്തിനും അഞ്ച് വർഷത്തേക്ക് വർഷംതോറും 10,000 രൂപ നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.

സംസ്ഥാനത്തെ ഭരണസംവിധാനത്തെ രാഷ്ട്രീയവത്കരിച്ച മുഖ്യമന്ത്രി മമത ബാനർജി രാഷ്ട്രീയത്തെ ക്രിമിനൽവത്കരിക്കുകയും അഴിമതിയെ സ്ഥാപനവത്കരിക്കുകയും ചെയ്തതായി അമിത് ഷാ ആരോപിച്ചു.

എട്ടുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. 294 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം മാർച്ച് 27നും അവസാനഘട്ടം ഏപ്രിൽ 29നുമാണ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ