കൊൽക്കത്ത: സി.പി.എം രാജ്യസഭാ എംപിയും എസ്എഫ്ഐ മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ ഋതബ്രത ബാനർജിയെ പാർട്ടിയിൽനിന്നു പുറത്താക്കണമെന്ന് ബംഗാൾ ഘടകം. പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്നാണു നടപടി. ആഡംബര ജീവിതത്തിനും മോശം പെരുമാറ്റത്തിനും സസ്‌പെൻഷനിലായിരുന്നു ഇദ്ദേഹം. പ്രകാശ് കാരാട്ടിന്റെ കടുത്ത വിമർശകനുമായിരുന്നു ഋതബ്രത.

ഋതബ്രതയുടെ ജീവിത ശൈലി കമ്യൂണിസ്റ്റിനു നിരക്കാത്തതാണെന്ന മുൻ ഭാര്യ ഉർബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ ഇക്കഴിഞ്ഞ ജൂണിൽ മൂന്നു മാസത്തേക്കു സി.പി.എം സസ്പെൻഡ് ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ വിമർശിച്ചയാൾക്കെതിരെ തൊഴിലുടമയോടു നടപടിയാവശ്യപ്പെട്ടതിന് ഋതബ്രതയെ കഴിഞ്ഞ ഫെബ്രുവരിയിൽ പാർട്ടി സംസ്ഥാന സമിതി പരസ്യമായി താക്കീതു ചെയ്തിരുന്നു.

ഇതു കൂടാതെയാണ് അദ്ദഹത്തിനെതിരേ കഴിഞ്ഞ ദിവസം ഉയർന്ന സാമ്പത്തിക ആരോപണം. രാജ്യസഭാ അംഗങ്ങമായിരിക്കെ അദ്ദേഹം അറുപത്തിയൊമ്പതു ലക്ഷത്തോളം രൂപ യാത്രാക്കൂലിയായി കൈപ്പറ്റിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. റിതബ്രതയുടെ നടപടികളെ പറ്റി അനേഷിക്കാൻ ചുമതപ്പെടുത്ത സലിം കമ്മിറ്റിക്കെതിരേ രൂക്ഷമായ വിമർശനവുമായി എത്തിയതിന്റെ അടുത്ത ദിവസം തന്നെയാണ് പുറത്താക്കാനുള്ള ശുപാർശയും എത്തിയതെന്നത് ശ്രദ്ധേയമാണ്.

ആപ്പിൾ കമ്പനിയുടെ സ്മാർട്ട്വാച്ചും വിലപിടിപ്പുള്ള പേനയും അണിഞ്ഞുള്ള തന്റെ സെൽഫി ചിത്രത്തിന് ഇല്ലായ്മക്കാരുടെ മഹാനായ നേതാവ് എന്നു സാമൂഹിക മാധ്യമത്തിൽ അടിക്കുറിപ്പെഴുതിയ സുമിത് താലൂക്ക്ദാറിനെതിരെ ഋതബ്രത തൊഴിലുടമയ്ക്കു പരാതി നൽകിയതാണു നേരത്തേ വിവാദമായിരുന്നു.

വാച്ചിന് ഇന്ത്യയിൽ 25,000 രൂപയും പേനയ്ക്ക് 30,000 രൂപയും വിലയുണ്ടെന്നും ആരോപിക്കപ്പെട്ടു. തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നായിരുന്നു പാർട്ടി അനുഭാവിയായ താലൂക്ക്ദാറിനെതിരെ ഋതബ്രത പരാതിപ്പെട്ടത്. വിലപിടിപ്പുള്ള വസ്തുക്കൾ ഉപയോഗിച്ചതിനല്ല, വിമർശിച്ചയാൾക്കെതിരെ പരാതിപ്പെട്ടതിനാണ് അച്ചടക്ക നടപടിയുണ്ടായതെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.