- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിൽ സമരങ്ങളെ അടിച്ചമർത്തുന്ന മമതാ സർക്കാർ മുദ്രാവാക്യം; കേരളത്തിൽ പ്രതിഷേധക്കാർക്കുള്ളത് ഗൂഢാലോചനയുടെ രാഷ്ട്രീയവും; മുട്ടിലിഴഞ്ഞ് യാചിക്കുന്നവരുടെ കരച്ചിൽ കേൾക്കാതെ സെക്രട്ടറിയേറ്റിലെ സുഖശീതളമയിൽ പിണറായി സർക്കാർ; സമരം അതിശക്തമാക്കും
തിരുവനന്തപുരം: തൊഴിലിനുവേണ്ടി യുവാക്കളും വിദ്യാർത്ഥികളും നടത്തുന്ന സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് തകർക്കുന്ന മമതാ സർക്കാർ. കേരളത്തിൽ പഠിച്ച് പരീക്ഷ എഴുതി ജോലിക്ക് തൊട്ടടുത്തെത്തിയവർ നടത്തുന്നത് രാഷ്ട്രീയ സമരവും. സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പ് ദേശീയതലത്തിൽ ചർച്ചയാവുകയാണ്. ബംഗാളിലെ അനീതി കേരളത്തിൽ നീതിയും. പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർ സമരം അതിശക്തമാക്കും. ഏതറ്റം വരേയും പോകാനാണ് അവരുടെ തീരുമാനം. അപ്പോഴും പിണറായി സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല. പിണറായിയെ തിരുത്താൻ ബംഗാളിൽ മമതയ്ക്കെതിരെ ന്യായം പറയുന്ന സിപിഎം നേതാക്കളേയും കാണാനില്ല.
ബംഗാളിൽ കോൺഗ്രസുമായി ചേർന്നുതന്നെയാണ് തൊഴിൽസമരവും ഉപരോധവുമെല്ലാം. മമതാ ബാനർജിക്കും ബിജെപിക്കുമെതിരേ ഒറ്റക്കെട്ടായാണ് ബംഗാളിൽ ഇരുകക്ഷികളും. കൊൽക്കത്തയിൽ വ്യാഴാഴ്ച യുവജനമാർച്ചിനുനേരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച 12 മണിക്കൂർ ബന്ദും നടന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് നടയിലും സംസ്ഥാനത്തെ കളക്ടറേറ്റ് പടിക്കലുമെല്ലാം തൊഴിലിനു വേണ്ടിയും പിൻവാതിൽ നിയമനത്തിനെതിരേയും നടക്കുന്ന സമരങ്ങളെ അടിച്ചമർത്തുകയാണ് പിണറായി സർക്കാർ. തൊഴിലിനും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾക്കും വേണ്ടിയാണ് കോൺഗ്രസ്-സിപിഎം. യുവജനവിഭാഗങ്ങളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച കൊൽക്കത്തയിൽ വന്റാലി നടന്നത്. നഗരഹൃദയത്തിലേക്കുള്ള റാലി ബാരിക്കേഡുകൾ മറികടന്നതോടെ അക്രമാസക്തമായി.
ലാത്തിച്ചാർജിൽ വനിതകൾ ഉൾപ്പെടെ നൂറ്റമ്പതിലേറെ പേർക്ക് പരിക്കേറ്റു. തുടർന്നാണ് ഇടതുമുന്നണി വെള്ളിയാഴ്ച 12 മണിക്കൂർ ബന്ദിന് ആഹ്വാനം നൽകിയത്. സമരത്തെ മമതയുടെ പൊലീസ് നേരിട്ടരീതിയെ ജാലിയൻ വാലാബാഗ് സംഭവത്തോടാണ് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് താരതമ്യംചെയ്തത്. ഇത് തന്നെയാണ് കേരളത്തിലേതും. പിൻവാതിൽ നിയമനങ്ങളിലൂടെ പി എസ് സി ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകളെ ചവിട്ടി മെതിക്കുകയാണ് പിണറായി സർക്കാർ. ഇക്കാര്യത്തിൽ സിപിഎം ദേശീയ നേതൃത്വത്തിനും മൗനം. എല്ലാം സർക്കാരിനെ അട്ടിമറിക്കാനുള്ള കോൺഗ്രസ് കുതന്ത്രം. ബംഗാളിൽ പൊലീസിനെ തെരിവിൽ നേരിടുന്ന സമരക്കാരുടേത് ധീരതയും.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ മന്ത്രിസഭായോഗം കൂടുതൽ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ തീരുമാനിക്കുമ്പോൾ പുറത്ത് അർഹതപ്പെട്ട ജോലിക്കായി സർക്കാരിനു മുന്നിൽ മുട്ടിലിഴഞ്ഞു യാചനാസമരം നടത്തുകയായിരുന്നു ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ. സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റിൽ നിന്നു 3 വനിതകൾ ഉൾപ്പെടെ 7 ഉദ്യോഗാർഥികൾ സമരപ്പന്തലിലേക്ക് കൈകുത്തി മുട്ടിലിഴഞ്ഞു. മറ്റുള്ളവർ പിന്തുണയുമായി ഒപ്പം നടന്നു.
ചുട്ടുപൊള്ളുന്ന ഉച്ചവെയിലിൽ ടാർ പഴുത്ത റോഡിൽ പലരുടെയും മുട്ടു പൊട്ടി ചോരയും നീരും കിനിഞ്ഞു. ആ വേദനയെക്കാൾ വലിയ ഹൃദയ വേദനയോടെ അവർ പൊട്ടിക്കരഞ്ഞു. മുട്ടിലിഴയുന്നതിനിടെ മനു സോമൻ, നാഗേഷ് എന്നിവർ കുഴഞ്ഞുവീണു. ഇവരെ ഉടൻ ആശുപത്രിയിലേക്കു മാറ്റി. എം.സി.ജ്യോതി, രമ്യ, ദിവ്യശ്രീ, അനൂപ്, സജീഷ് എന്നിവരാണ് മുട്ടിലിഴഞ്ഞ മറ്റ് ഉദ്യോഗാർഥികൾ. ഇതിനിടെയിലും പിൻവാതിൽ നിയമനങ്ങൾക്കെതിരായ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ച് 221 താൽക്കാലിക ജീവനക്കാരെക്കൂടി സ്ഥിരപ്പെടുത്തിയ മന്ത്രിസഭാ യോഗം പക്ഷേ ജോലിക്ക് അർഹരായവരുടെ സമരത്തെ വീണ്ടും കരുണയില്ലാതെ അവഗണിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാൽക്കൽ വീണ് കരയുന്ന ഉദ്യോഗാർഥികളുടെതായിരുന്നു തിരുവനന്തപുരത്ത് പിഎസ്സി ലിസ്റ്റിൽ ഉള്ളവർ നടത്തുന്ന സമരവേദിയിൽ തിങ്കളാഴ്ച കണ്ട ഏറ്റവും കരളലയിപ്പിക്കുന്ന ദൃശ്യങ്ങളിൽ ഒന്ന്. സമൂഹമാധ്യമങ്ങളിലും ഇത് ഏറെ ചർച്ചയായി. ഇതിനു പിന്നാലെ സമരത്തെക്കുറിച്ച് ഉള്ളുതൊട്ട കുറിപ്പ് പങ്കിട്ടിരിക്കുകയാണ് ഉമ്മൻ ചാണ്ടി. 'സെക്രട്ടേറിയറ്റിനു മുന്നിൽ വീറോടെ സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോൾഡേഴസിനെ സന്ദർശിച്ചപ്പോൾ ഹൃദയം നുറുങ്ങുന്ന അനുഭവമാണ് ഉണ്ടായത്. ഒരു കൂട്ടം യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നു. അവരുടെ കണ്ണീർ വീണ് എന്റെ കാലുകൾ പൊള്ളി. നട്ടുച്ച വെയിലത്ത് യുവതികൾ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ ചുട്ടുപൊള്ളുന്ന ടാർ റോഡിലൂടെ മുട്ടിന്മേൽ നീന്തി. അവരുടെ കാലുകൾ പൊട്ടി രക്തം പൊടിഞ്ഞു. ചിലർക്ക് ബോധക്ഷയം ഉണ്ടായി. പ്രിയ യുവസ്നേഹിതരേ, കേരളത്തിലെ ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട്. തീർച്ചയായും ഞാനും മുൻനിരയിൽ തന്നെ ഉണ്ടാകും.' ഉമ്മൻ ചാണ്ടി കുറിച്ചു.
മുട്ടിലിഴഞ്ഞും യാചിച്ചും സമരം ചെയ്തവരെ കാണാൻ ഉമ്മൻ ചാണ്ടി തിങ്കളാഴ്ച സമരവേദിയിൽ എത്തിയിരുന്നു. സമരക്കാരോട് സംസാരിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കൾ കൂട്ടത്തോടെ കാലിൽ വീണ് അപേക്ഷിച്ചത് ഒരുവേള ഉമ്മൻ ചാണ്ടിയെയും അമ്പരപ്പിച്ചു. പിടിച്ച് എഴുന്നേൽപ്പിക്കാൻ അദ്ദേഹം ശ്രമിക്കുമ്പോഴും യുവാക്കൾ അപേക്ഷ തുടരുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ